ആറന്മുള: പാര്‍ഥസാരഥിയുടെ ഇഷ്ടവഴിപാടായ വള്ളസദ്യകള്‍ വെള്ളിയാഴ്ച സമാപിക്കും.
അഭീഷ്ടകാര്യസിദ്ധിക്കും സന്താനലബ്ധിക്കും സര്‍പ്പദോഷ പരിഹാരത്തിനുമായി തിരുവാറന്മുളയപ്പന് ഭക്തര്‍ സമര്‍പ്പിക്കുന്ന പ്രധാന വഴിപാടാണ് വള്ളസദ്യ.
79നാള്‍ മുമ്പ് ആരംഭിച്ച ഈ വര്‍ഷത്തെ വഴിപാടുകളില്‍ 461 വള്ളസദ്യകള്‍ നടന്നു. ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് എ.വി. രാമകൃഷ്ണപിള്ള, ജസ്റ്റിസ് ആഷ, ജസ്റ്റിസ് ശേഷാദ്രി നായിഡു, കലാമണ്ഡലം വൈസ്ചാന്‍സലര്‍ പി.എന്‍.സുരേഷ്, യു.ജി.സി. മുന്‍ചെയര്‍മാന്‍ ഡോ. വി.എന്‍.രാജശേഖരന്‍പിള്ള, സംവിധായകന്‍ പ്രിജിത്ത്, നടന്‍ സുരേഷ്‌ഗോപി തുടങ്ങി നിരവധി പ്രമുഖര്‍ വഴിപാട്‌സദ്യ നടത്തി.
തിരുവാറന്മുളയപ്പന് പള്ളിയോടം സമര്‍പ്പിച്ച 51 കരകള്‍ക്ക് ഇനി വിശ്രമം. അടുത്ത ഓണക്കാലത്തെ വരവേല്‍ക്കാനും 51 കരകളുടെ ദേശദേവനായ പാര്‍ഥസാരഥിയെ പള്ളിയോടത്തിലെത്തി ദര്‍ശിക്കാനുമുള്ള കാത്തിരിപ്പാണ് കരക്കാര്‍ക്ക്.