റ്റപ്പാലത്തു നിന്ന് ആയൂര്‍വേദത്തിന്റെ  ബാലപാഠം  സ്വായത്തമാക്കിയ ഡോക്ടറെ പാക്കിസ്ഥാനിലെ ഭരണാധികാരിയെ ചികിത്സിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അയയ്ക്കുക.  ഡോ.കെ.ജി രവീന്ദ്രന്‍  എന്ന ചികിത്സകന് അഭിമാനിക്കാന്‍ ഇതില്‍ പരം എന്തു വേണം? എന്നാല്‍ നേട്ടങ്ങളുടെ നെറുകയിലിരിക്കുമ്പോഴും വിനയത്തിന്റെയും  നിസ്വാര്‍ഥമായ മനസ്സിന്റെയും ആള്‍രൂപമായി രോഗികള്‍ക്കൊപ്പമാണ് ഈ ഡോക്ടര്‍. 

2005 ല്‍  മഞ്ഞു പെയ്യുന്ന   ഡിസംബറിലെ  അവസാന ആഴ്ചയിലാണ് കോയമ്പത്തൂര്‍ ആയൂര്‍വേദ ഫാര്‍മസിയിലെ മെഡിക്കല്‍ ഡയറക്ടറായ ഡോക്ടര്‍ കെ.ജി രവീന്ദ്രനെ,  അന്നത്തെ  പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പാക്കിസ്ഥാനിലേക്ക് അയച്ചത്.  അതും അവിടുത്തെ ഷജാത്ത് ഹുസൈന്‍ എന്ന ഭരണാധികാരിയുള്‍പ്പെടെയുള്ള പാക്കിസ്ഥാനികളെ ചികിത്സിക്കാന്‍...!രോഗികള്‍ക്ക് സാന്ത്വനമായി മാറുകയാണ് ഒരു ഡോക്ടറുടെ കര്‍ത്തവ്യം. അവിടെ ഭാഷയോ ദേശമോ ഒന്നും നോക്കേണ്ട.  കര്‍മ്മമാണ് പ്രധാനമെന്ന് തിരിച്ചറിഞ്ഞ ഡോക്ടര്‍ മറ്റൊന്നും ചിന്തിച്ചില്ല.അവിടെയെത്തി എല്ലാവരെയും ചികിത്സിച്ച് മടങ്ങിയെത്തി. 

കോയമ്പത്തൂര്‍ ആയൂര്‍വേദ ഫാര്‍മസിയിലെ ഒരു സായാഹ്നം.  തിരക്കുകള്‍ക്ക് താത്ക്കാലിക അവധി നല്‍കി  ഡോക്ടര്‍സംസാരിച്ചു തുടങ്ങി,  തനി നാട്ടുമ്പുറത്തുകാരന്റെ  മനസ്സോടെ... 


'' ഒറ്റപ്പാലത്ത് തൃക്കങ്ങോട്ട് രണ്ടു മൂര്‍ത്തി ക്ഷേത്രത്തിനടുത്ത് കണ്ണത്ത്  പൊതുവാട്ടാണ് ജനിച്ചത്. അമ്പലവാസിയാണ്. രണ്ടു മൂര്‍ത്തിയുടെ കഴകക്കാരായതിനാല്‍ പഠിക്കുമ്പോള്‍ ചെറിയ ക്ലാസിലാകുമ്പോള്‍  മാല കെട്ടി വെച്ചിട്ടാണ് സ്‌കൂളില്‍ പോയിരുന്നത്. പിന്നീട് ഹൈസ്‌കൂളിലെത്തിയപ്പോഴാണ് കഴകമെല്ലാം ഒഴിവാക്കിയത്. ഇപ്പോഴും നാട്ടിലെത്തിയാല്‍ സമയമുണ്ടെങ്കില്‍ രണ്ടു മൂര്‍ത്തി ക്ഷേത്രത്തിലെ ശീവേലിയ്ക്ക് വിളക്ക് പിടിക്കും. അതാണ് എനിക്കേറ്റവും  ഇഷ്ടം.'' 

dr kg raveendran

  • കുട്ടിയായിരുന്നപ്പോള്‍  അസുഖബാധിതനായി മരണത്തെ മുഖാമുഖം കണ്ട്  ഒരു പുനര്‍ജന്മം കിട്ടിയതുപോലെയാണ് ഡോക്ടറുടെ ജീവിതമെന്ന് കേട്ടിട്ടുണ്ട്. 

