ചെന്നൈ: പുതിയ തമിഴ്‌സിനിമകളുടേതുള്‍പ്പടെ വ്യാജ വീഡിയോ സി.ഡി. തയ്യാറാക്കി വില്‍പ്പനയും വിതരണവും നടത്തിയ യുവാവിനെ പോലീസ് ഗുണ്ടാനിയമപ്രകാരം അറസ്റ്റ് ചെയ്തു. മാധവാരം മില്‍ക്ക് കോളനിക്കടുത്ത് താമസിക്കുന്ന പി. നിര്‍മല്‍ കുമാറി(30) നെയാണ് സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് ആന്റി പൈറസി സെല്‍ അറസ്റ്റ് ചെയ്തത്.
മാധവാരത്ത് വീട് വാടകക്കെടുത്താണ് ഇയാള്‍ വ്യാജ ഡി.വി.ഡി.കള്‍ തയ്യാറാക്കുന്നത്. 3,700 ഓളം വ്യാജ ഡി.വി.ഡികളും ഇവ തയ്യാറാക്കാനുപയോഗിക്കുന്ന ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തു.
തമിഴ്, ഇംഗ്ലൂഷ് സിനിമകള്‍ക്കൊപ്പം അശ്ലീല ചിത്രങ്ങളുടെ ഡി.വി.ഡി.കളും ഇയാള്‍ തയ്യാറാക്കിയതായി പോലീസ് അറിയിച്ചു.
അടുത്തിടെ റിലീസ് ചെയ്ത തമിഴ് ചിത്രങ്ങളായ മായ, 49.ഒ, സ്‌ട്രോബറി, യച്ചന്‍, പായുംപുലി, തനി ഒരുവന്‍ തുടങ്ങിയവയുടെ വ്യാജ ഡി.വി.ഡികളും പിടിച്ചെടുത്തിട്ടുണ്ട്. റോയപുരം, ബര്‍മബസാര്‍, രത്തന്‍ ബസാര്‍ തുടങ്ങി നഗരത്തിലെ വിവിധയിടങ്ങളിലാണ് നിര്‍മല്‍കുമാര്‍ വ്യാജ.സി.ഡികള്‍ എത്തിച്ചിരുന്നത്.