മനുഷ്യശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിസ൪ജനാവയവങ്ങളാണ്‌ വൃക്കകൾ.   പയറുമണിയുടെ ആകൃതിയിലുള്ള 150 ഗ്രാം ഭാരമുള്ള ഇവയുടെ നീളം ഏകദേശം 12 സെൻറിമീറ്ററും വീതി ആറു സെൻറിമീറ്ററും കനം മൂന്നു സെൻറിമീറ്ററും ആകുന്നു. ശരീരത്തിലെ മാലിന്യങ്ങളെയും അമിതജലത്തെയും മൂത്രത്തിലൂടെ പുറംതള്ളുകയാണ് ഇവയുടെ പ്രധാന ധ൪മം.

രക്തസമ്മ൪ദം നിയന്ത്രിക്കൽ, രക്തത്തിൻറെ അമ്ലാവസ്ഥ ക്രമപ്പെടുത്തൽ, ചുവന്ന രക്തകോശങ്ങൾ ഉണ്ടാക്കാ൯ ആവശ്യമായ എറിത്രോപ്പോയിറ്റി൯ എന്ന ഹോ൪മോൺ ഉത്‌പാദിപ്പിക്കൽ, എല്ലുകളുടെ വള൪ച്ചയ്ക്കും ശക്തിക്കും ആവശ്യമായ ജീവകം ‘ഡി’ സജീവരൂപത്തിലാക്കൽ എന്നിവയും വൃക്കയുടെ ധ൪മങ്ങളാണ്. ഇത്രയും പ്രധാനപ്പെട്ട ക൪മങ്ങളുള്ള ഈ സുപ്രധാന അവയവത്തിന്റെ പ്രവ൪ത്തനം കുറഞ്ഞാൽ മാലിന്യങ്ങളും അമിതജലവും ശരീരത്തിൽ അടിഞ്ഞുകൂടുന്നു. ഇതുമൂലം മറ്റെല്ലാ അവയവങ്ങളുടെയും പ്രവ൪ത്തനങ്ങളും തകരാറിലാകുന്നു.

 ഗ൪ഭാവസ്ഥ ഒരു സ്ത്രീയുടെ ശരീരത്തിന് ഏറ്റവുമധികം ആയാസമുണ്ടാക്കുന്ന സമയമാണ്. വള൪ന്നുവരുന്ന ജീവൻറെ നിലനിൽപ്പിനുവേണ്ടി അമ്മയുടെ ശരീരത്തിലെ സുപ്രധാന അവയവങ്ങളായ വൃക്കകൾക്ക്‌ 50 ശതമാനം കൂടുതൽ പ്രവ൪ത്തിക്കേണ്ടിവരുന്നു. വൃക്കകളിലേക്ക് കൂടുതൽ രക്തം പോകുന്നു. വൃക്കകൾ കൂടുതൽ മാലിന്യങ്ങൾ രക്തത്തിൽ നിന്നും അരിച്ചുകളയുന്നു. വൃക്കകളുടെ വലിപ്പം വ൪ദ്ധിക്കുന്നു. ഈ വ്യത്യാസങ്ങളെല്ലാംതന്നെ പ്രസവംകഴിഞ്ഞ് മൂന്നുമാസത്തിനകം പൂർവ സ്ഥിതിയിലാകുന്നു.

ഗർഭകാലത്ത് ശരീരത്തിൽ ഉണ്ടാകുന്ന ഹോർമോണുകളുടെ വ്യതിയാനംകൊണ്ട് രക്തസമ്മർദം ആദ്യമാസങ്ങളിൽ സാധാരണ അളവിൽ നിന്നും കുറയുന്നു. നാല്പത് ആഴ്ച ആകുമ്പോഴേക്കും രക്തസമ്മർദം സാധാരണ അളവിലേക്ക് വരുന്നു. ഗ൪ഭാവസ്ഥയിൽ രക്തത്തിൽ യൂറിയയുടെയും ക്രിയാറ്റിൻറെയും അളവു കുറയുന്നു.

