Home>Health News
FONT SIZE:AA

കൃത്രിമ ഗര്‍ഭധാരണം വൈകല്യസാധ്യത കൂട്ടും

കൃത്രിമ ഗര്‍ഭധാരണ മാര്‍ഗങ്ങള്‍ വഴി പിറക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ജന്മനാലുള്ള വൈകല്യങ്ങളുണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങള്‍. വൈകല്യങ്ങള്‍ക്കുള്ള സാധ്യത സാധാരണ കുഞ്ഞുങ്ങളേക്കാള്‍ മൂന്നിലൊന്ന് കൂടുതലാണ് ഇവരില്‍. 'ഫെര്‍ട്ടിലിറ്റി ആന്‍ഡ് സ്റ്റെറിലിറ്റി' എന്ന ഗവേഷണ പ്രസിദ്ധീകരണത്തിലാണ് കണ്ടെത്തലുകള്‍ പ്രസിദ്ധീകരിച്ചത്.

ജനനവൈകല്യങ്ങള്‍ കൂടുതലുണ്ടെന്ന് കണ്ടെത്തിയതല്ലാതെ ഇത് എന്തുകൊണ്ട് സംഭവിക്കുന്നു എന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നില്ല. കൃത്രിമ ഗര്‍ഭധാരണത്തിനുള്ള സാങ്കേതികവിദ്യയാണോ കാരണമെന്നും വ്യക്തമല്ല.

കൃത്രിമ ഗര്‍ഭധാരണ സാങ്കേതികവിദ്യയായ 'ഇന്‍ വിട്രോ ഫെര്‍ട്ടിലൈസേഷന്‍'(ഐ.വി.എഫ്.) 30 വര്‍ഷത്തിലേറെയായി പ്രചാരത്തിലുണ്ട്. അമ്മയുടെ ശരീരത്തിനു വെളിയില്‍വെച്ച് അണ്ഡ-ബീജ സങ്കലനം നടത്തി ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുന്ന രീതിയാണിത്. ഇതിന്റെ പ്രതികൂല ഫലങ്ങള്‍ സംബന്ധിച്ച് ഒട്ടേറെ പഠനങ്ങള്‍ നടന്നിട്ടുണ്ട്.

ചൈനയിലെ നാന്‍ജിങ് മെഡിക്കല്‍ സര്‍വകലാശാലയിലെ ഗവേഷകനായ ഷിബിന്‍ ഹു ഇത്തരത്തിലുള്ള 46 പഠനങ്ങളുടെ ഫലങ്ങള്‍ ശേഖരിച്ച് പരിശോധിച്ചു. ഇതില്‍ നിന്നാണ് സ്വാഭാവിക ഗര്‍ഭധാരണത്തിലൂടെ ജനിക്കുന്ന കുഞ്ഞുങ്ങളേക്കാള്‍ ജനന വൈകല്യങ്ങള്‍ കൃത്രിമമാര്‍ഗത്തിലൂടെ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്കുണ്ടെന്ന് മനസ്സിലാക്കിയത്.

ഇത്തരത്തില്‍ ജനിച്ച 1,24,000 കുഞ്ഞുങ്ങളെ പഠിച്ചതില്‍ സാധാരണ കുഞ്ഞുങ്ങളേക്കാള്‍ 37 ശതമാനം ജനനവൈകല്യം കൂടുതലുണ്ടെന്ന് വ്യക്തമായി. യു.എസ്സില്‍ കൃത്രിമ മാര്‍ഗത്തിലൂടെ ജനിച്ച 100 കുഞ്ഞുങ്ങളില്‍ മൂന്നുപേര്‍ക്ക് ഏതെങ്കിലും അവയവങ്ങള്‍ക്ക് വൈകല്യമുണ്ടെന്ന് യു.എസ്. സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ പഠനത്തില്‍ കണ്ടെത്തി.
Loading