watching tvകുട്ടികൾ തുടർച്ചയായി ടെലിവിഷൻ കാണുന്നത് അവരുടെ കണ്ണിനും ആരോഗ്യത്തിനും ഗുണകരമല്ലെന്ന് നമുക്കറിയാം. എന്നാൽ, കുട്ടികൾ തുടർച്ചയായി 15 മിനിറ്റ് ടെലിവിഷൻ കണ്ടാൽപോലും അവരുടെ സർഗാത്മകതയും ഭാവനാശേഷിയും കുറയുമെന്നാണ് ബ്രിട്ടനിലെ സ്റ്റാഫോർഡ്ഷെയർ യൂണിവേഴ്സിറ്റിയിലെ ഗവേഷകരുടെ കണ്ടെത്തൽ. 
 
ടെലിവിഷനിൽ കാർട്ടൂണുകൾ കണ്ടുകഴിഞ്ഞാൽ കുട്ടികളുടെ ജന്മനായുള്ള പല സർഗശേഷികളും കുറയുന്നതായി തെളിഞ്ഞതായി പഠനത്തിന് നേതൃത്വംനൽകിയ സാറ റോസ് പറഞ്ഞു.
 
പുസ്തകങ്ങൾ വായിക്കുന്പോഴും ജിഗ്സോ പസിലുകൾ ഉപയോഗിച്ച് കളിക്കുന്പോഴും കുട്ടികളുടെ ഭാവനാശേഷി ഉണരുമ്പോൾ കാർട്ടൂണുകൾ ജന്മനായുള്ള സർഗാത്മകതയെപ്പോലും പ്രതികൂലമായി ബാധിക്കുന്നതായാണ് പഠനസംഘത്തിന്റെ മുന്നറിയിപ്പ്.

ടെലിവിഷൻ പരിപാടികൾ കുട്ടികളുടെ പഠനത്തിന് സഹായമാകുമെന്നാണ് ആളുകൾക്കിടയിലെ പൊതുവായ ധാരണയെങ്കിലും തങ്ങളുടെ പഠനറിപ്പോർട്ട് ഇത് അംഗീകരിക്കുന്നില്ലെന്ന് സാറയും സഹപ്രവർത്തകരും പറഞ്ഞു.

മൂന്നുവയസ്സിനുമുകളിലുള്ള ഒരു സംഘം കുട്ടികളെ ടെലിവിഷൻ കാണിച്ചും പുസ്തകങ്ങളും ജിഗ്സോ പസിലുകളും നൽകിയും നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.

ടെലിവിഷൻ കണ്ടുകഴിഞ്ഞയുടൻ കുട്ടികളിൽ അവരുടെ ഭാവനാശേഷി കുറഞ്ഞതായും പുസ്തകങ്ങൾ വായിച്ച കുട്ടികളിലും ജിഗ്സോ പസിലുകളുപയോഗിച്ച് കളിച്ച കുട്ടികളിലും പതിവിലും കവിഞ്ഞ ഭാവനശേഷി ഉണർന്നതായും തെളിഞ്ഞതായി സാറയും സംഘവും അവകാശപ്പെട്ടു.  

ബെൽഫെസ്റ്റിൽ നടന്ന ബ്രിട്ടീഷ് സൈക്കോളജിക്കൽ ഡെവലപ്പ്മെന്റ് സമ്മേളനത്തിലാണ് സാറയും സംഘവും പഠനറിപ്പോർട്ട് അവതരിപ്പിച്ചത്.