രോഗം വന്നാല്‍ ഡോക്ടറെ കാണാന്‍ പോകുന്നവരാണ് നമ്മള്‍. എന്നാല്‍ സ്വന്തം രോഗത്തിന്റെ വിവരങ്ങള്‍ വ്യക്തമായും പൂര്‍ണമായും ഡോക്ടറെ ധരിപ്പിക്കാന്‍ എത്ര പേര്‍ക്ക് സാധിക്കാറുണ്ട്?  ഡോക്ടറെ സന്ദര്‍ശിക്കാന്‍ പോവുമ്പോള്‍ അറിഞ്ഞിരിക്കേണ്ട കുറച്ച് കാര്യങ്ങളുണ്ട്. ഇത് അറിയുകയും പാലിക്കുകയും ചെയ്താല്‍ രോഗനിര്‍ണയത്തിനും ചികിത്സയിലും ഡോക്ടര്‍ക്കും നമ്മള്‍ക്കും പലവിധ ഗുണങ്ങള്‍ ഉണ്ടാവും.

ഡോക്ടറെ കാണാന്‍ പോവുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് സംസ്ഥാന ആരോഗ്യവകുപ്പില്‍ അസി.സര്‍ജനായ ഡോ.ദീപു സദാശിവം നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ വായിച്ചു നോക്കൂ.

നിലവിലെ ചികിത്സയുടെ വിവരങ്ങള്‍ 

പ്രധാനമായും രോഗികള്‍ വിട്ടു പോവുന്ന അല്ലെങ്കില്‍ അലംഭാവം കാണിക്കുന്ന രണ്ട് കാര്യങ്ങളുണ്ട്. നിലവില്‍ വിധേയമായിക്കൊണ്ടിരിക്കുന്ന ചികിത്സയുടെ വിവരങ്ങള്‍ കൊണ്ടുവരാതെയിരിക്കുക.(case history)മുന്‍പ് ഉണ്ടായ പ്രധാന രോഗങ്ങളുടെ വിവരങ്ങള്‍ പോലും പലപ്പോഴും പ്രസക്തമാണ് എന്നിരിക്കെയാണ് തൊട്ടു മുന്നേ ഒരു ഡോക്ടറെ കണ്ടിട്ട് അസുഖം കുറവില്ല എന്ന ആവലാതിയുമായി വരുമ്പോള്‍ പോലും ഇങ്ങനെ കയ്യും വീശി വരുന്നത്. നാഡി പിടിച്ചു ഞൊടിയിടയില്‍ രോഗം മനസ്സിലാക്കിക്കളയുന്നത് കഥയില്‍ മാത്രമാണ്,രോഗചരിത്രം ചോദിച്ചറിഞ്ഞും,ശരീര പരിശോധന നടത്തിയും, വേണ്ടി വന്നാല്‍ ടെസ്റ്റുകള്‍ നടത്തിയും-അത്ര ലളിതമല്ലാത്ത പ്രക്രിയകളിലൂടെയാണ് ചികിത്സയിലേക്ക് എത്തുന്നത്.

ഇക്കാര്യം ശ്രദ്ധിച്ചു കൊണ്ട് ചെയ്യേണ്ടത് നിലവില്‍ ഉള്ള രോഗങ്ങളുടെയും, കഴിക്കുന്ന മരുന്നുകളുടെയും വിവരങ്ങള്‍/ചികിത്സാ രേഖകള്‍ കയ്യില്‍ കരുതുക.ഒരു ഡോക്ടറുടെ അടുത്തു പോയി മരുന്ന് വാങ്ങി കഴിച്ചിട്ട് കുറവില്ല എന്ന ടെന്‍ഷനുമായി ആയിരിക്കും അടുത്ത ഡോക്ടറെ സമീപിക്കുക, അപ്പോള്‍ തൊട്ടു മുന്‍പത്തെ ഓ.പി ടിക്കറ്റ് ഒക്കെ കയ്യില്‍ എടുക്കുന്നതിന്റെ പ്രസക്തി പലര്‍ക്കും അറിയില്ല. 

അതായത് ഒരു രോഗാണുബാധയുമായിട്ടാണ് വരുന്നത് എങ്കില്‍ മുന്‍പ് ആന്റി ബയോട്ടിക് കഴിച്ചിരുന്നോ?എങ്കില്‍ ഏത്, എന്നൊക്കെ അറിഞ്ഞാല്‍ നിലവിലെ രോഗത്തിന്റെ പ്രോഗ്രസ് വിലയിരുത്തി അതേ മരുന്ന് തന്നെ തുടര്‍ന്നാല്‍ മതിയോ,അതോ പുതിയതായി മരുന്ന് തുടങ്ങണോ എന്നൊക്കെ തീരുമാനിക്കാന്‍ എളുപ്പമാവൂ.

മുന്‍പത്തെ ഡോക്ടര്‍ രേഖപ്പെടുത്തി വെച്ചിരിക്കുന്ന ലക്ഷണങ്ങള്‍, കണ്ടെത്തലുകള്‍,നിഗമനങ്ങള്‍,രോഗനിര്‍ണ്ണയം എന്നിവയും തുടര്‍ചികിത്സയില്‍ സഹായകമാവും.അന്നത്തെ അവസ്ഥയില്‍ നിന്നും രോഗാവസ്ഥ മെച്ചപ്പെട്ടോ എന്നൊക്കെ വിലയിരുത്താന്‍ ഇത് സഹായിക്കും.

