നിങ്ങള്‍ തടി കുറയ്ക്കാനായുളള ഡയറ്റിങിനൊരുങ്ങുകയാണോ? എന്നാല്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഒരു പ്രഭാതത്തില്‍ പെട്ടെന്നൊരു തീരുമാനമെടുത്ത് ഭക്ഷണം നിയന്ത്രിച്ച് തടി കുറയ്ക്കാന്‍ ശ്രമിക്കുന്നതില്‍ ഒട്ടേറെ അപകടങ്ങളുണ്ട്. അശാസ്ത്രീയമായ അത്തരം രീതികള്‍ ആരോഗ്യത്തെ സാരമായി ബാധിക്കും. തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളിതാ..

1.പെട്ടൊന്നൊരു ദിവസം വ്യക്തമായ പ്ലാനിങ് ഒന്നും തന്നെയില്ലാതെ ഡയറ്റിങ് ആരംഭിക്കുന്നത് ആരോഗ്യത്തെ എങ്ങനെ ബാധിക്കും?

പെട്ടെന്നൊരു ദിവസംആഹാരം ക്രമീകരിച്ച് കുറയ്ക്കാവുന്ന ഒന്നല്ല ശരീരഭാരം. അത്രയും കാലം ശരീരത്തിന് നമ്മള്‍ ഒരളവില്‍ നല്‍കി വന്നിരുന്ന പോഷകങ്ങള്‍ ഇല്ലാതാക്കുകയാണ് അത്തരമൊരു എടുത്തുചാട്ടത്തിലൂടെ ചെയ്യുന്നത്. അതുകൊണ്ട് തന്നെ ലഭ്യമായ പോഷകം ശരീരം ഉപയോഗിക്കുകയും എന്നാല്‍ പെട്ടെന്ന് ആരംഭിച്ച ആഹാരനിയന്ത്രണം കാരണം പീന്നീട് പോഷകങ്ങള്‍ ശേഖരിക്കപ്പെടാതെ വരികയും ചെയ്യുന്നത് കൊണ്ടു തന്നെ ശരീരത്തിന് അമിതമായ ക്ഷീണം അനുഭവപ്പെടും. ഇത് കൂടാതെ ഷുഗര്‍, ബി.പി എന്നിവ കുറയാനും കാരണമായേക്കും. 


2.ധാരാളം വെളളം കുടിച്ചാല്‍ ശരീരഭാരം കുറയുമെന്ന് പറയുന്നത് ശരിയാണോ?

ഇതൊരു തെറ്റായ ധാരണയാണ്. നമ്മുടെ ശരീരത്തിന് ചായ,കാപ്പി,ജ്യൂസ് എന്നീ പാനീയങ്ങളും ശുദ്ധജലവും ഉള്‍പ്പെടെ മൂന്ന് ലിറ്ററോളം വെള്ളമാണ് ഒരു ദിവസം ആവശ്യമായി വരുന്നത്. എന്നാല്‍ തടി കുറയ്ക്കാനായി ധാരാളം വെള്ളം കുടിക്കുമ്പോള്‍ വയര്‍ പെട്ടെന്ന് നിറയുകയും വിശപ്പ് കുറയുകയും ചെയ്യുന്നു. വ്യായാമം ചെയ്യാതെയും ആഹാരം നിയന്ത്രിക്കാതെയും ധാരാളം വെള്ളം കുടിച്ച് മെലിയാന്‍ ശ്രമിക്കുന്നത് അനാരോഗ്യകരമായ പ്രവണതയാണ്. കൂടാതെ ഇത് പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകും. ശരീരത്തിലെ കോശങ്ങളില്‍ വെള്ളം അമിതമായ അളവില്‍ എത്തിച്ചേരുന്നതിനും കിഡ്‌നിയ്ക്ക് 
താങ്ങാവുന്നതിലധികം ജലം ശരീരത്തില്‍ എത്തുന്നതിനും കാരണമാകും. 

3.മാംസാഹാരം പൂര്‍ണ്ണമായും ഉപേക്ഷിച്ച് കൊണ്ടുളള ഡയറ്റിങ് ശരീരഭാരം പെട്ടെന്ന് കുറയ്ക്കാന്‍ സഹായിക്കുമോ?

തെറ്റാണ്. കാരണം മാംസാഹാരത്തില്‍ അടങ്ങിയിരിക്കുന്ന പ്രോട്ടീനാണ് പൊണ്ണത്തടിക്ക് കാരണമാകുന്നത്. ഇവയില്‍ നിന്നുളള പ്രോട്ടീനുകള്‍ അമിതമായ അളവില്‍ ശരീരത്തില്‍ അടിഞ്ഞുകൂടുന്നതാണ് പ്രശ്‌നം. പക്ഷെ  മാംസാഹാരത്തില്‍ നിന്നും ലഭിക്കുന്ന സമാനമായ പ്രോട്ടീനുകള്‍ നമുക്ക് പയര്‍വര്‍ഗ്ഗങ്ങളില്‍ നിന്നും പാലില്‍ നിന്നും തൈരില്‍ നിന്നും മറ്റും ലഭിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ മാംസാഹാരം പൂര്‍ണ്ണമായും ഉപേക്ഷിച്ചതു കൊണ്ടു മാത്രം തടി കുറയില്ല. ശരീരത്തിന് ആവശ്യമായ അളവില്‍ മാത്രം കലോറിയും പ്രോട്ടീനും വിറ്റാമിനുകളും അടങ്ങിയ ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കുക. ഇതിനായി സമീകൃത ആഹാരരീതി പിന്തുടരുന്നതാണ് ശരിയായ രീതി. 

