Home>Health News
FONT SIZE:AA

വീട്ടിലുണ്ടാക്കുന്ന എണ്ണപലഹാരങ്ങള്‍ സുരക്ഷിതമാണോ?

വീട്ടിലുണ്ടാക്കുന്ന എണ്ണപലഹാരങ്ങളും ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റുകളിലെ പലഹാരങ്ങളും തമ്മില്‍ വ്യത്യാസമുണ്ടോ? വ്യത്യാസമൊന്നുമില്ലെന്ന് വാദിക്കുന്നവരുടെ വായടയ്ക്കുന്ന കണ്ടുപിടുത്തമാണ് യു.എസില്‍ നടന്നത്. വീട്ടിലുണ്ടാക്കുന്ന ഫ്രഞ്ച് ഫ്രൈസും ബര്‍ഗറും മററും പുറത്തു നിന്നു കഴിക്കുന്നവയേക്കാള്‍ സുരക്ഷിതമാണെന്നാണ് ഇവരുടെ കണ്ടെത്തല്‍.

കൊഴുപ്പിനോടൊപ്പം കഫത്തീരിയ ആഹാരങ്ങളില്‍ ട്രാന്‍സ് ഫാറ്റുകളും, സോഡിയം, കൊളസ്‌ട്രോള്‍ മുതലായവയും കൂടിയ അളവില്‍ കാണുന്നുവെന്നതാണ് പ്രധാന കാരണം. പക്ഷാഘാതം, ഹൃദയസംബന്ധ രോഗങ്ങള്‍, ടൈപ്പ് 2 പ്രമേഹം എന്നിവയ്ക്ക് കാരണമാകുന്നവയാണിവ. കഫത്തീരിയ ഉത്പന്നങ്ങള്‍ ആഹാരം ഊര്‍ജ്ജമായി മാറുമ്പോള്‍ ഉണ്ടാകുന്ന പദാര്‍ത്ഥങ്ങളുടെ ഘടനയിലും മാററം വരുത്തുന്നു.

അങ്ങനെ മാറ്റമുണ്ടാക്കുന്ന പദാര്‍ത്ഥങ്ങളിലൊന്നാണ് ലോറോയില്‍ കാര്‍ണിറ്റൈന്‍ എന്ന ഇന്‍സുലിനെ പ്രതിരോധിക്കുന്ന പദാര്‍ത്ഥം. കൊഴുപ്പിനോടൊപ്പം അമിതമായി ഉപ്പും, മധുരവും ചേര്‍ന്നതാണ് കഫത്തീരിയ വിഭവങ്ങള്‍. ഇന്ത്യയിലാകട്ടെ ഫാസ്റ്റ് ഫുഡ് വ്യവസായം പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍ കുതിച്ചു കയറുകയാണ്. നിലവിലെ കണക്കുകളുടെ അടിസ്ഥാനത്തില്‍ 2011 - 2014 കാലയളവില്‍ മാത്രം 34 ശതമാനം വര്‍ദ്ധനവാണ് പ്രതീക്ഷിക്കുന്നത്.

കൂട്ടുകാരോടും മറ്റുമൊപ്പമായിരിക്കുമ്പോള്‍ കഴിക്കുന്നതിന്റെ അളവ് ക്രമാതീതമായിരിക്കുമെന്ന് ഡയബെറ്റിസ് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയുടെ ഡയറക്ടര്‍ രേഖ ശര്‍മ പറയുന്നു. തെക്കു കിഴക്കന്‍ ഏഷ്യയുടെ ആകെയുള്ള 71.4 മില്യണ്‍ പ്രമേഹ രോഗികളില്‍ 61.3 മില്യണ്‍ പേരും ഇന്ത്യയിലാണെന്ന് ഇവര്‍ നടത്തിയ പഠനം പറയുന്നു. 14.8 ശതമാനം സ്ത്രീകളും 12.1 ശതമാനം പുരുഷന്‍മാരും ഒന്നുകില്‍ അമിതഭാരമുള്ളവരോ അമിത വണ്ണക്കാരോ ആണത്രേ.

മൂന്ന് തരത്തില്‍ ഭക്ഷണം നല്കി എലികളില്‍ പരീക്ഷണം നടത്തിയതിനു ശേഷമാണ് ഈ നിഗമനത്തില്‍ എത്തിയത്. നിയന്ത്രിത ആഹാരം, കൊഴുപ്പ് കൂടിയ ഭക്ഷണങ്ങളുള്ള ആഹാരം, ഫാസ്റ്റ് ഫുഡ് കഫത്തീരിയകളില്‍ നിന്നുമുള്ളവ എന്നീ മൂന്ന് തരത്തിലുള്ള ഭക്ഷണങ്ങളാണ് എലികള്‍ക്ക് നല്‍കിയത്. മൂന്നാമത്തെ തരം ആഹാരം കഴിച്ച എലികളില്‍ അമിതവണ്ണത്തിനു കാരണമാകുന്ന കോശങ്ങളുടെ പ്രതിപ്രവര്‍ത്തനങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞതായും ഗവേഷകര്‍ വിശദീകരിക്കുന്നു.

ലസ് ലി അഗസ്റ്റിന്‍