മുന്‍കാല രോഗചരിത്രം​

പാസ്റ്റ് മെഡിക്കല്‍ ഹിസ്റ്ററി(മുന്‍കാല രോഗചരിത്രം) അതായത് മുന്‍പ് ഉണ്ടായിരുന്ന രോഗങ്ങള്‍, വിവരങ്ങള്‍ അടങ്ങിയ മെഡിക്കല്‍ രേഖകള്‍ എന്നിവ കൈവശം ഫയല്‍ ചെയ്തു വെക്കുക.(ഫോട്ടോസ്റ്റാറ്റ് എങ്കിലും).മുന്‍പത്തെ ഡിസ്ചാര്‍ജ് കാര്‍ഡ്,മുന്‍പ് ചെയ്ത ശസ്ത്രക്രിയാ വിവരങ്ങള്‍ തുടങ്ങിയവ. 

പല മുന്‍കാല രോഗചരിത്രങ്ങള്‍ക്കും ചിലപ്പോള്‍ നിങ്ങളുടെ ഇപ്പോഴത്തെ രോഗാവസ്ഥയുമായില്‍ പ്രത്യക്ഷമോ പരോക്ഷമായോ ബന്ധം കണ്ടേക്കാം.ഉദാ;മുന്‍കാല എക്‌സ് റേ പരിശോധിക്കുന്നത് നിലവിലെ സംശയകരമായ ഒരു വ്യതിയാനത്തെക്കുറിച്ച് ചില ധാരണകളില്‍ എത്താന്‍ സഹായിച്ചേക്കാം. രോഗം മാറിയാലും നിങ്ങള്‍ ആള് മാറുന്നില്ല/ശരീരം മാറുന്നില്ല എന്നോര്‍ക്കുക.

സ്ഥിരം കഴിക്കേണ്ടി വരുന്ന രോഗാവസ്ഥകളും വേണ്ടിവരുന്ന മരുന്നുകളുടെയും വിവരങ്ങള്‍ കൃത്യമായി അവതരിപ്പിക്കുക.
ഉദാ: 'പ്രഷര്‍,ഷുഗര്‍' പോലുള്ള അസുഖങ്ങള്‍ക്ക് സ്ഥിരമായി മരുന്ന് കഴിക്കുന്നവര്‍ക്ക് പോലും മരുന്നുകളുടെ പേര് പോലും അറിയാതെ പോവുന്നത് നിര്‍ഭാഗ്യകരമാണ്. ചുവന്ന ഗുളിക,നീളത്തില്‍ ഉള്ള ഗുളിക എന്നൊക്കെ അവതരിപ്പിക്കുന്നത് കൊണ്ട് വലിയ പ്രയോജനം ഉണ്ടാവില്ല എന്നത് ഓര്‍ക്കുക.പ്രബുദ്ധരായ മലയാളികള്‍ക്ക് കുറച്ചു മരുന്നുകളുടെ പേര് വിവരങ്ങള്‍ ഓര്‍ത്തിരിക്കാന്‍ പ്രയാസം ഉണ്ടാവില്ല, ശ്രമിക്കണം എന്ന് മാത്രം.

ബി.പി കൂടുതല്‍ ഉണ്ടെന്നു കണ്ടെത്തിയാല്‍ മരുന്നില്‍/ഡോസില്‍ വ്യതിയാനം വരുത്തണോ എന്ന് തീരുമാനിക്കാന്‍ പേരും കഴിക്കുന്ന ഡോസും അറിഞ്ഞേ തീരൂ.അല്ലേല്‍ ഒന്നില്‍ നിന്ന് തുടങ്ങേണ്ടി വരും! അതല്ലേല്‍ ഇതിനായി ഒരു വരവ് കൂടി വരേണ്ടി വരും.

മരുന്ന് അലര്‍ജി ഉളളവര്‍ ആ മരുന്നുകളുടെ പേര് വിവരങ്ങള്‍ ഓര്‍ത്ത് വെക്കുകയും മറക്കാതെ ഡോക്ടറോട് പറയുകയും, ഈ വിവരം പേഴ്‌സിലോ മറ്റോ കുറിപ്പായി എഴുതി സൂക്ഷിക്കുകയും വേണം.(അബോധാവസ്ഥയില്‍ ആണ് നമ്മളെ ആശുപത്രിയില്‍ എത്തിക്കുന്നത് എങ്കില്‍ ഇത് ഉപകരിച്ചേക്കാം)

ചികില്‍സാവിവരങ്ങള്‍ ആശുപത്രിയില്‍ സൂക്ഷിച്ചു വെച്ചിരിക്കുന്ന അവസ്ഥയില്‍,പരിശോധനാ റിപ്പോര്‍ട്ടുകള്‍,ഡിസ്ചാര്‍ജ് സമ്മറി,ചികിത്സാ വിവരങ്ങളുടെ സംക്ഷിപ്തരൂപം എന്നിവ ചോദിച്ചു വാങ്ങി കയ്യില്‍ സൂക്ഷിക്കുന്നത് ഉചിതമാവും,രോഗി ആവശ്യപ്പെട്ടാല്‍ ഇതൊക്കെ നല്‍കാന്‍ ബാധ്യത പ്രസ്തുത അധികൃതര്‍ക്ക് ഉണ്ട്.

Content Highlight: Be a Better Patient, Docor-Patient, Doctor's Suggetion to Patient