ഗര്‍ഭനിരോധന ഗുളികകള്‍ കഴിച്ച് മടുത്ത സ്ത്രീകള്‍ക്കൊരു ആശ്വാസവാര്‍ത്തയുണ്ട്. മേലില്‍ ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ഉപയോഗിക്കാനുള്ള ചുമതല അവര്‍ക്ക് മാത്രമായിരിക്കില്ല. ഏറെ നാളത്തെ ഗവേഷണ പരീക്ഷണങ്ങള്‍ക്കൊടുവില്‍ പുരുഷന്മാര്‍ക്കുള്ള ഗര്‍ഭനിരോധന കുത്തിവെപ്പ് വരുന്നു. ഫലപ്രദമായ രീതിയില്‍ താത്കാലികമായി ബീജത്തിന്റെ ഉത്പാദനം തടയുന്ന ഹോര്‍മോണ്‍ കുത്തിവെപ്പാണ്(ടെസ്റ്റോസ്റ്റിറോണ്‍ ഇന്‍ജക്ഷന്‍) ഗവേഷണശാലയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.വൃഷണങ്ങളില്‍ പ്രവര്‍ത്തിക്കുന്നതും പിറ്റിയൂട്ടറി ഗ്രന്ഥി ഉത്പാദിപ്പിക്കുന്നതുമായ ഗൊണാഡോട്രോഫിന്‍ എന്ന ഹോര്‍മോണിന്റെ ഉത്പാദനം കുറച്ചാണ് ബീജോത്പാദനം നിയന്ത്രിക്കുന്നത്. ടെസ്റ്റോസ്റ്റിറോണ്‍ ആണ് ഇതിനായി കുത്തിവെക്കുന്നത്. ഇങ്ങനെ ഗര്‍ഭധാരണം തടയാനാവും. ഈ പുതിയ പുരുഷ ഹോര്‍മോണില്‍ ഗര്‍ഭനിരോധന മാര്‍ഗത്തിന്റെ ഫലക്ഷമതയും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്നതിനായി 1045 ഉത്പാദനക്ഷമതയുള്ള പുരുഷന്മാരില്‍ ചൈനീസ് ഗവേഷകര്‍ പഠനം നടത്തുകയുണ്ടായി.
ഒരു കുട്ടിയെങ്കിലും ഉള്ള 20 നും 45 നും ഇടയില്‍ പ്രായമുള്ള പുരുഷന്മാരിലാണ് രണ്ടുവര്‍ഷം നീണ്ട പഠനം നടത്തിയത്. ഓരോരുത്തര്‍ക്കും മാസം തോറും 500 മില്ലിഗ്രാം ടെസ്റ്റോസ്റ്റിറോണ്‍ ഇഞ്ചക്ഷന്‍ 30 മാസം തുടര്‍ച്ചയായി നല്‍കുകയായിരുന്നു. ബീജത്തിന്റെ ഉത്പാദനം കുറയുന്നുണ്ടോ എന്ന് വിലയിരുത്താന്‍ ശുക്ലപരിശോധന നടത്തുകയുണ്ടായി. ഈ പരിശോധനാഫലമനുസരിച്ചാണ് പരീക്ഷണം തുടരാന്‍ തീരുമാനിച്ചത്. സ്ത്രീകള്‍ കഴിക്കുന്ന ഗര്‍ഭനിരോധന ഗുളികകള്‍, കോണ്ടം എന്നിവയെ അപേക്ഷിച്ച് മികച്ച ഫലമാണ് ടെസ്റ്റോസ്റ്റിറോണ്‍ കുത്തിവെപ്പിനുള്ളതെന്ന് തുടര്‍ന്നുള്ള നിരീക്ഷണങ്ങളില്‍ വ്യക്തമായി. പഠനസമയത്തും തുടര്‍ന്നും ഗൗരവതരമായ പാര്‍ശ്വഫലങ്ങളൊന്നും ഉണ്ടായതുമില്ല. കുത്തിവെപ്പ് നിര്‍ത്തിയ കാലത്ത് ബീജോത്പാദന ശേഷി തിരിച്ചുകിട്ടുന്നതായും കണ്ടെത്തി.
പേശിയിലേക്ക് നേരിട്ടാണ് ടെസ്റ്റോസ്റ്റിറോണ്‍ കുത്തിവെക്കുന്നത്. ഓരോരുത്തരുടെയും ആരോഗ്യനിലയും രക്തത്തിലെ ടെസ്റ്റോസ്റ്റിറോണിന്റെ അളവും നോക്കിയാണ് കുത്തിവെക്കേണ്ട അളവ് തീരുമാനിക്കുന്നത്. കുടുംബാസൂത്രണ രംഗത്ത് പുതിയ കണ്ടെത്തല്‍ വഴിത്തിരിവാകുമെന്നാണ് കരുതപ്പെടുന്നത്.
യാസിര്‍ ഫയാസ്













ഓരോ സംഭോഗത്തിലും പുരുഷന് നിക്ഷേപിക്കുന്ന അനേകലക്ഷം ബീജങ്ങളിലൊന്ന്, സ്ത്രീ മാസത്തിലൊന്നുവീതം ഉല്പാദിപ്പിക്കുന്ന ..




