ചികിത്സയിലൂടെ ഗര്‍ഭിണിയായ ആളാണ് ഞാന്‍. ഇപ്പോള്‍ അഞ്ച് മാസമായി. ആദ്യം സ്‌കാന്‍ ചെയ്ത ഡോക്ടര്‍ പറഞ്ഞത്, ഇരട്ടക്കുട്ടികളാണ്, മറ്റു കുഴപ്പങ്ങളൊന്നുമില്ല എന്നാണ്. ഒരു കുട്ടിയുടെ അനക്കം നിന്നുപോയെന്നാണ് ഇപ്പോള്‍ സ്‌കാനിങ്ങില്‍ അറിഞ്ഞത്. മറ്റേ കുട്ടിയേയും കിട്ടാന്‍ സാധ്യത കുറവാണെന്ന് ഡോക്ടര്‍ പറയുന്നു. എന്തുകൊണ്ടാണിങ്ങനെ സംഭവിച്ചത്? ഇതു നേരത്തെ കണ്ടുപിടിക്കാനാവുമായിരുന്നോ?

ശുഭശ്രീ, കോട്ടയ്ക്കല്‍ ഭൂരിഭാഗം ഗര്‍ഭധാരണവും ഏകഭ്രൂണമായി മാറി ഏകശിശുവായി വളരുന്നു. എന്നാല്‍ 80 ഗര്‍ഭിണികളില്‍ ഒരാള്‍ എന്ന കണക്കില്‍ ഇരട്ടക്കുട്ടികള്‍ ഉണ്ടാവുന്നു. ഇരട്ടക്കുട്ടികള്‍ ഉണ്ടാവുന്നത് രണ്ടുവിധത്തിലാണ്. ഭൂരിഭാഗം ഇരട്ടകളും രണ്ടു വ്യത്യസ്ത അണ്ഡങ്ങള്‍ രണ്ടു വ്യത്യസ്ത ബീജങ്ങളുമായി ചേര്‍ന്ന് ഉണ്ടാവുന്നവയാണ്. എന്നാല്‍ നാല്‍പതു ശതമാനത്തോളം ഇരട്ടകള്‍ ഏക അണ്ഡവും ഏക ബീജവും ചേര്‍ന്നുണ്ടാവുന്ന ഏകഭ്രൂണം സ്വയം പിളര്‍ന്ന് രണ്ടായി മാറി ഇരട്ടകളാവുന്നു. രണ്ടു വ്യത്യസ്ത ഭ്രൂണങ്ങളായി വളര്‍ച്ച പ്രാപിക്കുന്ന ഇരട്ടകള്‍ ഗര്‍ഭപാത്രത്തിനുള്ളില്‍ വെവ്വേറെ അറകളിലായി സ്ഥിതി ചെയ്യുന്നു. ഇവര്‍ക്ക് ഓക്‌സിജന്‍, വളരാന്‍ ആവശ്യമായ പോഷകം എന്നിവ എത്തിക്കാനായി സ്വന്തമായി വ്യത്യസ്ത മറുപിള്ളയും ഉണ്ടാവും. അതുകൊണ്ടുതന്നെ പ്രശ്‌നങ്ങളും താരതമ്യേന കുറവാണ്. ഏകഭ്രൂണം പിളര്‍ന്നുണ്ടാവുന്ന ഇരട്ടകളിലാണ് പ്രശ്‌നങ്ങള്‍ കൂടുതലായി കണ്ടുവരുന്നത്. ഏകഭ്രൂണം പിളര്‍ന്നു ഇരട്ടയാവുന്ന പ്രക്രിയ അതിസങ്കീര്‍ണമാണ്. മാത്രമല്ല ഗര്‍ഭകാലത്തു ഇരട്ടകളുടെ ഘടന, വളര്‍ച്ച, മറ്റുപ്രശ്‌നങ്ങള്‍ എന്നിവ നിര്‍ണയിക്കപ്പെടുന്നത് ഭ്രൂണം പിളരുന്ന സമയം അനുസരിച്ചാണ്. ഗര്‍ഭധാരണം നടന്ന് മൂന്നു ദിവസത്തിനുള്ളിലാണ് പിളരുന്നതെങ്കില്‍ രണ്ടു വ്യത്യസ്തശിശുക്കളായി വളരുന്നു. എന്നാല്‍ നാല് ദിവസത്തിനുശേഷമാണ് പിളരുന്നതെങ്കില്‍ പ്രശ്‌നങ്ങള്‍ ധാരാളമാണ്. കാരണം രണ്ടുപേര്‍ക്കും കൂടി ഒരു മറുപിള്ള മാത്രമേയുള്ളൂ. പങ്കുവെക്കപ്പെടുന്ന ഒറ്റ മറുപിള്ള