Home>Health News
FONT SIZE:AA

മറവി രോഗം; മാര്‍കേസ് എഴുത്തു നിര്‍ത്തി

'ഏകാന്തതയുടെ നൂറുവര്‍ഷങ്ങളു'ടെ കഥാകാരന്‍ ഗബ്രിയേല്‍ ഗാര്‍ഷ്യ മാര്‍കേസിന് മറവി രോഗമാണെന്ന് സഹോദരന്‍. മാജിക്കല്‍ റിയലിസത്തിന്റെ തമ്പുരാനായ മാര്‍കേസ് എഴുത്ത് നിര്‍ത്തിയെന്നും സഹോദരന്‍ ജെയിം ഗാര്‍ഷ്യ മാര്‍കേസ് പറഞ്ഞു.

കാര്‍ത്തജീനയില്‍ നടന്ന സാംസ്‌കാരിക പരിപാടിയിലാണ് നൊബേല്‍ ജേതാവായ സാഹിത്യകാരന് മറവി രോഗമാണെന്ന് സഹോദരന്‍ അറിയിച്ചത്. മാര്‍കേസിന് ഓര്‍മത്തകരാറാണെന്ന അഭ്യൂഹങ്ങള്‍ക്ക് ഇതോടെ സ്ഥിരീകരണമായി.

മറവി രോഗം ബാധിച്ചെങ്കിലും മാര്‍കേസിന്റെ നര്‍മബോധത്തിനോ ആഹ്ലാദത്തിനോ ഉല്ലാസത്തിനോ കുറവ് വന്നിട്ടില്ലെന്ന് ജെയിം പറഞ്ഞു. സംസാരത്തിനും കുറവില്ല. പരിപൂര്‍ണ ആരോഗ്യവാനാണ്. എന്നാല്‍, ചെറിയ കാര്യങ്ങള്‍ പോലും ഓര്‍ത്തെടുക്കാന്‍ പ്രയാസമുണ്ട്. ചെറിയ ചെറിയ ചോദ്യങ്ങള്‍ക്ക് ഉത്തരം തേടി മാര്‍കേസ് പതിവായി വിളിക്കും. ചിലപ്പോഴെല്ലാം ഞാന്‍ കരഞ്ഞുപോകും. കാരണം എനിക്ക് അദ്ദേഹത്തെ നഷ്ടപ്പെടുന്ന പോലെ തോന്നും -ജെയിം പറഞ്ഞു.