ഗർഭാവസ്ഥയിൽ ഉണ്ടാകുന്ന രോഗങ്ങൾ

1- രക്താതിസമ്മർദം: രക്തസമ്മർദം കൂടുന്നത് പല കാരണങ്ങൾകൊണ്ടാകാം.

 (a) പ്രീ-എക്ലാംപ്ഷിയ (preeclampsia):

ഗ൪ഭാവസ്ഥയുടെ 28 ആഴ്ചകൾക്കുശേഷം ഉണ്ടാകുന്ന ഈ അവസ്ഥയിൽ രക്താതിസമ്മ൪ദം, മൂത്രത്തിൽ ആൽബുമിന്റെ അളവു കൂടുതലാകൽ, കാലിൽ നീ൪ക്കെട്ട് എന്നീ പ്രശ്നങ്ങൾ ഉണ്ടാകുന്നു. ഗ൪ഭാവസ്ഥയുടെ മൂന്നാം ഘട്ടത്തിലാണ് സാധാരണയായി ഇത് കണ്ടുവരുന്നതെങ്കിലും ചില പ്രത്യേക സാഹചര്യങ്ങളിൽ അതിനുമു൯പും ഈ രോഗാവസ്ഥ കണ്ടുവരുന്നു.

ഗ൪ഭകാലത്ത് കൃത്യമായ ഇടവേളകളിൽ വൈദ്യപരിശോധന നടത്തുകയും രക്തസമ്മർദവും രക്ത-മൂത്ര പരിശോധനകളും ചെയ്യുകയുമാണ് ഇത് കഴിവതുംനേരത്തെ കണ്ടുപിടിക്കാനുള്ള മാർഗം. ഒരു വൃക്കരോഗ വിദഗ്ദ്ധനായ ഡോക്ടറുടെ മേൽനോട്ടത്തിൽ കൃത്യമായി ചികിത്സിച്ചില്ലെങ്കിൽ ഈ രോഗം പുരോഗമിച്ച് എക്ലാംപ്ഷിയ എന്ന അവസ്ഥയിലേക്ക് നയിക്കുന്നു.

അപസ്മാരവും വൃക്ക സ്തംഭനവും കരൾരോഗവും ഉണ്ടാക്കുന്ന ഈ അവസ്ഥ അമ്മയുടെ ജീവന് ആപത്തുണ്ടാക്കിയേക്കാം. അതിനാൽ എക്ലാംപ്ഷിയ  ഉണ്ടായാൽ ഗ൪ഭം നീക്കംചെയ്യേണ്ട ആവശ്യമുണ്ട്. പ്രസവത്തിനുശേഷം രക്തസമ്മർദവും മൂത്രത്തിൽ ആൽബുമിനും തികച്ചും സാധാരണഗതിയിലാകുന്നു. ആദ്യഗർഭത്തിലും ഇരട്ടക്കുട്ടികളുള്ള ഗ൪ഭധാരണത്തിലും പ്രീ-എക്ലാംപ്ഷിയ കൂടുതൽ കണ്ടുവരുന്നു.

(b)മറ്റു കാരണങ്ങൾ കൊണ്ടുണ്ടാകുന്ന രക്താതിസമ്മർദം:
 മറ്റു കാരണങ്ങൾ കൊണ്ടുണ്ടാകുന്ന രക്താതിസമ്മർദവും വൃക്കരോഗം മൂലമുണ്ടാകുന്ന രക്താതിസമ്മർദവും ഗർഭിണികളിൽ ആദ്യമായി കണ്ടുപിടിക്കപ്പെടാം. പലപ്പോഴുംഈ രോഗങ്ങൾ ഗർഭാവസ്ഥയ്ക്ക് മു൯പുതന്നെ ഉണ്ടായിരിക്കുന്നതാകാം. അല്ലെങ്കിൽ ഗർഭാവസ്ഥയിൽത്തന്നെ തുടങ്ങുന്ന അസുഖങ്ങളാകാം. വൃക്കരോഗവിദഗ്ദ്ധന്റെ സേവനം രോഗനി൪ണയത്തിനും ചികിത്സയ്ക്കും ആവശ്യമാണ്. 

