Home>Health News
FONT SIZE:AA

അമിത വണ്ണം: കുട്ടികള്‍ക്കും ഹൃദയസ്തംഭനം

അമിത വണ്ണമായാല്‍ നഴ്‌സറി സ്‌കൂള്‍ കുട്ടികള്‍ക്കും ഹൃദയസ്തംഭനം വരുമോ? ഉണ്ടാകാം എന്നാണ് പഠനങ്ങള്‍ പറയുന്നത്. സാധാരണയായി മധ്യവയസ്‌കര്‍ക്കാണ് ഹൃദയസ്തംഭനം ഉണ്ടാകുന്നത്. എന്നാല്‍ രണ്ടിനും പന്ത്രണ്ടിനും ഇടയില്‍ പ്രായമുള്ള, അമിതവണ്ണമുള്ള കുട്ടികളില്‍ ശാസ്ത്രജ്ഞര്‍ നടത്തിയ നിരീക്ഷണങ്ങളിലാണ് ഇതുസംബന്ധിച്ച സൂചനകള്‍ ലഭിച്ചത്.

പകുതിയിലധികം കുട്ടികളിലും ഉയര്‍ന്ന രക്തസമ്മര്‍ദ്ദം രേഖപ്പെടുത്തി. അമിത വണ്ണമുള്ള കുട്ടികളില്‍ ഹൃദയസംബന്ധമായ രോഗങ്ങള്‍ക്കു കാരണമാകുന്ന ഒന്നോ രണ്ടോ ലക്ഷണങ്ങള്‍ സാധാരണമായി കാണുന്നു. ടൈപ്പ് 2 പ്രമേഹത്തിനു കാരണമാകുന്ന നല്ല കൊളസ്‌ട്രോളിന്റെ കുറവും രക്തത്തില്‍ ഉയര്‍ന്ന പഞ്ചസാരയുടെ അളവും ഇവരില്‍ കാണപ്പെടുന്നു. ഇവയും കുട്ടികളില്‍ ഹൃദയ സംബന്ധരോഗങ്ങളുണ്ടാകാന്‍ കാരണമാകുമെന്നാണ് ബ്രിട്ടീഷ് ഹാര്‍ട്ട് ഫൗണ്ടേഷനിലെ സീനിയര്‍ നഴ്‌സ് ഡൊറിയന്‍ മഡോക്ക് പറയുന്നത്.

ലോകത്തിന്റെ മുഴുവന്‍ ആശങ്കയായി മാറിയിരിക്കുകയാണ് അമിത വണ്ണം പ്രത്യേകിച്ചും കുഞ്ഞുങ്ങളില്‍ അതുണ്ടാക്കുന്ന അപകടങ്ങള്‍. രണ്ടു വയസ് പ്രായമുള്ള കുഞ്ഞുങ്ങളില്‍ 20.5 ലും കൂടുതല്‍ ബി.എം. ഐ (ബോഡി മാസ് ഇന്‍ഡക്‌സ്) അമിത വണ്ണമാണ്. 18 വയസില്‍ ബി.എം.ഐ 35 ഉം അപകടകരമായ വണ്ണമാണ്. പന്ത്രണ്ടു വയസിനു താഴെയുള്ള അമിതവണ്ണക്കാരില്‍ 62 ശതമാനത്തിനും ഹൃദ്രോഗ സാധ്യതയുടെ ലക്ഷണങ്ങളുണ്ടെന്ന് ആംസ്റ്റര്‍ഡാമിലെ വി.യു.യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്ററിലെ ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു.

മുന്നറിയിപ്പ് ലഭിച്ച സ്ഥിതിക്ക് ഭാവി സുരക്ഷിതമാക്കാന്‍ ശ്രദ്ധിക്കേണ്ടത് യുവതലമുറയാണെന്നും ഗവേഷകര്‍. ആരോഗ്യമുള്ള ഭക്ഷണക്രമവും വ്യായാമവും ചെറുപ്രായത്തില്‍ തന്നെ ശീലമാക്കി അടുത്ത തലമുറയുടെ ഹൃദയം ഭദ്രമാക്കണമെന്നാണ് ഇവര്‍ പറയുന്നത്.

ലെസ്‌ലി അഗസ്റ്റിന്‍