
ബോസ്റ്റണ്‍: ലോകത്തെ ആദ്യ വൃക്കമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി നടത്തി ചരിത്രം സൃഷ്ടിച്ച ഡോ.ജോസഫ് മുറേ (93) അന്തരിച്ചു. വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്കാരം നേടിയിട്ടുള്ള അദ്ദേഹം, മഷ്തിഷ്ക്കാഘാതത്തെ തുടര്‍ന്ന് ബോസ്റ്റണില്‍ തിങ്കളാഴ്ചയാണ് അന്തരിച്ചത്.
മുറേയുടെയും സംഘത്തിന്റെയും നേതൃത്വത്തില്‍ മനുഷ്യരില്‍ വൃക്കമാറ്റിവെയ്ക്കല്‍ ആദ്യമായി നടന്നത് 1954 ലാണ്. ഇരട്ടസഹോരങ്ങളില് ഒരാളുടെ വൃക്കയാണ് മറ്റേയാള്‍ക്ക് മാറ്റി വെച്ചത്. വൈദ്യശാസ്ത്രരംഗത്ത് പുതിയൊരു മേഖലയുടെ പിറവിയാണ് അതുവഴിയുണ്ടായതെന്ന് വിലയിരുത്തപ്പെടുന്നു.
തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍, രോഗിയുടെ ശരീരം അന്യകോശഭാഗങ്ങളെ തിരസ്ക്കരിക്കുന്നത് തടയാനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ മുറേ അന്വേഷണം തുടര്‍ന്നു. ശസ്ത്രക്രിയാരംഗത്ത് അദ്ദേഹം നല്കിയ സംഭാവനകളെ മുന്‍നിര്‍ത്തി 1990 ല്‍ വൈദ്യശാസ്ത്ര നൊബേല്‍ അദ്ദേഹത്തിന് നല്കപ്പെട്ടു. ഡൊനാല് തോമസ് മുറേയ്ക്കൊപ്പം ആ വര്‍ഷത്തെ നൊബേല്‍ പങ്കിട്ടു.
'തടസ്സങ്ങള്‍ സാധ്യതകളാണ്' എന്ന ഉദ്ധരണിയാണ് വീട്ടില്‍ തന്റെ പിതാവിന്റെ മേശയ്ക്ക് മുകളില്‍ ഉള്ളതെന്ന്, മുറേയുടെ മകന് റിക്ക് ഒരു പ്രസ്താവനയില്‍ പറഞ്ഞു.
1919 ഏപ്രില്‍ ഒന്നിന് അമേരിക്കയിലെ മില്ഫോര്ഡില് ജനിച്ച അദ്ദേഹം, 1940 കളില്‍ ഹാര്‍വാഡ് മെഡിക്കല്‍ സ്കൂളില്‍ നിന്നാണ് ഗ്രാഡ്വേഷന് പൂര്‍ത്തിയാക്കിയത്. രണ്ടാംലോകമഹായുദ്ധകാലത്ത് മുറിവേറ്റ ആളുകളെ ചികിത്സിക്കുന്ന വേളയിലാണ് അവയവം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയില്‍ അദ്ദേഹത്തിന് താത്പര്യം ജനിക്കുന്നത്.
ബോസ്റ്റണിലെ ബ്രിഹാം ആന്‍ഡ് വിമെന്‍സ് ഹോസ്പിറ്റലില്‍ നിന്ന് സര്‍ജറി പരിശീലനം പൂര്‍ത്തിയാക്കിയ മുറേ, പിന്നീട് അവിടെ തന്നെ പ്ലാസ്റ്റിക് സര്‍ജറി വിഭാഗത്തില്‍ ചേര്‍ന്നു. അവിടെവെച്ചാണ് വൃക്കമാറ്റിവെയ്ക്കലുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ നടത്തിയത്.
മുറേയുടെ മുന്നേറ്റത്തിന് ശേഷം ലോകത്താകമാനം ആറുലക്ഷം പേര്‍ക്കെങ്കിലും വൃക്കമാറ്റിവെയ്ക്കല്‍ വഴി പുതുജീവിതം ലഭിച്ചു എന്നാണ് കണക്ക്.













അടുത്ത ബന്ധുക്കളല്ലാത്ത വിദേശികള്‍ക്ക് അവയവങ്ങള്‍ ദാനംചെയ്യുന്നത് വിലക്കിക്കൊണ്ടുള്ള ചട്ടങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ..




