ഹൃദയത്തില്‍ മൂന്ന് തുളകളുമായാണ് കണ്ണൂര്‍ എടക്കാട് സ്വദേശികളായ ശാരികയുടെയും സദാശിവന്റെയും(പേരുകള്‍ യഥാര്‍ഥമല്ല) പെണ്‍കുഞ്ഞ് പിറന്നുവീണത്. തൂക്കക്കുറവായതിനാല്‍ ജനിച്ച ഉടന്‍ തന്നെ കുഞ്ഞിനെ എന്‍.ഐ.സി.യുവിലേക്ക് മാറ്റി. അതിനിടയിലാണ് കുഞ്ഞിന് ഹൃദയ വൈകല്യമുള്ളതായി  ഡോക്ടര്‍ക്ക് സംശയം തോന്നുന്നത്.  തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയില്‍ കുഞ്ഞിന്റെ ഹൃദയത്തില്‍ മൂന്ന് സുഷിരങ്ങളുള്ളതായി കണ്ടെത്തി. രണ്ടെണ്ണം ചെറുതും ഒന്ന് വലിപ്പക്കൂടുതല്‍ ഉള്ളതുമായിരുന്നു.

കണ്ണൂര്‍ ധനലക്ഷ്മി ആസ്പത്രിയിലാണ്‌ കുഞ്ഞിനെ ആദ്യം കാണിച്ചത്. തുടക്കത്തില്‍ സുഷിരങ്ങള്‍ സ്വാഭാവികമായി അടയുമെന്നായിരുന്നു പ്രതീക്ഷ. അതിനുള്ള മരുന്നും ഡോക്ടര്‍ നല്‍കി. എന്നാല്‍ വീട്ടിലെത്തി ദിവസങ്ങള്‍ കഴിയുന്തോറും കുഞ്ഞിന്റെ നില മോശമായിക്കൊണ്ടിരുന്നുന്നു. ശ്വാസം മുട്ടല്‍ കാരണം കുഞ്ഞിന് മുലപ്പാല്‍ കുടിക്കാന്‍ സാധിക്കുന്നുണ്ടായിരുന്നില്ല. അതിനാല്‍ത്തന്നെ കുഞ്ഞിന് ആവശ്യത്തിന് ഭാരമുണ്ടായിരുന്നില്ല. മാത്രമല്ല പ്രതിരോധ ശക്തി കുറവായതിനാല്‍ കൂടെക്കൂടെ പനിയും.

ഇതോടെ കുഞ്ഞിനെ വിദഗ്ധ ചികിത്സക്കായി ഡോക്ടര്‍ കോഴിക്കോട് മിംസ് ആസ്പത്രിയിലേക്ക് ശുപാര്‍ശ ചെയ്തു. അവിടെയും സുഷിരങ്ങള്‍ സ്വാഭാവികമായി അടയുന്നതിനുള്ള മരുന്നിന് തന്നെയാണ് ഡോക്ടര്‍ ആദ്യം നിര്‍ദേശിച്ചത്. പക്ഷേ കുഞ്ഞിന്റെ നില ഗുരുതരമായി തുടര്‍ന്നു. ഇതോടെ കുഞ്ഞിന് എത്രയും പെട്ടന്ന് സര്‍ജറി നടത്തി സുഷിരങ്ങള്‍ അടയ്ക്കാന്‍ തീരുമാനിച്ചു. പക്ഷേ കൂലിപ്പണിക്കാരനായ സദാശിവന്റെ കൈയില്‍ അതിനുള്ള പണം ഇല്ലായിരുന്നു. ഒടുവില്‍ ബന്ധുക്കളും അയല്‍ക്കാരും സഹായഹസ്തവുമായി മുന്നോട്ട് വന്നു. 

കുഞ്ഞിനിപ്പോള്‍ അഞ്ചുമാസമാണ് പ്രായം. ശസ്ത്രക്രിയ കഴിഞ്ഞിട്ട് രണ്ടുമാസം, ആരോഗ്യ പൂര്‍ണമായ സാധാരണ ജീവിതത്തിലേക്ക് അവള്‍ പ്രവേശിച്ചുതുടങ്ങി. ചികിത്സകള്‍ക്കായുള്ള ഓട്ടത്തിനിടയില്‍ കുഞ്ഞിന് പേരിടാന്‍ പോലും ശാരികയ്ക്കും സദാശിവനും സമയം കിട്ടിയില്ല. അച്ഛനും അമ്മയുമായതിന്റെ സന്തോഷം പോലും അവര്‍ ആസ്വദിച്ചുതുടങ്ങുന്നതേയുള്ളൂ.

ഇവരുടേത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. കേരളത്തിലെ ശിശുമരണങ്ങളില്‍ 15%വും ജനിതകഹൃദയ രോഗം മൂലമാണെന്ന് കഴിഞ്ഞ ഒക്ടോബറില്‍ നീലേശ്വരത്ത് നടന്ന ശിശുരോഗവിദഗ്ധരുടെ സമ്മേളനം നിരീക്ഷിച്ചിരുന്നു. ഇത്തരം കേസുകളില്‍ നേരത്തെയുള്ള രോഗനിര്‍ണയവും ചികിത്സയും അത്യാവശ്യമാണെന്നും സമ്മേളനം ചര്‍ച്ച ചെയ്തിരുന്നു. പിറന്നുവീഴുന്ന ആയിരം കുട്ടികളില്‍ എട്ടുപേരും ജനിതക ഹൃദയരോഗവുമായാണ് ജനിക്കുന്നതെന്ന് വിവിധ പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്.

