കൊച്ചി: കാന്‍സര്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ പേടിച്ച് വിറക്കുന്നവരാണ് നമ്മളില്‍ പലരും. എന്തോ മാരക രോഗമാണെന്ന തെറ്റിദ്ധാരണയുള്ളവര്‍. എന്നാല്‍ കൃത്യമായ ചികിത്സയും പരിചരണവുമുണ്ടെങ്കില്‍ ഏത് രോഗത്തെ പോലെ മാറ്റാവുന്ന ഒരു അസുഖം മാത്രമാണ് കാന്‍സര്‍ രോഗവും. ഇതില്‍ ഏറ്റവും സാധാരണമായ കാന്‍സറാണ് തൈറോയ്ഡ് കാന്‍സര്‍. തൊണ്ടയെ ബാധിക്കുന്ന തൈറോയ്ഡ് കാന്‍സര്‍ രോഗികളുടെ എണ്ണത്തില്‍ മറ്റ് രാജ്യങ്ങളിലുള്ള പോലെ തന്നെ വലിയൊരു വര്‍ധനവ് നമ്മുടെ രാജ്യത്തുമുണ്ടായിട്ടുണ്ടെങ്കിലും ഇതിനെ ഒട്ടും പേടിക്കേണ്ടെന്ന്  എറണാകുളം ലേക്ഷോര്‍ ആശുപത്രിയിലെ ഹെഡ് ആന്‍ഡ് നെക്ക് സര്‍ജന്‍ (ഓങ്കോളജി) ഡോ. ഷോണ്‍ ജോസഫ് മാതൃഭൂമി ഡോട്ട് കോമിന്റെ ഫെയ്സ്ബുക്ക് പേജില്‍ വായനക്കാരുടെ സംശയങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു. 

ഏറ്റവും എളുപ്പം കണ്ടുപിടിക്കാവുന്നതും അതുപോലെ തന്നെ മരുന്നും ചികിത്സയും ഏത് ആശുപത്രിയിലും ലഭിക്കുന്ന രീതിയിലും ഇന്ന് നമ്മുടെ ചികിത്സാ രീതി മാറിയിട്ടുണ്ട്. ഒരു പരിചയ സമ്പന്നരായ ഓങ്കോളജി ഡോക്ടര്‍ക്ക് ഒറ്റ നോട്ടത്തില്‍ തന്നെ ഇത് കണ്ടുപിടിക്കാമെന്നത് കൊണ്ട്  രോഗ ചികിത്സ പെട്ടെന്ന് നിര്‍ദേശിച്ച് നല്‍കാവുന്നതുമാണ്. പക്ഷെ ഡോക്ടര്‍ നിര്‍ദേശിക്കുന്ന മരുന്ന് കൃത്യമായി പിന്തുടരണമെന്ന് മാത്രം. ഹോര്‍മോണ്‍ വ്യത്യാസം കൊണ്ട് പുരുഷന്‍മാരേക്കാള്‍ കൂടുതല്‍ സ്ത്രീകളിലാണ് ഇത്തരത്തിലുള്ള കാന്‍സര്‍  കാണപ്പെടുന്നത് എന്നതും ശ്രദ്ധേയമാണ്. 

തൊണ്ടയിലെ മുഴ, ശ്വാസ തടസ്സം, ഭക്ഷണമെടുക്കാനുള്ള ബുദ്ധിമുട്ട് എന്നിവയാണ് തൈറോഡ് കാന്‍സറിന്റെ പ്രധാന ലക്ഷണമായി കാണുന്നതെങ്കിലും വലിയ ചെലവും പാര്‍ശ്വഫലങ്ങളുമില്ലാത്ത ഓപ്പറേഷന്‍ കൊണ്ട് മാറ്റാവുന്നത് മാത്രമാണ് തൈറോയ്ഡ് കാന്‍സറെന്ന് ഡോ.ഷോണ്‍ ജോസഫ് പറയുന്നു. റേഡിയേഷന്‍ അയഡിന്‍, റേഡിയേഷന്‍, കുത്തി പരിശോധന എന്നീ ചികിത്സാ രീതികളാണ് ഇന്ന് തൈറോയ്ഡ് കാന്‍സറിന്റെ പ്രധാന ചികിത്സാ രീതി. ഹോര്‍മോണ്‍ വ്യാത്യാസം കൊണ്ട് പുരുഷന്‍മാരേക്കാള്‍ കൂടുതല്‍ സ്ത്രീകളിലാണ് തൈറോയ്ഡ് കാന്‍സര്‍ വരുന്നതെങ്കിലും ഓപ്പറേഷന് ശേഷം ശബ്ദമെടുക്കാനൊ ഭക്ഷണം കഴിക്കാനോ മറ്റോ പില്‍ക്കാലത്ത് ബുദ്ധിമുട്ടൊന്നുമുണ്ടാവുന്നില്ലെന്നും ഡോക്ടര്‍ ചൂണ്ടിക്കാട്ടി. 

കുറച്ച് കാലത്തേക്ക് തൈറോയ്ഡ് ഗുളിക സ്ഥിരമായി കഴിക്കേണ്ടി വരുമെങ്കിലും ഒന്നോ രണ്ടോ ദിവസം അത് വിട്ട് പോയാല്‍ പ്രശ്‌നങ്ങളുണ്ടാകുന്ന തരത്തിലുള്ളതല്ല തൈറോയ്ഡ്  ഗുളികകള്‍. പക്ഷെ പരമാവധി മറക്കാതെ കഴിക്കുകയെന്നത് തന്നെയാണ് ഇതിന്റെ പ്രധാന പ്രതിരോധ മാര്‍ഗം. ഇതിന് പുറമെ ആരോഗ്യമുള്ള ഏതൊരു രോഗിക്കും തൈറോയ്ഡ് ഓപ്പറേഷന്‍ ചെയ്യാമെന്നത്‌ മറ്റ് കാന്‍സറുകളെ അപേക്ഷിച്ച് തൈറോയ്ഡ് കാന്‍സറിനെ കണ്ടെത്താനും ചികിത്സിക്കാനും എളുപ്പമാക്കുന്നുവെന്നും ഡോ.ഷോണ്‍ ജോസഫ് കൂട്ടിച്ചേര്‍ത്തു.

ഡോ.ഷോണ്‍ ജോസഫുമായുള്ള അഭിമുഖ വീഡിയോ കാണാം