റൂറലിലെ സി.ഐ.ഓഫീസുകളുടെ പരിധിമാറ്റത്തില്‍ അശാസ്ത്രീയത


കഴക്കൂട്ടം:
ടെക്‌നോ നഗരമായ കഴക്കൂട്ടം വ്യാഴാഴ്ച മുതല്‍ സിറ്റി പോലീസ് പരിധിയിലായി. ടെക്‌നോപാര്‍ക്ക് കഴക്കൂട്ടം സി.ഐ.ഓഫീസ് എന്നാണ് പുതിയ പേര്. എന്നാല്‍ റൂറല്‍ സി.ഐ. ഓഫീസുകള്‍ക്ക് കീഴിലെ പോലീസ് സ്റ്റേഷനുകള്‍ പരസ്​പരം മാറ്റിയത് അശാസ്ത്രീയമായിട്ടാണെന്നും പരാതിയുണ്ട്.
കഴക്കൂട്ടം സി.ഐ.ഓഫീസിന് കീഴില്‍ തുമ്പ പോലീസ് സ്റ്റേഷന്‍കൂടി ചേര്‍ത്തു. ശംഖുംമുഖം എ.സി. ഓഫീസിന് കീഴിലാണ് കഴക്കുട്ടം സി.ഐ. ഇതോടെ ടെക്‌നോ പാര്‍ക്കിന്റെ എല്ലാ മേഖലയും സിറ്റി പോലീസിന് കീഴിലായി.
കഴക്കൂട്ടം സി.ഐ. ഓഫീസിന് കീഴിലായിരുന്ന പോത്തന്‍കോട് സ്റ്റേഷനും വെഞ്ഞാറമൂട് സി.ഐ.ക്ക് കീഴിലുണ്ടായിരുന്ന വട്ടപ്പാറയും ചേര്‍ത്ത് പോത്തന്‍കോട്ട് പുതിയ സി.ഐ. ഓഫീസ് രൂപവത്കരിക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായി കഠിനംകുളം, മംഗലപുരം, പാങ്ങോട് സ്റ്റേഷനുകളെ വിവിധ സി.ഐ. ഓഫീസുകളിലേക്ക് മാറ്റിയതാണ് പരാതികള്‍ക്കിടയാക്കിയത്.
പല പോലീസ് സ്റ്റേഷനുകളും സി.ഐ. ഓഫീസുകളില്‍ നിന്ന് 20 കിലോമീറ്ററോളം അകലെയായി. ജനങ്ങള്‍ക്ക് എത്താനുള്ള പൊതുവാഹന സൗകര്യവും ഇല്ല. സാധാരണ കര്‍ഷകരും മത്സ്യത്തൊഴിലാളികളും തിങ്ങിപ്പാര്‍ക്കുന്ന മേഖലകളിലെ സ്റ്റേഷനുകളെയാണ് ഇത്തരത്തില്‍ മാറ്റിയിട്ടുള്ളത്. കേസുകളുടെ കാര്യങ്ങള്‍ക്കായി കിലോമീറ്ററുകള്‍ സഞ്ചരിക്കേണ്ടി വരുന്നതും വേണ്ടത്ര വാഹന സൗകര്യമില്ലാത്ത സ്ഥലങ്ങളുമാണെന്നതുമാണ് പ്രധാന പ്രശ്‌നം.
കഴക്കൂട്ടം സി.ഐ. ഓഫീസ് പരിധിയിലായിരുന്ന മംഗലപുരം പോലീസ് സ്റ്റേഷന്‍ ആറ്റിങ്ങല്‍ സി.ഐ. ഓഫീസ് പരിധിയിലും കഠിനംകുളം സ്റ്റേഷന്‍ കടയ്ക്കാവൂര്‍ സി.ഐ.ഓഫീസിന് കീഴിലുമാക്കി. കിളിമാനൂര്‍ സി.ഐ. ഓഫീസ് പരിധിയിലായിരുന്ന പാങ്ങോട് പോലീസ് സ്റ്റേഷന്‍ വെഞ്ഞാറമൂട് സി.ഐ. ഓഫീസിന് കീഴിലാക്കി.
കഠിനംകുളം പോലീസ് സ്റ്റേഷന്‍ പരിധി കോര്‍പ്പറേഷന്‍ അതിര്‍ത്തിയായ പള്ളിത്തുറ വരെയാകും. ഇവിടെ നിന്ന് കടയ്ക്കാവൂരില്‍ എത്തണമെങ്കില്‍ 20 കിലോമീറ്ററോളം ദൂരം വരും. സാധാരണക്കാരായ മത്സ്യത്തൊഴിലാളികളാണ് ഈ മേഖലയിലുള്ളത്. പെരുമാതുറ പാലം വന്നെങ്കിലും ഇതു വഴി വേണ്ടത്ര ബസ് സര്‍വീസ് ആരംഭിച്ചിട്ടില്ല. കഠിനംകുളത്ത് നിന്ന് അഞ്ചുതെങ്ങില്‍ ഇറങ്ങി അടുത്ത ബസ് കയറി വേണം ഇവര്‍ക്ക് കടയ്ക്കാവൂരില്‍ എത്താന്‍. അല്ലെങ്കില്‍ കഴക്കൂട്ടം-ആറ്റിങ്ങല്‍ വഴി ചുറ്റിപ്പോകണം.
ഇതേ അവസ്ഥയാണ് പാങ്ങോട് നിന്ന് വെഞ്ഞാറമൂട് എത്താനും. കൊല്ലം ജില്ലയുടെ അതിര്‍ത്തിപ്രദേശം വരെ പാങ്ങോട് പോലീസ് സ്റ്റേഷന്‍ പരിധിയിലാണ്. ഇവിടെ നിന്ന് വെഞ്ഞാറമൂട്ടില്‍ എത്താനും 20 കിലോമീറ്ററിലേറെ ദൂരമുണ്ട്. സാധാരണ കര്‍ഷകരാണ് ഈ മേഖലയില്‍ കൂടുതലും.
മംഗലപുരം സ്റ്റേഷന്‍ പരിധി കഴക്കൂട്ടം വെട്ടുറോഡ് വരെയാണ്. ദേശീയപാത ആയതിനാല്‍ വാഹന സൗകര്യം ലഭ്യമാണെങ്കിലും ആറ്റിങ്ങലില്‍ കേസുകള്‍ ഏറെയാണ്. ഇതിനിടയില്‍ ഒരു പോലീസ് സ്റ്റേഷന്‍ കൂടി വരുന്നത് ഉദ്യാഗസ്ഥരുടെ ജോലി ഭാരം വര്‍ദ്ധിപ്പിക്കും.