 "വളരെ ചെറുപ്പത്തില്‍ പനി പിടിച്ചപ്പോള്‍  മരിച്ചുവെന്ന് കരുതി നിലത്തിറക്കി കിടത്തി   തലയ്ക്കല്‍  വിളക്ക് കത്തിച്ചുവെച്ചു വെന്നാണ് പറഞ്ഞു  കേട്ടത്. ആ സമയത്ത്  അച്ഛന്‍ വീട്ടില്‍ ഇല്ല. അന്നത്തെ കാലത്ത് ഡോക്ടര്‍മാര്‍ വീട്ടില്‍ വന്നാല്‍ രോഗം എന്തായെന്ന്   നിരീക്ഷിക്കാന്‍  അവിടെയിരിക്കും.  ഡോ. കെ.പി .ജി മേനോന്‍ ഒറ്റപ്പാലത്തെ  വളരെ പ്രശസ്തനായ ഡോക്ടറാണ്. അദ്ദേഹം മരുന്നൊക്കെ നല്‍കി എന്നെ നിരീക്ഷിച്ചിരിക്കുമ്പോഴാണ്  അച്ഛന്‍ വീട്ടിലെത്തുന്നത്. എന്തായെന്ന ചോദ്യത്തിന് കഴിയാറായിട്ടുണ്ട്,ഇനി വെച്ചിരിക്കേണ്ടല്ലോയെന്ന കരുതി താഴേക്ക് എടുത്ത് കിടത്തിയതാണെന്നായിരുന്നു അവിടെയുള്ളവരുടെ മറുപടി .അച്ഛന്‍വന്ന് നോക്കിയപ്പോള്‍  നാഡി മിടിപ്പുണ്ട്. വായയൊക്കെ അടഞ്ഞിരിക്കുന്നു. അക്കാലത്ത് വൈദ്യുതിയൊന്നുമില്ല.  കത്തിച്ചു വെച്ച മാടമ്പി  വിളക്കില്‍ കൈയിട്ട് എണ്ണയെടുത്ത് കൈയിലാക്കി അച്ഛന്‍   തടവിയപ്പോള്‍ വായ തുറന്നു. അദ്ദേഹത്തിന്റെ  കൈയില്‍ എപ്പോഴും  കുറച്ച് മരുന്നൊക്കെയുണ്ടാകും ആ മരുന്ന് വായിലേക്ക് ഒഴിച്ച് നല്‍കി  ചികിത്സിച്ച്  ജീവിതത്തിലേക്ക്  തിരിച്ചു  കൊണ്ടു വരികയായിരുന്നുവെന്നാണ് പറയുന്നത്.  അഞ്ചു വയസ്സുള്ളപ്പോഴായിരുന്നു അത്.  അന്ന്   എനിക്ക്  ഒരു ദശാസന്ധിയായിരുന്നു. ആ ദശയിലുള്ള കുട്ടികള്‍ക്കൊക്കെ പല തരം രോഗങ്ങള്‍ ഞാന്‍  ഇന്നും  കാണുന്നു. "

  • പ്രശസ്തനായ  ആയൂര്‍വേദ വൈദ്യനും അച്ഛനുമായ  ഗോപാലപൊതുവാളിന്റെ  വഴിയേ ആയൂര്‍വേദത്തിലെത്തിയപ്പോള്‍? 

