caption
 ഇന്ത്യയിലെ വാതരോഗ ചികിത്സാ വിദഗ്ധരുടെ ദേശീയ സമ്മേളനം 'ഐറാകോണ്‍ 2016' പ്രഖ്യാപനം കോണ്‍ഫറന്‍സ് ഓര്‍ഗനൈസിംഗ് സെക്രട്ടറി ഡോ.പത്മനാഭ ഷേണായി നടത്തുന്നു. ഡോ.ഗ്ലിന്റോ ആന്റണി, ഡോ.കാവേരി, ഡോ.ശ്രീലക്ഷ്മി,  എന്നിവര്‍ സമീപം.

ഇന്ത്യയിലെ വാതരോഗ ചികിത്സാ വിദഗ്ധരുടെ ദേശീയ സമ്മേളനം നവംബര്‍ 24 മുതല്‍ 27 വരെ  കൊച്ചിയില്‍ നടക്കും. 20 വര്‍ഷത്തിനു ശേഷമാണ് കേരളം സമ്മേളനത്തിന് വേദിയാകുന്നത്. കൊച്ചിയിലെ ബോള്‍ഗാട്ടി പാലസ് കണ്‍വന്‍ഷന്‍ സെന്ററിലാണ് 'ഐറാകോണ്‍ 2016'   സംഘടിപ്പിച്ചിരിക്കുന്നത്.

ഇന്ത്യന്‍ റുമറ്റോളജി അസോസിയേഷനാണ് സംഘാടകര്‍.  ദേശീയ സമ്മേളനവേദിയില്‍ നവംബര്‍ 24-ന് രാവിലെ 9.30 മുതല്‍ കേരളത്തിലെ വാതരോഗ ചികിത്സാ വിദഗ്ധര്‍ക്കുമാത്രമായി ഏകദിന സെമിനാര്‍ സംഘടിപ്പിച്ചിട്ടുണ്ട്. സമ്മേളനത്തിന്റെ ഔപചാരിക ഉദ്ഘാടനം നവംബര്‍ 25-ന് വൈകിട്ട് 6.30-ന് ബോള്‍ഗാട്ടി പാലസില്‍ കേരള ഗവര്‍ണര്‍ റിട്ട: ജസ്റ്റീസ് പി.സദാശിവം നിര്‍വ്വഹിക്കും. കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി.നന്ദ മുഖ്യ അതിഥിയായിരിക്കും. 
   
   ഇന്ത്യയിലെ വാതരോഗികള്‍ അഭിമുഖീകരിക്കുന്ന അതിസങ്കീര്‍ണ്ണ പ്രശ്‌നങ്ങളെക്കുറിച്ചും, അതിനുള്ള പരിഹാരങ്ങളെക്കുറിച്ചും, നൂതന ചികിത്സാ രീതികളെക്കുറിച്ചും സിമ്പോസിയം, ശില്‍പശാല, സെമിനാറുകള്‍ എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്. 1500 പരം ഡോക്ടര്‍മാര്‍  പങ്കെടുക്കുന്ന സമ്മേളനത്തില്‍ 20 വിദേശ രാജ്യങ്ങളില്‍ നിന്നും പ്രതിനിധികള്‍ എത്തും.
 
   'ഐറാകോണ്‍ 2016'   -ന്റെ സ്വാഗതസംഘം ഓഫീസ് എറണാകുളം നെട്ടൂരില്‍ പ്രവര്‍ത്തിക്കുന്ന ഡോ ഷേണായീസ് സെന്റര്‍ ഫോര്‍ റുമാറ്റിസം എക്‌സെലന്‍സില്‍ (ഡോ.ഷേണായീസ് കെയര്‍) പ്രവര്‍ത്തിച്ചു വരുന്നതായി കോണ്‍ഫറന്‍സ് ഓര്‍ഗനൈസിംഗ് സെക്രട്ടറി ഡോ.പത്മനാഭ ഷേണായി, ഡോ.കാവേരി, ഡോ.ശ്രീലക്ഷ്മി, ഡോ.ഗ്ലിന്റോ ആന്റണി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.