നിങ്ങൾ പതിവായി ഡയറി എഴുതാറുണ്ടോ? ഓരോ ദിവസത്തെയും പ്രധാനപ്പെട്ട കാര്യങ്ങൾ- അതെത്ര വലുതോ ചെറുതോ ആവട്ടെ- ഓർമ്മയിൽ നിന്ന് ഡയറിയിലേക്ക് പകർത്താറുണ്ടോ? മനസ്സിലെ ചിന്തകൾ- സന്തോഷമോ സങ്കടമോ നിരാശയോ എന്തായാലും- വാക്കുകളിലാക്കി ഡയറിയിൽ കുറിക്കാറുണ്ടോ? ഇല്ലെന്നാണ് ഉത്തരമെങ്കിൽ ഒരു കാര്യം അറിഞ്ഞോളൂ,നിങ്ങളിപ്പോൾ അനുഭവിക്കുന്ന സങ്കടത്തിന്റെയും വിഷാദത്തിന്റെയുമൊക്കെ പ്രധാന കാരണങ്ങളിലൊന്ന് അതുതന്നെയാണ്!

ഡയറിയെഴുത്തും മാനസികാരോഗ്യവും തമ്മിലെന്ത് ബന്ധം എന്ന് ചോദിക്കാത്തവർ വിരളമാണ്. വിഷാദവും ഉത്കണ്ഠയും ദൈനംദിന ജീവിതത്തിൽ വില്ലനാവുമ്പോൾ ചികിത്സ തേടിയെത്തുന്നവരോട് ആദ്യഘട്ടത്തിൽ മാനസികാരോഗ്യവിദഗ്ധർ പറയാറുണ്ട് ഡയറിയെഴുത്ത് ശീലമാക്കണമെന്ന്. വെബ്സൈറ്റുകൾ തോറും കയറിയിറങ്ങി മാനസികസംഘർഷത്തിന് പരിഹാരം എന്തുണ്ട് എന്ന് അന്വേഷിക്കുന്നവരുടെ കണ്ണുകളുടക്കാറുള്ളതും ഡയറിയെഴുത്ത് ശീലമാക്കൂ എന്ന നിർദേശത്തിൽ തന്നെ.

എന്തിന് ഡയറിയെഴുതണം

മാനസികാരോഗ്യം നിലനിർത്താൻ എന്നത് തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ട ഉത്തരം. ഡയറിയെഴുതുന്നതിലൂടെ എന്തൊക്കെ നേട്ടങ്ങളാണ് നമ്മെ കാത്തിരിക്കുന്നത് എന്ന് നോക്കൂ...

diary

മനസ്സ്നിറഞ്ഞ സന്തോഷം എന്ന് പറയാറില്ലേ. എങ്ങനെയാണ് മനസ്സ് നിറഞ്ഞാൽ സന്തോഷമുണ്ടാവുക. നല്ലതിനെക്കുറിച്ച് മാത്രം ഓർമ്മിക്കാനും പ്രതീക്ഷിക്കാനും കഴിഞ്ഞാലാണ് അങ്ങനെയൊരവസ്ഥയിൽ നമുക്കെത്താനാവുക. എന്നാൽ പ്രശ്നങ്ങളും സങ്കടങ്ങളും ഇല്ലാത്ത മനുഷ്യരുണ്ടോ. അപ്പോൾ പിന്നെ എങ്ങനെയാണ് അത് സാധ്യമാകുക. കഴിഞ്ഞ കാലത്തെ മോശം അനുഭവങ്ങളും ഭാവിയെക്കുറിച്ചുള്ള ആശങ്കകളും മനസ്സിൽ കൊണ്ട് നടക്കുമ്പോഴാണ് വിഷമങ്ങൾ നമ്മെ വിടാതെ പിന്തുടരുക. അത്തരം ചിന്തകളെയൊക്കെ കടലാസ്സിലേക്ക് പകർത്തി മനസ്സിൽ നിന്നങ്ങ് ഒഴിവാക്കൂ. എഴുതിക്കഴിയുമ്പോൾ മനസ്സിലാവും ഇതൊന്നും അത്ര വലിയ പ്രശ്നങ്ങളേ അല്ലെന്ന്. ഓരോ ദിവസത്തെയും കാര്യങ്ങളെ ഇങ്ങനെ എഴുതി പരിഹാരം കാണാൻ ശ്രമിച്ചാൽ മനോസംഘർഷം വലിയൊരളവിൽ ഒഴിവാക്കാനാകും.

ജീവിതലക്ഷ്യങ്ങളെ ഡയറിയിൽ എഴുതി സൂക്ഷിക്കൂ. ഓരോ തവണയും താളുകൾ മറിക്കുമ്പോൾ അവ നിങ്ങളുടെ കണ്ണിലെത്തും.അവിടെ നിന്ന് നേരെ തലച്ചോറിലെത്തും. നിങ്ങളുടെ സ്വപ്നങ്ങളെക്കുറിച്ച് നിങ്ങളെത്തന്നെ ഓർമ്മിപ്പിക്കാൻ ഇതിലും നല്ല എന്ത് മാർഗമാണുള്ളത്. 

diary

പുതിയ തലമുറ നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്ന് വികാരങ്ങൾക്ക് അമിതമായി അടിമപ്പെട്ട് പോയവർ എന്നതാണ്. ഇക്യു ലെവൽ കുറവാണ് എന്ന വിമർശനം നേരിടുന്നവർ പതിവായി ഡയറി എഴുതി നോക്കൂ. സ്വന്തം വികാരങ്ങളെ വാക്കുകളിലാക്കിക്കഴിഞ്ഞ് അവയിലൂടെ വിശകലനം നടത്തൂ. പെട്ടന്നുള്ള വികാരപ്രകടനങ്ങളെ ക്രമേണ നിയന്ത്രിക്കാൻ ഉറപ്പായും കഴിയും.

പഴയകാലത്തെ മോശം അനുഭവങ്ങളും ദുരന്തങ്ങളും ബാക്കിവച്ച വേദനകളെ ഇല്ലാതാക്കാനും ഡയറിയെഴുത്ത് സഹായിക്കും. നമ്മളെത്തന്നെ വരികളിലൂടെ പ്രകടിപ്പിക്കുമ്പോൾ അവയിലൂടെ പുതിയൊരാളാവാൻ എങ്ങനെ സാധിക്കുമെന്ന മാർഗം നമുക്ക് മുന്നിൽ തെളിഞ്ഞുവരും.മനസ്സിലുള്ളത് അതേപടി വാക്കുകളിൽ പ്രകടിപ്പിക്കാനായാൽ ഏറ്റവും മികച്ച രീതിയിൽ ആശയവിനിമയം നടത്താനാവുന്ന ഒരാൾ കൂടിയാവുകയാണ് നിങ്ങൾ.

diary

പ്രശ്‌നപരിഹാരത്തിന് ഏറ്റവും നല്ല മാർഗങ്ങളിലൊന്നു കൂടിയാണ് ഡയറിയെഴുത്ത്.നിങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും അവയ്ക്കുള്ള പരിഹാരസാധ്യതകളും എഴുതിയശേഷം അവയിലൂടെ കൃത്യമായ പരിഹാരത്തിലെത്താൻ നിങ്ങൾക്ക് കഴിയുമെന്ന് ഉറപ്പ്.

കടലാസും പേനയും തമ്മിൽ ചേരുമ്പോഴുണ്ടാകുന്ന ആ കെമിസ്ട്രി വിരലുകളും കീബോർഡും തമ്മിലാകുമ്പോഴില്ല എന്നത് സത്യം തന്നെയല്ലേ!!