മുന്നറിയിപ്പ് ബോര്‍ഡുകളില്ല
എതിര്‍ദിശയില്‍നിന്നുള്ള വാഹനങ്ങള്‍ കാണാനാവില്ല
അമിതവേഗവും അപകടകാരണം

കൊപ്പം: പട്ടാമ്പി-പുലാമന്തോള്‍ പാതയിലെ ആമയൂര്‍ വളവില്‍ അപകടമൊഴിയുന്നില്ല. അപകടം പതിവായിട്ടും മുന്നറിയിപ്പ് ബോര്‍ഡുകളോ മറ്റ് സിഗ്നല്‍ സംവിധാനങ്ങളോ സ്ഥാപിച്ചില്ല. ആമയൂര്‍ സ്‌കൂള്‍മുതല്‍ തൃത്താല കൊപ്പംവരെയുള്ള ഭാഗങ്ങളിലാണ് അപകടഭീഷണി കൂടുതല്‍. വാഹനങ്ങളുടെ അമിതവേഗമാണ് പ്രധാനകാരണം.
എതിര്‍ദിശയില്‍നിന്നുവരുന്ന വാഹനങ്ങള്‍ കാണാന്‍ കഴിയാത്തതും വളവില്‍ അമിതവേഗവും മുന്നിലെ വാഹനങ്ങളെ മറികടക്കാനുള്ള ശ്രമവുമാണ് പലപ്പോഴും അപകടമുണ്ടാക്കുന്നത്. വ്യാഴാഴ്ചരാവിലെ അപകടത്തില്‍ യുവാവ് മരിച്ചതും ഇത്തരത്തില്‍ത്തന്നെയാണ്. വളവില്‍ മുന്നിലെ വാഹനത്തെ മറിക്കടക്കാന്‍ ലോറി ശ്രമിക്കുന്നതിനിടെയാണ് എതിരെവന്ന ബൈക്കിലിടിച്ചത്.
ആമയൂര്‍ സ്‌കൂളിന് മുന്നില്‍ മോട്ടോര്‍വാഹനവകുപ്പ് നിരിക്ഷണ കാമറ സ്ഥാപിച്ചിട്ടുണ്ട്. വാഹനങ്ങളുടെ അമിതവേഗം നിയന്ത്രിക്കാനാണ് കാമറ വെച്ചതെങ്കിലും ഒരുവര്‍ഷമായിട്ടും ഫലമൊന്നുമുണ്ടായില്ല.