ന്യൂഡല്‍ഹി: ശ്വാസകോശരോഗങ്ങള്‍മൂലം ഏറ്റവും കൂടുതല്‍ മരണങ്ങള്‍ ഉണ്ടാകുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ മുന്നില്‍. 2015-ല്‍ ആസ്ത്മ, സി.ഒ.പി.ഡി. രോഗങ്ങളാല്‍ ലോകത്ത് 30 ലക്ഷത്തിലധികം മരണങ്ങള്‍ ഉണ്ടായെന്ന് പ്രമുഖ ആരോഗ്യ ജേണലായ ലാന്‍സെറ്റ് പ്രസിദ്ധീകരിച്ച 'ഗ്ലോബല്‍ ബേര്‍ഡന്‍ ഓഫ് ഡിസീസ്' എന്ന പഠനത്തില്‍ വ്യക്തമാക്കുന്നു.
 
ഇന്ത്യയ്‌ക്കൊപ്പം പാപ്പുവ ന്യൂ ഗിനി, ലെസോത്തോ, നേപ്പാള്‍ എന്നീ രാജ്യങ്ങളിലാണ് ശ്വാസകോശ രോഗങ്ങള്‍ ഏറ്റവും കൂടുതല്‍. അഫ്ഗാനിസ്താന്‍, മധ്യ ആഫ്രിക്ക, ഫിജി തുടങ്ങിയ രാജ്യങ്ങളിലും ആസ്ത്മ കൊലയാളിയാകുന്നു.

ഇന്ത്യയില്‍ പതിനായിരത്തില്‍ മൂവായിരത്തോളം പേര്‍ ശ്വാസകോശ രോഗങ്ങള്‍കാരണം ബുദ്ധിമുട്ടനുഭവിക്കുന്നുണ്ടെന്നാണ് കണക്ക്. 1990 മുതല്‍ 2015 വരെയുള്ള കാലഘട്ടത്തിലെ വിവരങ്ങളാണ് പഠനത്തിന് ആധാരമാക്കിത്. ഈ കാലയളവില്‍ 11.6 ശതമാനമാണ് മരണനിരക്കിലുണ്ടായ വര്‍ധന. രോഗങ്ങള്‍ 44 ശതമാനവും. ആസ്ത്മ മൂലമുണ്ടാകുന്നതിന്റെ എട്ട് ഇരട്ടിയാണ് സി.ഒ.പി.ഡി. മൂലമുണ്ടാകുന്ന മരണങ്ങള്‍.

ക്രോണിക് ബ്രോങ്കൈറ്റിസ്, എംഫിസിമ തുടങ്ങിയ ശ്വാസകോശാവസ്ഥകളാണ് സി.ഒ.പി.ഡി. വായുമലിനീകരണവും പുകവലിയുമാണ് ഇതിന്റെ പ്രധാന കാരണങ്ങള്‍. ശ്വാസകോശ രോഗങ്ങള്‍ വലിയതോതില്‍ വൈകല്യങ്ങള്‍ക്ക് കാരണമാകുന്നുവെന്നും പഠനം വ്യക്തമാക്കുന്നു. വികസ്വര രാജ്യങ്ങളിലാണ് ശ്വാസകോശരോഗങ്ങള്‍ കൂടുതല്‍ പിടിമുറുക്കുന്നത്.

രോഗങ്ങള്‍ കണ്ടെത്താന്‍ വൈകുന്നതാണ് മരണനിരക്ക് കൂടാന്‍ കാരണം. വായുമലിനീകരണ തോത് കുറയ്ക്കാനുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിക്കണമെന്ന് പഠനം നിര്‍ദേശിക്കുന്നു. കൂടാതെ, ശ്വാസകോശ രോഗങ്ങളുടെ മേഖലയില്‍ കൂടുതല്‍ പഠനങ്ങള്‍ നടത്തേണ്ടതിന്റെ ആവശ്യകതയും ചൂണ്ടിക്കാണിക്കുന്നു.