ലൈംഗിക കുറ്റകൃത്യങ്ങളെപ്പറ്റിയുള്ള പഠനങ്ങള്‍ക്ക് ഏറെ പഴക്കമുണ്ട്. കുറ്റവാളികളുടെ സ്വഭാവവിശേഷങ്ങള്‍ അപഗ്രഥിക്കുക, കുറ്റകൃത്യങ്ങള്‍ തടയുക, ഇരകള്‍ക്കു വേണ്ട ശുശ്രൂഷ നല്‍കുക, കുറ്റക്കാരെ ആവശ്യമെങ്കില്‍ ചികിത്സിക്കുക, പുനരധിവസിപ്പിക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള ഗവേഷണങ്ങള്‍ ഏറെ വിവരങ്ങള്‍ വെളിപ്പെടുത്തുകയുണ്ടായി. എന്നാല്‍ ഗവേഷണഫലങ്ങള്‍ പലപ്പോഴും സാമാന്യധാരണകളുമായി യോജിച്ചുപോകുന്നവയല്ല. ആക്രമണത്തിനു മുതിരുന്ന പുരുഷന്മാര്‍ അസാമാന്യമായ ആസക്തി പുലര്‍ത്തുന്നവരാണ് എന്നൊരു ധാരണ നിലവിലുണ്ട്. ഇതു ശരിയല്ല. ഇവരില്‍ ഏറെപേരും ആരോഗ്യകരമായ സാഹചര്യത്തില്‍ ലൈംഗികമായി നല്ല പ്രകടനം നടത്താന്‍ കഴിവുള്ളവരല്ല. സ്വന്തം കഴിവിലുള്ള വിശ്വാസക്കുറവും അപകര്‍ഷബോധവും ചിലപ്പോള്‍ ഇത്തരം പ്രവൃത്തികളിലേക്ക് നയിക്കുന്നു.

പരീക്ഷണം നടത്താനും വിജയം ഉറപ്പുവരുത്താനുമുള്ള പ്രേരണയാണ് ഇവിടെ മുന്‍പില്‍ നില്‍ക്കുന്നത്. പ്രതികാരചിന്തയില്‍ സ്ത്രീയെ അപമാനിക്കുക എന്ന ലക്ഷ്യത്തോടെ കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്നവരും കുറവല്ല. വ്യക്തിത്വത്തിലെ വൈകല്യമാണ് ഇനിയൊരു കാരണം. പിടിക്കപ്പെടുകയില്ല എന്നുറപ്പുള്ളപക്ഷം എന്തു തോന്ന്യാസവും കാട്ടാന്‍ തയ്യാറുള്ള ക്രിമിനല്‍ വ്യക്തിത്വങ്ങളുണ്ട്.

ധര്‍മാധര്‍മങ്ങളെപ്പറ്റിയുള്ള വിവേചനചിന്ത തീരെ നശിച്ചവരാണ് ഇക്കൂട്ടര്‍. ഇവരുടെ മുന്‍പില്‍ 'അനുകൂല' സാഹചര്യങ്ങളില്‍ ഒരു സ്ത്രീ വന്നുപെടുന്നപക്ഷം ആക്രമണം നടന്നതുതന്നെ. ഈയിടെ ഡല്‍ഹിയില്‍ നടന്ന സംഭവം ഇക്കൂട്ടത്തില്‍പ്പെടുത്താം. ഉന്മാദരോഗികളും അപസ്മാരരോഗമുള്ളവരും തലച്ചോറിന്റെ താളപ്പിഴകള്‍ മൂലം സ്ത്രീകളെ ആക്രമിക്കാറുണ്ട്. പെട്ടെന്നുണ്ടാവുന്ന വികാരങ്ങള്‍ നിയന്ത്രിക്കാനുള്ള കഴിവിന്റെ കുറവും ആക്രമണോത്സുകതയും ആണ് ഇതിന്റെ പിന്നില്‍. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും സ്വാധീനത്തില്‍ സ്വബോധം നഷ്ടപ്പെട്ട് കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്നവരാണ് ഇനിയൊരു കൂട്ടര്‍. ഇത്തരം കൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെ ചികിത്സിക്കാനും പുനരധിവസിപ്പിക്കാനുമായി 'ഫിനിക്‌സ് പ്രോഗ്രാം' എന്നാരു ചികിത്സാസമ്പ്രദായം പാശ്ചാത്യനാടുകളില്‍ നടപ്പാക്കിയിട്ടുണ്ട്.

ആഴ്ചയില്‍ 30-35 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള മനഃശാസ്ത്രചികിത്സയും കൗണ്‍സലിങ്ങും ആണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ വ്യക്തി മാനസികമായ നവീകരണത്തിന് സ്വയം സമര്‍പ്പിക്കാത്തപക്ഷം ഈ ചികിത്സകള്‍ പ്രത്യാശാജനകമല്ല. ബലാല്‍ക്കാരത്തിന് ഇരയായ സ്ത്രീയുടെ മാനസികാവസ്ഥകൂടി ശ്രദ്ധിക്കാം. സംഭവം നടന്നുകഴിഞ്ഞ് കുറെനേരത്തേക്ക് ഒന്നും ഓര്‍മിക്കാനാവാത്ത 'ബ്ലാക്ക് ഔട്ട്' അവസ്ഥയിലാവുന്നു പെണ്‍കുട്ടി. നടന്നത് സത്യമോ മിഥ്യയോ എന്ന സംശയവും അവളെ പിടികൂടുന്നു. പിന്നീട്, നടന്ന സംഭവങ്ങള്‍ ഒരു ചലച്ചിത്രത്തിലെന്നവണ്ണം മനസ്സിലേക്ക് കടന്നുവരികയായി. തനിക്കേറ്റ കളങ്കത്തെപ്പറ്റി അവള്‍ ബോധവതിയാവുന്നു. ആത്മഹത്യമുതല്‍ പ്രതികാരചിന്തവരെ പലതും മനസ്സിലേക്ക് കടന്നുവരികയായി. വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഒരവസ്ഥയാണിത്.

