Home>Oral Health
FONT SIZE:AA

കുഞ്ഞരിപ്പല്ലുകള്‍ ആരോഗ്യത്തോടെ

കുഞ്ഞിന്റെ പാല്‍പ്പല്ല് വൃത്തിയോടെ സൂക്ഷിക്കാം. മൃദുവായ പരുത്തിത്തുണി നനച്ച് ഇളം പല്ലുകള്‍ തുടയ്ക്കുക. അഞ്ച് പല്ലുകളൊക്കെ വന്നുകഴിഞ്ഞാല്‍ ബ്രഷ് ഉപയോഗിക്കാം. കുഞ്ഞുങ്ങള്‍ക്കുള്ള വളരെ മൃദുവായ ടൂത്ത്ബ്രഷ് വാങ്ങാന്‍ കിട്ടും. രാവിലെ പാലൂട്ടുന്നതിന് മുന്‍പും രാത്രി ഉറക്കുന്നതിന് മുന്‍പും പല്ലു തേപ്പിക്കുക. ഒരു അരിമണി വലുപ്പത്തില്‍ പേസ്റ്റെടുക്കാം. ബ്രഷുകൊണ്ട് മൃദുവായി പല്ലുകളിലൂടെ ഉരസുകയേ വേണ്ടൂ. മൂന്ന് മാസം കൂടുമ്പോള്‍ ബ്രഷ് മാറ്റണം.

അതി മധുരമുള്ള പാനീയങ്ങളോ ബേക്കറി സാധനങ്ങളോ കുഞ്ഞിന് നല്‍കരുത്. പ്രത്യേകിച്ചും ഉറങ്ങാനൊരുങ്ങുമ്പോള്‍. കുപ്പിയിലടച്ച് കിട്ടുന്ന മധുരപാനീയങ്ങള്‍ പല്ലുകളെ വേഗം നശിപ്പിക്കും.

ഒരു വയസ്സിന് ശേഷം പഴസത്ത് നല്‍കുമ്പോള്‍, അഞ്ചിരട്ടി വെള്ളം ചേര്‍ത്ത് കൊടുക്കണം.

അമിതമായി മധുരം കഴിച്ച് ശീലിക്കുന്ന കുഞ്ഞുങ്ങളില്‍ പാല്‍പ്പല്ല് നേരത്തെ കൊഴിഞ്ഞ് പോവാറുണ്ട്. ഇത് പുതിയ പല്ല് സ്ഥാനം തെറ്റി വരുന്നതിന് ഇടയാക്കും.

ധാരാളം ചോക്കലേറ്റും മിഠായികളും കഴിക്കുന്നത് പല്ലിന് കേടുണ്ടാക്കും. പാല്‍പ്പല്ലുകള്‍ നേരത്തെ നഷ്ടപ്പെടാന്‍ ഇത് കാരണമാവുന്നു. മിഠായി കൊടുക്കുന്നത് കുറയ്ക്കുക. ഭക്ഷണത്തിന് ശേഷം കൊടുക്കുന്നതിനേക്കാള്‍ നല്ലത് ഭക്ഷണത്തിന് മുന്‍പ് നല്‍കുന്നതാണ്.

രണ്ടാം വയസ്സുതൊട്ട് സ്വന്തമായി ഭക്ഷണം കഴിക്കാന്‍ കുട്ടികളെ ശീലിപ്പിക്കുക.

പല്ലിന്റെ ആരോഗ്യത്തിന് കാല്‍സ്യവും ധാതുക്കളും അടങ്ങിയ പാലുല്‍പ്പന്നങ്ങള്‍ കൂടുതല്‍ കഴിക്കുക.

കറുമുറെ തിന്നാവുന്ന ആപ്പിള്‍, കാരറ്റ്, കക്കിരി എന്നിവ കുഞ്ഞിന് നല്‍കുക.

എന്ത് ഭക്ഷണം കഴിച്ചാലും വായയും പല്ലും വൃത്തിയാക്കുന്നത് ശീലിപ്പിക്കുക.