45

4.വ്യായാമം ഒന്നും തന്നെ ചെയ്യാതെ ആഹാരം നിയന്ത്രിച്ച് മാത്രം തടി കുറയ്ക്കുന്നത് ശരിയാണോ?

വ്യായാമം അത് കുറച്ചു ദൂരം നടക്കുന്നതായാല്‍ പോലും ശരീരത്തിന് ഒട്ടേറെ പ്രയോജനം നല്‍കുന്ന ഒന്നാണ്. ഓരോ ദിവസവും നാം കഴിക്കുന്ന ആഹാരവും അമിതമായി അടിഞ്ഞു കൂടുന്ന കൊഴുപ്പും നീക്കം ചെയ്യുന്നതിനായി ചിട്ടയായ വ്യായാമം ആവശ്യമാണ്. തടി കുറയ്ക്കാന്‍ എന്നതിലുപരി മികച്ച ആരോഗ്യത്തിനായും രോഗപ്രതിരോധശേഷി ലഭിക്കാനും വ്യായാമം വളരെ അത്യാവശ്യമാണ്.

5.ഏറെനാള്‍ ഡയറ്റ് ചെയ്തിട്ടും ശരീരഭാരം ഒട്ടും കുറഞ്ഞില്ലെങ്കില്‍ ഡോക്ടറെ കാണേണ്ട ആവശ്യമുണ്ടോ? അത് മറ്റെന്തെങ്കിലും രോഗലക്ഷണമായിരിക്കുമോ?

തീര്‍ച്ചയായും ഡോക്ടറെ കാണണം. കാരണം ഹോര്‍മോണ്‍ വ്യതിയാനം തൈറോയിഡ് പ്രശ്‌നങ്ങള്‍ എന്നിവ അമിതവണ്ണത്തിലേക്ക് നയിക്കുന്ന രണ്ട് പ്രധാനകാരണങ്ങളാണ്. രക്തപരിശോധന നടത്തി രോഗം നിര്‍ണ്ണയിക്കാവുന്നതാണ്. ഇത് കൂടാതെ മറ്റ് പല രോഗങ്ങളും അമിതവണ്ണത്തിന് ഇടയായേക്കാം. അതുകൊണ്ട് തന്നെ ഏറെ നാളത്തെ ആഹാരനിയന്ത്രണവും വ്യായാമവും ചിട്ടയായ ജീവിതരീതിയും തടി കുറയ്ക്കാന്‍ സഹായകമായില്ലെങ്കില്‍ ഡോക്ടറുടെ സേവനം തേടണം. 

6. തടി കുറയ്ക്കാനായി നാം മിതമായ അളവില്‍ മാത്രം കഴിക്കേണ്ട ആഹാരപദാര്‍ത്ഥങ്ങള്‍ ഏതൊക്കെയാണ്?

പ്രധാനമായും ഒഴിവാക്കേണ്ടത് ഉയര്‍ന്ന കലോറി അടങ്ങിയിട്ടുളള ആഹാരമാണ്. ബേക്കറിസാധനങ്ങള്‍, എണ്ണയില്‍ പൊരിച്ചതും വറുത്തതുമായ ആഹാരം, മധുരപദാര്‍ത്ഥങ്ങള്‍, കാര്‍ബോഹൈഡ്രേറ്റ് കൂടുതലടങ്ങിയ അരിഭക്ഷണം മിതമായ അളവില്‍ കഴിക്കുക, ധാരാളം ഫ്രൂട്ട്‌സ് കഴിക്കാം പക്ഷെ പഞ്ചസാരയിട്ട് ജ്യൂസ് കഴിക്കുന്നതിന് നിയന്ത്രണം വേണം.


7. കൃത്യമായ ഒരു ഡയറ്റ് ചാര്‍ട്ട് നിര്‍ദ്ദേശിക്കാമോ?

അത്തരത്തില്‍ എല്ലാവര്‍ക്കും ഒരുപോലെയുളള ഒരു ഡയറ്റ് ചാര്‍ട്ട് നിര്‍ദ്ദേശിക്കാന്‍ പറ്റില്ല. പ്രായം, ശരീരഘടന, ചെയ്യുന്ന ജോലി എന്നിങ്ങനെ ഒട്ടേറെ ഘടകങ്ങള്‍ പരിഗണിക്കേണ്ടതായിട്ടുണ്ട്. എന്നാലും രാവിലെ ആവിയില്‍ പാകം ചെയ്ത പുട്ട്, കൂടാതെ അരി ആഹാരമായ ദോശ, ഇഡ്ഡലി എന്നിവ കഴിക്കാം. ഇടവേളകളില്‍ പച്ചക്കറികളും ഫ്രൂട്ട്‌സും സാലഡാക്കി കഴിക്കാം. ഉച്ചയ്ക്ക് മിതമായ അളവില്‍ ചോറും  ധാരാളം പച്ചക്കറികള്‍ ഉള്‍പ്പെടുന്നതുമായ ലഞ്ച് കഴിക്കാം. രാത്രി ചോറിന് പകരം ചപ്പാത്തി ശീലിക്കാം.

(കോഴിക്കോട് ഗവ. ജനറല്‍ ആശുപത്രിയിലെ ഡയറ്റീഷ്യനാണ് സുനി ഷിബു)
തയ്യാറാക്കിയത്: വി.ശാരിക