ലൈംഗിക കുറ്റകൃത്യങ്ങളില്‍ ബലിയാടായവരില്‍ ഭൂരിഭാഗം പേരും പില്‍ക്കാലത്ത് ഗുരുതരമായ മാനസികപ്രശ്‌നങ്ങള്‍ അനുഭവിക്കുന്നതായി കണ്ടിട്ടുണ്ട്. അപകര്‍ഷവും ആത്മനിന്ദയും ഇവരെ വേഗം ഗ്രസിക്കുന്നു. വിഷാദത്തിലേക്കും ആത്മഹത്യാപ്രവണതയിലേക്കും നീങ്ങുന്നവരാണ് ഒരു കൂട്ടര്‍; മറ്റൊരു വിഭാഗമാവട്ടെ പുരുഷവര്‍ഗത്തോടു മുഴുവന്‍ പകയും വാശിയുമായി ജീവിക്കുന്നു. ഉത്സാഹക്കുറവ്, ഭയം, സംശയം തുടങ്ങി പല രൂപത്തിലും പ്രശ്‌നങ്ങള്‍ ഉദയം ചെയ്യാം. ലൈംഗികമരവിപ്പ് ബാധിച്ച് മനഃശാസ്ത്രചികിത്സ തേടിയെത്തിയ പല സ്ത്രീകളും കുട്ടിക്കാലത്ത് മുതിര്‍ന്നവരുടെ ലൈംഗിക ചൂഷണത്തിന് ഇരയായതായി കണ്ടിട്ടുണ്ട്.
ബലാല്‍ക്കാരത്തിന് ഇരയായവരെ എങ്ങനെ കൈകാര്യം ചെയ്യണം എന്ന കാര്യത്തില്‍ സമൂഹത്തിന്റെ കാഴ്ചപ്പാട് മെച്ചപ്പെടാനുണ്ട്. കുറ്റപ്പെടുത്തുകയോ മാനസികമായി പീഡിപ്പിക്കുകയോ ചെയ്യുന്നത് ആഴമേറിയ വിഷാദരോഗത്തിനും ആത്മഹത്യക്കും കാരണമാവുന്നു. മനോരോഗങ്ങള്‍ക്ക് സാധ്യതയുള്ളവരില്‍ അത് പുറത്തുവരാനുള്ള അവസരം കൂടിയാണിത്. കാഴ്ചക്കാര്‍ സഹതാപം പ്രകടിപ്പിക്കുന്നതും കണ്ണീരൊഴുക്കുന്നതും ദുഃഖം വര്‍ധിക്കാന്‍ കാരണമാവും.

അടിയന്തരമായി വൈദ്യസഹായം ലഭ്യമാക്കാനും ആത്മഹത്യ തടയാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കാനുമാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. ഉപദേശമോ കൗണ്‍സലിങ്ങോ ഈ ഘട്ടത്തില്‍ അരുത്. പകരം അവളെ സംസാരിക്കാന്‍ പ്രേരിപ്പിക്കുകയും സംഭാഷണം നിര്‍വികാരതയോടെ കേട്ടിരിക്കുകയും വേണം. അപല്‍ഘട്ടം തരണം ചെയ്താല്‍ മനഃശാസ്ത്രചികിത്സ ലഭ്യമാക്കാന്‍ മടിക്കരുത്.
മാനഭംഗം ചെയ്യപ്പെട്ടു എന്ന പരാതിയുമായി അധികാരികളെ സമീപിച്ചാല്‍ അതു കൂടുതല്‍ നാണക്കേടിന് കാരണമാകും എന്നുകരുതി സ്ത്രീകള്‍ പലപ്പോഴും മൗനംഭജിക്കുന്നു. സ്ത്രീയുടെ സമ്മതത്തിനു വിപരീതമായി നടക്കുന്ന ഇത്തരം പ്രവൃത്തികളെ ബലാല്‍ക്കാരമായി കണക്കാക്കാം.

ഭീഷണിയിലൂടെ സമ്മതം നേടുന്നത് കൂടുതല്‍ കുറ്റകരമാണ്. മൈനറായ പെണ്‍കുട്ടിയാണ് ഇതിന് ഇരയാവുന്നതെങ്കില്‍ അവളുടെ സമ്മതം ഉണ്ടായിരുന്നാല്‍ക്കൂടി ബലാല്‍ക്കാരമായി പരിഗണിക്കപ്പെടുന്നു. ഉയര്‍ന്ന സ്ഥാനത്തുള്ള ഒരാള്‍ തന്റെ അധികാരം ഉപയോഗിച്ച് ഒരാളെ സ്വന്തം ഇംഗിതത്തിന് വഴിപ്പെടുത്തിയാല്‍ ശിക്ഷയുടെ കാഠിന്യം ഏറുകയേയുള്ളൂ. ഇത്തരം അവസരങ്ങളില്‍ സ്ത്രീയുടെ മൊഴി മുഖവിലയ്‌ക്കെടുക്കാന്‍ നിയമം തയ്യാറാവുന്നു. അതിനാല്‍ പരാതിക്കാര്‍ മടിച്ചുനില്‍ക്കാതെ നീതിപീഠത്തെ സമീപിക്കുകതന്നെ വേണം. മഹിളാസംഘടനകളും അഭിഭാഷകരുടെ ഫോറങ്ങളും ഇത്തരം കേസുകളില്‍ സൗജന്യ നിയമസഹായം നല്‍കാറുണ്ട്.