ഇപ്പോള്‍ ആദ്യം ഒരു രോഗലക്ഷണം അനുഭവപ്പെട്ടാല്‍ ഡോക്ടറെക്കാണുന്നതിന് മുന്‍പെ ലക്ഷണങ്ങള്‍ തിരിച്ചും മറിച്ചും ടൈപ്പ് ചെയ്ത് ഗൂഗിളില്‍ തിരയുകയാണ് പലരുടേയും ശീലം. ഫലമോ സെര്‍ച്ച് ചെയ്ത് ലഭിക്കുന്ന ഭാഗികവും അശാസ്ത്രീയവുമായ വിശദീകരണത്തെക്കുറിച്ച് ഏറെ ചിന്തിക്കാതെ അതിനായുളള മരുന്നുകളും സെര്‍ച്ച് ചെയ്ത് കണ്ടുപിടിക്കും.
സ്വയം ചികിത്സ ഫലം കാണുന്നില്ലെന്നു മനസ്സിലായാല്‍ പിന്നെ ഡോക്ടറുടെ അടുത്തേക്ക് ടെന്‍ഷന്‍ അടിച്ചൊരു ഓട്ടമാണ്. സെര്‍ച്ചിങ് വഴി ഉണ്ടായ മാനസിക സമ്മര്‍ദ്ദം മാത്രം മിച്ചം. ഇത്തരത്തില്‍ ഇന്റര്‍നെറ്റിന്റെ സഹായത്തോടെ സ്വയം രോഗനിര്‍ണ്ണയം നടത്തുന്നതിനെയാണ് സൈബര്‍ കോണ്‍ഡ്രിയ എന്നു വിളിക്കുന്നത്.
കേള്‍ക്കുമ്പോള്‍ നിസ്സാരമെന്നു തോന്നുമെങ്കിലും അല്പം ഗൗരവമുളള രോഗമാണീ സൈബര്കോണ്ഡ്രിയ. ഒന്നോ രണ്ടോ ലക്ഷണങ്ങളിലൂടെ ഒന്ന് കണ്ണോടിച്ച ശേഷം തനിക്ക് രോഗമുണ്ടെന്ന തെറ്റായ നിഗമനത്തിലെത്തുന്നത് അനാവശ്യമായ ഭയവും നിരാശയും ഉണ്ടാകാന്‍ കാരണമാകും.
തെറ്റായ കാര്യങ്ങള്‍ വായിച്ച് അനാവശ്യമായ മെഡിക്കല്‍ ടെസ്റ്റുകള്‍ നടത്തി പണം നഷ്ടപ്പെടുത്തുന്നതാണ് മറ്റൊരു പ്രശ്നം. സ്വയം രോഗനിര്‍ണ്ണയം ഇത്തരം പ്രവണതകള്‍ സൃഷ്ടിച്ചേക്കാം. ഇത്തരക്കാര്‍ നിസ്സാരമായ തലവേദനയെ ബ്രയിന്‍ ട്യൂമറായും മറ്റേതെങ്കിലും നിസ്സാര രോഗങ്ങളെ വളരെ സങ്കീര്‍ണ്ണമായ രോഗമായും തെറ്റിദ്ധരിച്ചേക്കാം.
കൂടാതെ വിദഗ്ധ ചികിത്സ വേണ്ട രോഗങ്ങളെ അപൂര്‍ണ്ണമായ വിവരങ്ങള്‍ വായിച്ച് നിസ്സാരമായ തളളിയെന്നും വരാം. തിരക്കിട്ട ജീവിതത്തിനിടയില്‍ ഡോക്ടറെ കാണാന്‍ പോകുന്നതിനുളള മടിയും സമയക്കുറവിനും പുറമെ എളുപ്പത്തില്‍ പരിഹാരം കാണാമെന്ന തെറ്റായ ചിന്താഗതിയുമാണ് പുതിയ തലമുറയെ സൈബര്‍ കോണ്ഡ്രിയയ്ക്ക് അടിമപ്പെടുത്തുന്ന ഒരു പ്രധാന കാരണം.