ലണ്ടന്‍: സ്‌കാനിംഗ് ചികിത്സാരീതിയില്‍ വിപ്ലവകരമായ പുതിയൊരു ചുവട് വെപ്പിനൊരുങ്ങുകയാണ് ബ്രിട്ടനിലെ ഒരു കൂട്ടം ഗവേഷകര്‍. റേഡിയേഷനോ മറ്റ് പാര്‍ശ്വഫലങ്ങളോ ഇല്ലാതെ നവജാത ശിശുക്കളുടെയും ഗര്‍ഭസ്ഥ ശിശുക്കളുടെയും  തലച്ചോര്‍ വളര്‍ച്ചയെ അറിയാനുള്ള പുതിയ ചികിത്സാ രീതിയാണ് ലണ്ടന്‍ ഗവേഷകര്‍ വികസിപ്പിക്കാനൊരുങ്ങുന്നത്. 

ലണ്ടനിലെ കിംഗ്‌സ് കോളേജ്, ഇംപീരിയല്‍ കോളേജ്, ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല എന്നിവിടങ്ങളിലെ ഗവേഷകരാണ് ഈ ഉദ്യമത്തിന് നേതൃത്വം നല്‍കിയത്. ഇതിന്റെ ആദ്യപടിയെന്നോണം 40 കുട്ടികളില്‍ നടത്തിയ സ്‌കാനിംഗ് ഡാറ്റകളും അധികൃതര്‍ പുറത്ത് വിട്ടു.

ചിക്താരീതി പൂര്‍ണ വിജയത്തിലേക്കെത്തിയാല്‍ ഓട്ടിസം, സെറിബ്രല്‍പാള്‍സി പോലുള്ള രോഗങ്ങള്‍ ആദ്യ ഘട്ടത്തില്‍ തന്നെ തിരിച്ചറിയാനുള്ള വലിയൊരു മാര്‍ഗമായി ഇത് മാറുമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. കുഞ്ഞുങ്ങളുടെ തലച്ചോര്‍ ഘട്ടം ഘട്ടമായി എങ്ങനെ വികസിച്ച് വരുന്നുവെന്ന് സ്‌കാനിംഗിലൂടെ തിരിച്ചറിയാന്‍ കഴിയുമെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്. 

ആദ്യ ഘട്ട പരീക്ഷണം വിജയമായതോടെ ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ പരീക്ഷണം നടത്തുമെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ പ്രൊഫ. ഡേവിഡ് എഡ്വേര്‍ഡ് ചൂണ്ടിക്കാട്ടുന്നു. നവജാത ശിശുക്കള്‍ക്ക് പുറമെ ഗര്‍ഭസ്ഥ ശിശുക്കളിലും പരീക്ഷണം നടത്താന്‍ പദ്ധതിയുള്ളതായും അധികൃതര്‍ അറിയിച്ചു.

സമയമാകുന്നതിന് മുമ്പ് പ്രസവിക്കുന്ന കുഞ്ഞിന്റെയും, ഓട്ടിസം ബാധിക്കുന്ന കുഞ്ഞിന്റെയും തലച്ചോറിന് എന്താണ് സംഭവിക്കുന്നത് എന്നതിന് ഉത്തരം കണ്ടെത്താനാണ് ഗവേഷകര്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. പഠനം പൂര്‍ത്തിയാക്കി രണ്ട് വര്‍ഷത്തിനുള്ളില്‍ നൂതന ചികിത്സ ലോകമെമ്പാടും എത്തിക്കാനാവുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്.