മൂലമാണ് ഇത്തരം ഗര്‍ഭസ്ഥശിശുക്കളില്‍ പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുന്നതും. ഏകഭ്രൂണം പിളര്‍ന്നുണ്ടാവുന്ന ശിശുക്കളില്‍ മറുപിള്ളയുടെ ഓരോഭാഗം, ഓരോ ഇരട്ടകള്‍ക്കും വേര്‍തിരിക്കപ്പെട്ടിട്ടുണ്ട്. ചില ഗര്‍ഭധാരണത്തില്‍ ഇവയിലെ രക്തക്കുഴലുകള്‍ ഒരേ ദിശയില്‍ ശിശുക്കളിലേക്ക് ഒഴുകുന്നതിനുപകരം, ഇവ തമ്മില്‍ ബന്ധം ഉണ്ടാവുന്നു. ഇതുമൂലം രക്തം വേണ്ട അളവില്‍ രണ്ടാള്‍ക്കും ലഭിക്കാതെ വരുന്നു. ഓക്‌സിജന്‍, പോഷകം എന്നിവ വേണ്ട അളവില്‍ ലഭിക്കാതെ വരുമ്പോള്‍ ശിശുക്കളുടെ വളര്‍ച്ചയേയും ജീവനെയും പ്രതികൂലമായി ബാധിക്കുന്നു. രക്തക്കുഴലുകള്‍ പരസ്പരം ഒന്നിക്കുന്നതുമൂലം ഒരാള്‍ക്കു ലഭിക്കേണ്ട രക്തം കൂടി മറ്റേ ഇരട്ടയിലേക്ക് ഒഴുകുന്നു. ദാതാവായ ശിശുവിന്റെ വളര്‍ച്ച കുറയുകയും അതിനു ചുറ്റുമുള്ള ദ്രാവകം കുറയുകയും ചെയ്യുന്നു. ഇതുമൂലം ആവശ്യപോഷണം, ഓക്‌സിജന്‍ ഇവ ലഭിക്കാതെ ദാതാവായ ശിശുവിന്റെ വളര്‍ച്ച മുരടിക്കുന്നു. പതിയെ മരണം സംഭവിക്കുകയും ചെയ്യുന്നു. അധികം രക്തം സ്വീകരിക്കേണ്ടിവരുന്ന ശിശു, അതു കൈകാര്യം ചെയ്യാനാവാതെ ക്രമേണ മരണത്തിലേക്ക് അടുക്കുന്നു. കൃത്യസമയത്ത് ഈ പ്രശ്‌നങ്ങള്‍ കണ്ടുപിടിച്ച് പരിഹരിക്കാനായാല്‍ ഇരട്ടകളെ രക്ഷപ്പെടുത്താനാവും.

പ്രശ്‌നങ്ങള്‍ കണ്ടെത്താം ഗര്‍ഭം അഞ്ചു ആഴ്ചയാവുമ്പോള്‍ അതായത് മാസമുറ തെറ്റി ഒരാഴ്ച കഴിയുമ്പോള്‍ സ്‌കാന്‍ വഴി ഗര്‍ഭസ്ഥശിശുക്കളുടെ എണ്ണം നിര്‍ണയിക്കാനാവും. ആറാഴ്ച ആവുമ്പോഴേക്കും ഹൃദയമിടിപ്പും കാണാനാവും. ഇരട്ടകളാണെന്നു കണ്ടാല്‍ അവ ഏതുതരം ഇരട്ടകളാണെന്നും മൂന്നുമാസം ആവുന്നതിനുമുമ്പേ തിരിച്ചറിയേണ്ടതുണ്ട്. വിദഗ്ദ്ധനായ സോണോളജിസ്റ്റിന് ഇത് എളുപ്പം കണ്ടുപിടിക്കാനാവും. ഏകഭ്രൂണം പിളര്‍ന്നുണ്ടായ ഇരട്ടകളാണെന്നു മനസ്സിലാക്കിയാല്‍ നാല് മാസം തികയന്നതു മുതല്‍ ആഴ്ചയിലൊരിക്കല്‍ സ്‌കാന്‍ ചെയ്ത് ഇവയുടെ വളര്‍ച്ച, ഫ്ലായിഡി ന്റെ അളവ് എന്നിവ കൃത്യമായി മനസ്സിലാക്കണം. സംശയം തോന്നിയാല്‍ രക്തത്തിന്റെ ഒഴുക്ക് മനസ്സിലാക്കാനായി ഡോപഌ പരിശോധന വേണ്ടിവരും.