
സ്റ്റോക്ഹോം: ശരീരത്തിലെ സാധാരണ കോശങ്ങളെ വിത്തുകോശമാക്കി പരിവര്‍ത്തനം ചെയ്യാമെന്നു കണ്ടെത്തിയ ഗവേഷകര്‍ ഈ വര്‍ഷത്തെ വൈദ്യശാസ്ത്ര നൊബേല്‍ കരസ്ഥമാക്കി. ബ്രിട്ടനിലെ ജോണ്‍ ഗര്‍ഡനും ജപ്പാനിലെ ഷിനിയ യമനാകയുമാണ് ആറരക്കോടിരൂപ വരുന്ന സമ്മാനത്തുക പങ്കുവെക്കുക.
ഭാവിയില്‍, മാറാരോഗങ്ങളുടെ ചികിത്സയില്‍ സുപ്രധാന സ്ഥാനം ലഭിക്കുമെന്നു കരുതുന്ന വിത്തുകോശ ഗവേഷണത്തിലെ നിര്ണായകകണ്ടുപിടിത്തങ്ങളാണ് ഇരുവരും നടത്തിയതെന്ന് നൊബേല്‍ പുരസ്കാര സമിതി വിലയിരുത്തി.
ബീജസങ്കലനം നടന്ന് ദിവസങ്ങള്‍മാത്രം പ്രായമുള്ള ഭ്രൂണത്തിലാണ് വിത്തുകോശങ്ങളുണ്ടാവുക. ഏതു ശരീര ഭാഗത്തിനും പറ്റിയ കോശമായി വിത്തുകോശങ്ങള്‍ പിന്നീട് മാറും. അതുകൊണ്ടുതന്നെ ശരീരകലകളുടെ ശോഷണം കൊണ്ടുണ്ടാകുന്ന അസുഖങ്ങളെ ആ കലകളില്‍ വിത്തുകോശങ്ങള്‍ സന്നിവേശിപ്പിച്ചു വളര്‍ത്തിയെടുത്ത് ഭേദമാക്കാമെന്നാണ് കരുതുന്നത്. ഇതാണ് വിത്തുകോശ ചികിത്സ.
വിത്തുകോശചികിത്സയ്ക്കും അതുസംബന്ധിച്ച ഗവേഷണങ്ങള്‍ക്കും വേണ്ട കോശങ്ങള്‍ ഭ്രൂണത്തില്നിന്നാണ് എടുത്തിരുന്നത്. അങ്ങനെ വിത്തുകോശമെടുക്കുമ്പോള് ഭ്രൂണം നശിക്കും. ഭ്രൂണത്തെ നശിപ്പിക്കുന്നത്, മനുഷ്യജീവന് നശിപ്പിക്കുന്നതിന് തുല്യമാണെന്ന് വാദിക്കുന്നവര്‍ ഇത്തരം ഗവേഷണങ്ങളെ എതിര്‍ത്തിരുന്നു. ഭ്രൂണത്തില്‍ നിന്നല്ലാതെ, പ്രായപൂര്‍ത്തിയായ സാധാരണ കോശങ്ങളില്‍നിന്നുതന്നെ വിത്തുകോശമുണ്ടാക്കാനുള്ള സങ്കേതമാണ് ഗര്‍ഡനും യമനാകയും ആവിഷ്കരിച്ചത്.
ഓക്സ്ഫഡ്, കേംബ്രിഡ്ജ് സര്‍വകലാശാലകളിലും കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജിയിലും ഗവേഷണം നടത്തിയിട്ടുള്ള സര് ജോണ്‍ ബെര്‍ട്രാന്‍ഡ് ഗര്ഡന്(79) തവളയുടെ കുടലില്‍നിന്നുള്ള കോശദ്രവ്യമെടുത്ത് അതിന്റെതന്നെ അണ്ഡവുമായി സംയോജിപ്പിച്ചാണ് തവളയുടെ ഭ്രൂണമുണ്ടാക്കിയത്. 1962-ലായിരുന്നു ആ കണ്ടെത്തല്‍. നാല്പതുവര്ഷത്തിനു ശേഷം ക്യോട്ടോ സര്‍വകലാശാലയിലെ പ്രൊഫ. ഷിനിയ യമനക (50) അണ്ഡം ഉപയോഗിക്കാതെ സാധാരണ ചര്‍മകോശങ്ങളില്‍ ആവശ്യമുള്ള ജനിതകവിവരങ്ങളടങ്ങിയ ജീനുകള്‍ സന്നിവേശിപ്പിച്ച് അതിനെ വിത്തുകോശമാക്കി വളര്ത്തിയെടുക്കാനാവുമെന്ന് തെളിയിച്ചു.
വിത്തുകോശം സാധാരണ കോശമായി വളര്ന്നുകഴിഞ്ഞാല്പ്പിന്നെ അതിനെ തിരിച്ച് വിത്തുകോശമാക്കി മാറ്റാന്‍ പറ്റില്ലെന്ന ധാരണയാണ് ഈ ഗവേഷണങ്ങളിലൂടെ തകര്‍ന്നത്. ജീനുകള്‍ സന്നിവേശിപ്പിച്ച് വിത്തുകോശമുണ്ടാക്കാനുള്ള മാര്‍ഗം സുരക്ഷിതമായ രീതിയില്‍ വികസിപ്പിച്ചെടുത്താല്‍ വൈദ്യശാസ്ത്ര മേഖലയുടെ മുഖച്ഛായ മാറുമെന്നാണ് പ്രതീക്ഷ













അടുത്ത ബന്ധുക്കളല്ലാത്ത വിദേശികള്‍ക്ക് അവയവങ്ങള്‍ ദാനംചെയ്യുന്നത് വിലക്കിക്കൊണ്ടുള്ള ചട്ടങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ..