"കൊച്ചി രാജവംശത്തിലെ  വൈദ്യനായിരുന്നു അച്ഛന്‍.   പിന്നീട് കേരള വര്‍മ ആയൂര്‍വ്വേദ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ  ഡയറക്ടരായിരുന്നു, തുടര്‍ന്ന്  കോയമ്പത്തൂര്‍ ആയൂര്‍വേദ ഫാര്‍മസി ഹെഡ് ഓഫീസില്‍ വൈദ്യനായി. പിന്നീട്  ഒറ്റപ്പാലം എസ്.എന്‍.എ ഔഷധ ശാലയില്‍ ജോലി ചെയ്തു. കുട്ടിക്കാലത്ത്    അച്ഛന്  കുറുന്തോട്ടി  അഞ്ച് കഴഞ്ച്, ചുക്ക് രണ്ട് കഴഞ്ച് എന്നൊക്കെ വൃത്തിയായി  മരുന്നു കുറിപ്പടികള്‍ എഴുതിക്കൊടുത്തിരുന്നു.   മരുന്നുകളുടെ ഗുണങ്ങള്‍ അറിയില്ലെങ്കിലും പേരുകള്‍ കാണാപ്പാഠമായിരുന്നു. അന്ന് കോഴിക്കോട്ട് മെഡിക്കല്‍ കോളേജില്‍ നിന്നും വെല്ലൂര്‍ ഹോസ്പിറ്റലില്‍ നിന്നും ഒഴിവാക്കിയ രോഗികള്‍ അസുഖം ഭേദമായി നടന്നു പോകുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അതാണ് ആയൂര്‍വേദത്തില്‍ എന്റെ ആത്മവിശ്വാസം. സയന്‍സിന്റെ മുകളില്‍ സംശയമുണ്ടായിരുന്നില്ല.   അത്രത്തോളം ഞാന്‍  ഉയരുമോയെന്നുമാത്രമേ സംശയമുണ്ടായിരുന്നുള്ളൂ. "

dr kg ravendran

  • പഠനം? 

"ഒറ്റപ്പാലം എന്‍.എസ്.എസ് സ്‌കൂള്‍, എന്‍.എസ്.എസ്.കോളജ് എന്നിവിടങ്ങളിലായിരുന്നു. എന്‍.എസ്.സ് കോളേജില്‍ പഠിക്കുമ്പോഴാണ് കോയമ്പത്തൂര്‍ ആയൂര്‍വേദ കോളേജില്‍ എത്തുന്നത്.ഞാന്‍ ഉള്‍പ്പെടെയുള്ള ആദ്യത്തെ ഏഴ് ബാച്ച് ഗുരുകുല വിദ്യാഭ്യാസമായിരുന്നു. മാങ്കര എന്ന സ്ഥലത്ത് ടോട്ടലി റസിഡന്‍ഷ്യലായിട്ട്  പഠിച്ചത്. .ഏഴരക്കൊല്ലമാണ് കോഴ്‌സ്. ഞാന്‍ മൂന്നാമത്തെ  ബാച്ചിലാണ് പഠിച്ചത്.  മദ്രാസ് യൂണിവേഴ്‌സിറ്റിയുടെതാണ് കോഴ്‌സ്.  കോയമ്പത്തൂര്‍ ആയൂര്‍വേദ ഫാര്മസിയുടെ ശാഖകളിലല്ലാതെ  വേറെ എവിടെയും ജോലി ചെയ്തിട്ടില്ല.   കുട്ടിക്കാലത്ത്   എനിക്ക്   എന്‍ജിനീയറിങ്ങായിരുന്നു ഇഷ്ടം.ആയൂര്‍വേദത്തിനോട് ഇഷ്ടം തോന്നിയത്, നമുക്കിഷ്ടമുള്ള സാധനങ്ങളൊക്കെ കഴിക്കാം  അതിനു ശേഷം  അസ്വസ്ഥത തോന്നിയാല്‍ എന്തെങ്കിലും പൊടിയെടുത്ത് കഴിച്ചാല്‍ മതി എന്നൊക്കെ മനസ്സിലാക്കിയപ്പോഴാണ്.  കുട്ടിക്കാലം മുതല്‍ മരുന്നിനോട് ഒന്നിച്ചല്ലേ വളര്‍ന്നത്."

  • ജ്യോതിഷത്തില്‍ വിശ്വാസമുള്ളവര്‍  സമയം നോക്കി ചികിത്സിക്കണമെന്ന് പറയാറുണ്ടല്ലോ?  

