ജീവിത ശൈലിയിലെയും ഭക്ഷണക്രമത്തിലെയും മാറ്റം മൂലം ലോകത്താകമാനമുള്ള ദമ്പതികള്‍ അനുഭവിക്കുന്ന പ്രധാന ആരോഗ്യ പ്രശ്‌നമാണ് വന്ധ്യത. ഇത്തരക്കാര്‍ക്കായി വന്ധ്യതാ ക്ലിനിക്കുകള്‍ വലിയ തോതില്‍ വളര്‍ന്ന് വരുന്നുണ്ടെങ്കിലും വന്ധ്യതയുടെ ശരിയായ കാരണങ്ങള്‍ പലര്‍ക്കും അറിയില്ലെന്നാണ് യാഥാര്‍ഥ്യം. സ്ത്രീകളിലും പുരുഷന്‍മാരിലും വ്യത്യസ്ത കാരണങ്ങള്‍ കൊണ്ടാണ് വന്ധ്യതയുണ്ടാകുന്നത്. പുരുഷ വന്ധ്യതയ്ക്കുള്ള പ്രധാന കാരണങ്ങള്‍ നോക്കാം

ബീജത്തിലെ പ്രശ്‌നങ്ങള്‍

രതിമൂര്‍ച്ചയുടെ സമയത്ത് പുരുഷ ലിംഗത്തില്‍ നിന്നും പുറത്ത് വരുന്ന ശുക്ലത്തില്‍ നിന്നാണ് പുരുഷ ബീജം ഉണ്ടാവുന്നത്. പ്രോസ്‌റ്റേറ്റ് ഗ്രന്ഥി, സെമിനല്‍ വെസിക്കിള്‍, മറ്റ് ലൈംഗിക ഗ്രന്ഥികള്‍ എന്നിവയില്‍ നിന്നാണ് ഇത് പുറത്ത് വരുന്നത്. ശുക്ലത്തിലെ അപാകങ്ങള്‍, ലൈംഗീക ബന്ധത്തിലെ അപാകങ്ങള്‍ എന്നിവയാണ് പരുഷ വന്ധ്യതയ്ക്കുള്ള പ്രധാന കാരണം. ഇതിന് പുറമെ ബീജസംഖ്യയിലെ കുറവും വന്ധ്യതയ്ക്ക് കാരണമാകാറുണ്ട്. ഒരു മില്ലി ലിറ്റര്‍ ശുക്ലത്തില്‍ ഒന്നരക്കോടിയിലേറെ ബീജങ്ങള്‍ ഉണ്ടാവുന്നുവെന്നാണ് കണക്ക്. എന്നാല്‍ ചിലരില്‍ ഇതിന്റെ അളവ് കുറയുന്നതാണ് പ്രശ്‌നകാരണമാകുന്നത്. 

അസൂസ്‌പേര്‍മിയ

ശുക്ലത്തില്‍ ബീജമില്ലാത്ത അവസ്ഥയെ ആണ് അസൂസ്‌പേര്‍മിയ എന്നറിയപ്പെടുന്നത്. ചിലരുടെ ശുക്ലത്തില്‍ ബീജം ഒട്ടും കാണപ്പെടാറില്ല. ഇത് ചികിത്സയിലൂടെ ഭേദമാക്കാമെങ്കിലും പെട്ടെന്ന് തിരിച്ചറിയുകയാണ് ആദ്യം വേണ്ടത്. രണ്ട് തരത്തിലുള്ള അസൂസ്‌പേര്‍മിയ ആണ് പ്രധാനമായും കാണപ്പെടുന്നത്. ഒബ്‌സ്ട്രക്റ്റീവ് അസൂസ്‌പേര്‍മിയയും നോണ്‍ ഒബ്‌സ്ട്രക്റ്റീവ് അസൂസ്‌പേര്‍മിയയും. ബീജം പുറത്ത് പോകുന്നതിന് ജന്‍മാനാലോ പില്‍ക്കാലത്തോ ഉണ്ടാകുന്ന തടസമാണ് ഒബ്‌സ്ട്രക്റ്റീവ് അസൂസ്‌പേര്‍മിയ. ബീജോല്‍പ്പാദനം ഇല്ലാത്ത അവസ്ഥയാണ് നോണ്‍ ഒബ്‌സ്ട്രക്റ്റീവ് അസൂസ്‌പേര്‍മിയ. ചെറുപ്പകാലത്ത് കളിക്കുമ്പോഴോ മറ്റോ വൃഷണത്തിനേല്‍ക്കുന്ന ക്ഷതമോ അല്ലെങ്കില്‍ ജന്‍മനാ ഉള്ള ജനിതക പ്രശ്‌നമം മൂലമോ ബീജമില്ലാത്ത അവസ്ഥയുണ്ടാക്കാറുണ്ട്.

ചലനാത്മകത

ബീജത്തിന്റെ ചലനപ്രശ്‌നമാണ് മറ്റൊരു കാരണം. ഇത് മൂലം ശുക്ലത്തില്‍ നിന്നുണ്ടാവുന്ന ഒറ്റ ബീജത്തിനും അണ്ഡവുമായി സംയോജിക്കാന്‍ കഴിയുന്നില്ല.
 
ബീജത്തിന്റെ ആകൃതി

ബീജത്തിന്റ അസ്വാഭാവിക ആകൃതിയാണ് മറ്റൊരു പ്രധാന കാര്യം. ഇത് മൂലം ബീജത്തിന് അണ്ഡവുമായി ശരിയായി യോജിക്കാന്‍ കഴിയാതാവും. വൃഷണത്തിലെ അണുബാധ, വൃഷണത്തിന്റെ ശസ്ത്രക്രിയ, വൃഷണത്തിന്റെ അമിതമായ ചൂട് എന്നിവയും വന്ധ്യതയ്ക്ക് കാരണമാകുന്ന പ്രധാന പ്രശ്‌നങ്ങളാണ്. 

ചികിത്സ

തുറന്ന് പറയാന്‍ മടികാണിക്കാതെയും ഏറെ നാള്‍ കാത്തിരിക്കാതെയും ഉടന്‍ ചികിത്സ തേടുകയാണ് വന്ധ്യതയെ തടയാന്‍ ആദ്യം ചെയ്യേണ്ടത്. ശാരീരിക പരിശോധന, ജനനേന്ദ്രിയ പരിശോധന, ശുക്ലപരിശോധന, വൃഷണപരിശോധന എന്നിവാണ് വന്ധ്യതാ ചികിത്സയില്‍ പ്രധാനമായും നടത്തുന്നത്. ഇതുവഴി ബീജത്തിന്റെ അളവ്, ചലനവേഗത, നിറം, ഗുണം, അണുബാധ എന്നിവയെല്ലാം തിരിച്ചറിയാം.