*ആത്മഹത്യശ്രമമെന്ന് റിപ്പോര്‍ട്ട്

മുംബൈ:
ഷീന ബോറ വധക്കേസില്‍ അറസ്റ്റിലായ ഇന്ദ്രാണി മുഖര്‍ജിയെ ഗുരുതരാവസ്ഥയില്‍ മുംബൈ ജെ.ജെ. ഹോസ്​പിറ്റലില്‍ പ്രവേശിപ്പിച്ചു. ആത്മഹത്യശ്രമമാണെന്നാണ് വിവരം. ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടോടെ പോലീസാണ് ഇന്ദ്രാണിയെ ആസ്​പത്രിയിലെത്തിച്ചതെന്ന് ആസ്​പത്രി ഡീന്‍ ടി.പി. ലഹാനെ അറിയിച്ചു. എന്തോ ഗുളികകള്‍ കഴിച്ചതാണ് പ്രശ്‌നമെന്നാണ് അവരെ പരിശോധിച്ച ഡോക്ടര്‍ പറഞ്ഞത്. നില വളരെ ഗുരുതരമാണ്. 24 മണിക്കൂര്‍ കഴിഞ്ഞു മാത്രമേ എന്തെങ്കിലും പറയാനാവൂ - അദ്ദേഹം വ്യക്തമാക്കി.
നാല്പത്തിമൂന്നുകാരിയായ ഇന്ദ്രാണി മുഖര്‍ജി മകള്‍ ഷീനബോറ കൊല്ലപ്പെട്ട കേസിലെ മുഖ്യപ്രതിയാണ്. ആഗസ്തില്‍ അറസ്റ്റിലായ അവര്‍ സപ്തംബര്‍ ഏഴു മുതല്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്നു.
ബൈക്കുളയിലെ വനിതാ ജയിലിലാണ് ഇന്ദ്രാണിയെ പാര്‍പ്പിച്ചിരുന്നത്. കടുത്ത ദേഹാസ്വാസ്ഥ്യമുണ്ടെന്ന് വെള്ളിയാഴ്ച ഉച്ചയോടെയാണ് ഇവര്‍ പരാതിപ്പെട്ടതെന്ന് ഡി.സി.പി. മോഹന്‍ ദഹികര്‍ പറഞ്ഞു. ഉടന്‍തന്നെ ആസ്​പത്രിയിലെത്തിക്കുകയും ചെയ്തു.
ഇന്ദ്രാണി, മുന്‍ഭര്‍ത്താവ് സഞ്ജീവ് ഖന്ന, ഡ്രൈവര്‍ ശ്യാംവര്‍ റായ് എന്നിവര്‍ ചേര്‍ന്ന് ഷീന ബോറയെ കൊലപ്പെടുത്തിയെന്നാണ് കേസ്. ആദ്യം മുംബൈ പോലീസ് അന്വേഷിച്ച കേസ് ഇപ്പോള്‍ സി.ബി.ഐ. ഏറ്റെടുത്തിരിക്കുകയാണ്.
മുന്‍ മീഡിയ എക്‌സിക്യുട്ടീവ് ആയ ഇന്ദ്രാണിയുടെ ഭര്‍ത്താവും സ്റ്റാര്‍ ഇന്ത്യ മുന്‍ സി.ഇ.ഒ.യുമായ പീറ്റര്‍ മുഖര്‍ജിയെയും ഈ കേസില്‍ ഒന്നിലേറെത്തവണ പോലീസ് ചോദ്യം ചെയ്തിരുന്നു.