"സമയം നോക്കി ചികിത്സിക്കണമെന്നതില്‍ എനിക്ക്  100 ശതമാനം വിശ്വാസമുണ്ട്.  ഗ്രഹങ്ങള്‍ അനുകൂലമാണെങ്കില്‍രോഗം പെട്ടെന്ന് ഭേദമാകും. കഷ്ടപ്പെട്ട സമയമാണെങ്കില്‍ പെട്ടെന്ന് മാറുകയില്ല. ആയൂര്‍ വേദവും ജ്യോതിഷവുമായി വളരെയധികം ബന്ധമുണ്ട്. മുമ്പ് രോഗം മാറുന്നില്ലെങ്കില്‍ ജ്യോതിഷിയെ വിളിച്ച് പ്രശ്‌നം വെപ്പിക്കുമായിരുന്നു. ആയൂര്‍വേദം വേണോ അലോപ്പതി വേണോയെന്ന്  നോക്കുമായിരുന്നു. അതെല്ലാം നോക്കി ചികിത്സിച്ചാല്‍ ഫലപ്രദമാകുന്നുണ്ട്. ആയിരത്തിലധികം ക്ലിനിക്കല്‍ കണ്ടീഷനിലുള്ളവര്‍ ഇവിടെ വരുന്നുണ്ട്.അതില്‍ 38 സ്‌പെഷ്യാലിറ്റിയെങ്കിലും വേണ്ടി വരും. വാസ്തവത്തില്‍ ജനത്തിന്റെ നന്മയ്ക്കാണ് അലോപ്പതിയും ആയൂര്‍വേദവുമെങ്കില്‍ പിന്നെ  എന്തിനാണ് മത്സരം. "

  • ഇപ്പോള്‍  നല്ല മരുന്നുകള്‍ കിട്ടുമോ? 

നല്ല മരുന്നുകളെ ഞാനടക്കമുള്ള വൈദ്യന്‍മാര്‍ നശിപ്പിച്ചു കൊണ്ടിരിക്കുകയാണ്. എടുക്കുന്നതിന് അനുസരിച്ച് തിരിച്ച് കൊടുക്കുകയെന്ന് പറയുന്ന സമ്പ്രദായമില്ല.  നമ്മള്‍പ്രകൃതിയില്‍ നിന്ന് എടുത്തു കഴിഞ്ഞാല്‍ തിരിച്ചു കൊടുക്കുന്നതാണ്  ഭാരതീയ തത്വം.

  • കുടുംബം?  

ഭാര്യ ഉഷ വീട്ടമ്മയാണ്. മകന്‍ അഭിരാം ആയൂര്‍വേദവിദ്യാര്‍ഥിയാണ്. എല്ലാവരും രണ്ടു വര്‍ഷം മുമ്പ് വരെ  കോയമ്പത്തൂരായിരുന്നു. ഇപ്പോള്‍ ഒറ്റപ്പാലത്താണ്. 18 വര്‍ഷമായി കോയമ്പത്തൂര്‍ ആയൂര്‍വേദ ഫാര്‍മസിയിലാണ് ഞാന്‍. ഇവിടെ നിന്ന് അവധി കിട്ടുമ്പോള്‍ ഒറ്റപ്പാലത്തു പോയി വരും. അമ്മയ്ക്ക്  (ലക്ഷ്മിക്കുട്ടി പൊതുവാള്‍സ്യാര്‍ ) ഞാന്‍  അച്ഛനെ പോലെ വീട്ടില്‍ നിന്ന്  പരിശോധന നടത്തണമെന്ന്  വലിയ ആഗ്രഹമുണ്ടായിരുന്നു.  അതിനാല്‍ മാസത്തില്‍ രണ്ട് തവണ വീട്ടില്‍ വന്ന്  രോഗികള്‍ക്ക് മരുന്ന് കുറിച്ചു കൊടുക്കാറുണ്ട്. മാസത്തിലൊരിക്കല്‍  12 അമ്പലത്തില്‍ തൊഴും. 27 വര്‍ഷമായി തുടരുന്നതാണ്. ചോറ്റാനിക്കര മുതല്‍ കുറച്ചു ക്ഷേത്രങ്ങളുണ്ട് .ഉണ്ടില്ലെങ്കിലും ഉറങ്ങിയില്ലെങ്കിലും എങ്ങനെയെങ്കിലും അവിടെയൊക്കെ  എത്തിയിരിക്കും. ഇതു വരെയും ഒരു കാരണവശാലും ഭഗവാന്‍ മുടക്കിയിട്ടില്ല. അവിടങ്ങളില്‍  പോയി വന്നാല്‍ എനിക്ക് വലിയ ഊര്‍ജമാണ്.