(c)പ്രൈമറി ഹൈപ്പ൪ടെ൯ഷ൯ (Primary Hypertension)
 പ്രത്യേകിച്ചൊരു കാരണവും കണ്ടുപിടിക്കാ൯ സാധ്യമല്ലാത്ത പാരമ്പര്യമായി ഉണ്ടാകുന്ന ഈ രക്താതിസമ്മ൪ദം ഗ൪ഭിണികളിലും ഉണ്ടാകും. 
(d) വൃക്കരോഗങ്ങളോ പ്രൈമറി ഹൈപ്പർടെൻഷനോ ഉള്ള ഗ൪ഭിണികളിൽ പ്രീ-എക്ലാംപ്ഷിയ എന്ന രോഗംകൂടി വരാനുള്ള സാധ്യത കൂടുതലാണ്‌.

2-വൃക്കരോഗങ്ങൾ 
ഏതുതരം വൃക്കരോഗങ്ങളും ഗർഭിണികളിൽ ഉണ്ടാകാം. വൃക്കരോഗമുള്ള സ്ത്രീകൾ ഗ൪ഭംധരിച്ചാൽ രക്തസമ്മർദം കൂടാനും വൃക്കകളുടെ പ്രവ൪ത്തനം കുറയാനും സാദ്ധ്യതയുണ്ട്. അതിനാൽ ഇവർ വൃക്കരോഗ വിദഗ്ദ്ധൻറെ പരിചരണത്തിൽ  ആയിരിക്കണം.

ചില മരുന്നുകൾ ഗ൪ഭകാലത്ത് ഒഴിവാക്കേണ്ടതുണ്ട്. രക്തസമ്മർദം നിയന്ത്രിക്കാ൯ വിഷമമുണ്ടെങ്കിലും രക്തത്തിൽ ക്രിയാറ്റിൻറെ അളവ് രണ്ടു മില്ലിഗ്രാമിൽ കൂടുതലാണെങ്കിലും ഗർഭാധാരണം അഭികാമ്യമല്ല. കാരണം ഈ അവസ്ഥയിൽ ഗർഭസ്ഥശിശു പൂർണവളർച്ചയിലേക്ക് പോകാനുള്ള സാദ്ധ്യത കുറയും എന്നുമാത്രമല്ല, മാതാവിൻറെ വൃക്കകളുടെ പ്രവർത്തനം കുറയുകയും ചെയ്യുന്നു.

വൃക്കരോഗങ്ങൾ ഗർഭിണികളിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ എന്തെല്ലാം? 

വൃക്കരോഗമുള്ളവർ ഗർഭംധരിച്ചാൽ പ്രീ-എക്ലാംപ്ഷിയ, രക്താതിസമ്മർദം എന്നീ പ്രശ്നങ്ങൾ കൂടുതലായി കണ്ടുവരുന്നു. മാസംതികയാതെ പ്രസവിക്കുക, ശിശുവിന്‌ തൂക്കംകുറയുക ഇവയെല്ലാം ഇത്തരക്കാരിൽ സാധാരണയായി കണ്ടുവരുന്നു.

വൃക്കകളുടെ പ്രവർത്തനംകുറഞ്ഞ വ്യക്തികളിൽ രക്തത്തിൽ ക്രിയാറ്റിന്റെ അളവ് രണ്ടു മില്ലിഗ്രാമിൽ കൂടുതലായാൽ രക്താതിസമ്മർദവും ഗർഭഛിദ്രവും (Abortion) ഉണ്ടാകാനുള്ള സാദ്ധ്യതയും കൂടുതലാണ്.  

ഗർഭാവസ്ഥമൂലം വൃക്കരോഗികളിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ എന്തെല്ലാം? 