അങ്ങനെ വരുമ്പോള്‍ ഒരു വര്‍ഷം അഞ്ചുലക്ഷം കുഞ്ഞുങ്ങള്‍ ജനിക്കുന്ന കേരളത്തില്‍ നാലായിരത്തിലധികം കുട്ടികളാണ് ഹൃദയരോഗവുമായി പിറന്നുവീഴുന്നത്. ഇവരില്‍ 1,023 മുതല്‍ 1,364 കുഞ്ഞുങ്ങള്‍ ഗുരുതരമായ ഹൃദയരോഗവുമായാണ് ജനിക്കുന്നത്. ഏകദേശം 780 കുഞ്ഞുങ്ങള്‍ ഇതേ കാരണം മൂലം മരണമടയുന്നുമുണ്ട്. ഹൃദയാരോഗ്യമില്ലാത്തതിനാല്‍ പ്രതിരോധശേഷി കുറഞ്ഞ് ന്യൂമോണിയ പോലുള്ള അസുഖങ്ങള്‍ ബാധിച്ച് മരിക്കുന്ന കുഞ്ഞുങ്ങളുടെ കണക്കുകള്‍ ഉള്‍പ്പെടുത്താതെയാണ് ഇത്രയും മരണങ്ങളെന്നുകൂടി ഓര്‍ക്കണം. 


WHO യുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ജനിച്ച് നാലാഴ്ചയ്ക്കുള്ളില്‍ 3,03,000 കുട്ടികളാണ് ജനിതക ഹൃദയ വൈകല്യം മൂലം ഒരുവര്‍ഷം മരിക്കുന്നത്.

 

പക്ഷേ ഇത് നേരിടാന്‍ കേരളം എത്രത്തോളം സജ്ജമാണെന്ന് വിലയിരുത്തുമ്പോഴാണ് സംഗതി എത്രമാത്രം ഗുരുതരമാണെന്നതിന്റെ ചിത്രം കുറേക്കൂടി വ്യക്തമാകുന്നത്. കേരളത്തില്‍ പ്രതിവര്‍ഷം എത്രകുട്ടികളാണ് ജനിതക ഹൃദയരോഗം മൂലം ജനിക്കുന്നത് എന്നതിന്റെ കൃത്യമായ കണക്കുകളോ, എന്തിന് ഒരു രേഖ പോലുമോ ഇതു സംബന്ധിച്ച് ആരോഗ്യവകുപ്പിന്റെ കൈയില്‍ ഇല്ല. ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ടിട്ടുള്ള ആയിരത്തില്‍ എട്ടുകുട്ടികള്‍ എന്ന കണക്ക് അടിസ്ഥാനപ്പെടുത്തി നോക്കുകയാണെങ്കില്‍ പോലും ഇത്രയും കുട്ടികളെ ചികിത്സിക്കാനുള്ള സൗകര്യം കേരളത്തിലില്ല.

ഹൃദയരോഗങ്ങളില്‍ ഏറിയപങ്കും ചെലവേറിയ ശസ്ത്രക്രിയയിലൂടെ മാത്രമേ പരിഹരിക്കാന്‍ സാധിക്കൂ എന്നിരിക്കെ കേരളത്തില്‍ രണ്ടേ രണ്ടു പൊതുമേഖലാ ആസ്പത്രികളില്‍ മാത്രമാണ് ഇതിന് സൗകര്യമുള്ളത്. ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലും കോട്ടയം മെഡിക്കല്‍ കോളേജിലും. ഇതില്‍ തന്നെ ഏതുകേസും ഏറ്റെടുത്ത് നടത്താന്‍ പരിപൂര്‍ണ സജ്ജമായിട്ടുള്ളത് ശ്രീചിത്ര മാത്രം. അഞ്ച് മെഡിക്കല്‍ കോളേജുകള്‍ ഉള്ള കേരളത്തില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ മാത്രമാണ് ചെറിയരീതിയിലെങ്കിലും ശസ്ത്രക്രിയക്കുള്ള സൗകര്യമുള്ളത്. 

സ്വകാര്യ ആസ്പത്രികളായ എറണാകുളത്തെ അമൃത, ലിസി, ആസ്റ്റര്‍, കോഴിക്കോടുള്ള മിംസ് എന്നീ ആസ്പത്രികളില്‍ ചികിത്സാ സൗകര്യമുണ്ടെങ്കിലും ഭീമമായ ചികിത്സാ ചെലവുകള്‍ താങ്ങാനാകാത്തതിനാല്‍ ഭൂരിഭാഗം പേരും ആശ്രയിക്കുന്നത് സൗജന്യമായി ശസ്ത്രക്രിയ ചെയ്യാനാകുന്ന ശ്രീചിത്രയെ തന്നെയാണ്. വര്‍ഷം 450 മുതല്‍ 500 കേസുകള്‍ ചെയ്യാനുള്ള പ്രാപ്തിയെ ശ്രീചിത്രക്കുള്ളൂ. എന്നിട്ടും തങ്ങളുടെ കഴിവിന്റെ പരമാവധിയെന്നോണം വര്‍ഷം 600 ശസ്ത്രക്രിയകളാണ് ഇവിടെ ചെയ്തുവരുന്നത്. ഇതിന് പുറമെ അടിയന്തര ശസ്ത്രക്രിയകള്‍ വേറെയും. 

 

(തുടരും)