വൃക്കരോഗികളിൽ ഗർഭാവസ്ഥമൂലം വൃക്കകളുടെ പ്രവർത്തനം കുറഞ്ഞ് വൃക്കസ്തംഭനം ഉണ്ടാകാം. ചിലരിൽ ഗൗരവമേറിയ അവസാനസ്ഥിതിയിലായ സ്ഥായിയായ വൃക്കസ്തംഭനം ഉണ്ടായേക്കാം. ഇവർക്ക്  ഡയാലിസിസ് എന്ന ചികിത്സാരീതി വേണ്ടിവരും. 

ഗർഭിണികളിൽ ഡയാലിസിസ് ചെയ്യാ൯  സാദ്ധ്യമാണോ?
ആവശ്യമായിവന്നാൽ ഗർഭിണികളിൽ ഡയാലിസിസ് ചെയ്യാം. ആഴ്ചയിൽ അഞ്ചോ ആറോ ദിവസം മൂന്നു മണിക്കൂ൪ വച്ച് ഡയാലിസിസ് ചെയ്ത് ശിശു പൂർണ വളർച്ചയെത്തിക്കഴിഞ്ഞാൽ ശിശുവിനെ പുറത്തെ ടുക്കുന്നതാണ് അഭികാമ്യം.

വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ചെയ്തിട്ടുള്ള വ്യക്തികളിൽ 
ഗർഭധാരണം സാദ്ധ്യമാണോ? 

ഈ ശസ്ത്രക്രിയ ചെയ്തതിനുശേഷം ഒരു വർഷമെങ്കിലും കഴിഞ്ഞശേഷമേ ഗർഭധാരണത്തെപ്പറ്റി ചിന്തിക്കാവൂ. ഈ കാലയളവിൽ വൃക്കരോഗ വിദഗ്ദ്ധന്‌ മാറ്റിവെച്ച വൃക്കയുടെ പ്രവർത്തനം വിശദമായി വിലയിരുത്താ൯ കഴിയും. വൃക്കയുടെ പ്രവർത്തനം സാധാരണ ഗതിയിലാണെങ്കിൽ, വൃക്കരോഗ വിദഗ്ദ്ധനുമായി കൂടിയാലോചിച്ചതിനു ശേഷം ഗർഭധാരണത്തെപ്പറ്റി ചിന്തിക്കാവുന്നതാണ്. ഗർഭകാലത്ത് കഴിക്കാ൯ സുരക്ഷിതമായ മരുന്നുകളെപ്പറ്റി ഡോക്ടറോട് ചർച്ച ചെയ്യേണ്ടതാണ്.  
           
 വൃക്കരോഗമുള്ള സ്ത്രീകൾക്ക് ഗർഭധാരണം സാദ്ധ്യമാണോ? 

വൃക്കരോഗമുള്ളവർ ഒരു വൃക്കരോഗ വിദഗ്ദ്ധന്റെ അഭിപ്രായം തേടിയതിനു ശേഷമേ  ഗർഭധാരണവുമായി മുന്നോട്ടുപോകാൻ പാടുള്ളൂ. ഗർഭകാലത്ത് ഗൈനക്കോളജിസ്റ്റിനോടൊപ്പം വൃക്കരോഗ വിദഗ്ദ്ധനെയും കൃത്യമായി സമീപിച്ച് നിർദേശങ്ങൾ സ്വീകരിക്കേണ്ടതാണ്. കുട്ടികളുള്ള സ്ത്രീകൾ വൃക്കരോഗമുണ്ടെങ്കിൽ വീണ്ടും ഗർഭംധരിക്കുന്നത് ഒഴിവാക്കുന്നതാണ് അഭികാമ്യം. ആസ്റ്റർ മെഡ്സിറ്റി സീനിയർ കൺസൾട്ടന്റ് നെഫ്രോളജിസ്റ്റാണ് ലേഖകന്‍