ലണ്ടന്‍: ഗര്‍ഭധാരണത്തിനുമുമ്പ് അമ്മ കഴിക്കുന്ന ആഹാരം മാത്രമല്ല, അച്ഛന്‍ കഴിക്കുന്നതും കുഞ്ഞിന്റെ വളര്‍ച്ചയെ സ്വാധീനിക്കുമെന്ന് പഠനം. അച്ഛന്‍ കഴിക്കുന്ന ഊര്‍ജപാനീയങ്ങളും ഫോളിക് ആസിഡ് ഗുളികകളും കുട്ടിയുടെ മാനസികവളര്‍ച്ചയെ സ്വാധീനിക്കുമെന്നാണ് ശാസ്ത്രപ്രസിദ്ധീകരണമായ 'മോളിക്യുലാര്‍ സൈക്യാട്രി'യില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നത്.

എലികളിലായിരുന്നു പരീക്ഷണം. അവയ്ക്ക് ഫോളിക് ആസിഡ്, മെഥിയോനിന്‍, ജീവകം ബി12 എന്നിവ നല്‍കി. ഇവയ്ക്കുണ്ടായ കുഞ്ഞുങ്ങള്‍ക്ക് ഓര്‍മയ്ക്കും കാര്യങ്ങള്‍ മനസ്സിലാക്കുന്നതിനും പ്രശ്‌നങ്ങളുണ്ടായി. മീഥൈല്‍ ദാതാക്കളായ ഈ ഭക്ഷ്യവസ്തുക്കള്‍ ജനിതകഘടനയെയാണ് സ്വാധീനിച്ചത്. ഈ മാറ്റം ബീജത്തിലൂടെ കുഞ്ഞുങ്ങളിലേക്ക് പകര്‍ന്നുകിട്ടി. ഈ കുഞ്ഞുങ്ങള്‍ക്കും അച്ഛനുനല്‍കിയ അതേ ആഹാരംതന്നെ നല്‍കി വളര്‍ത്തി. ഇവയുടെ സ്വഭാവത്തിനുമാത്രമല്ല, തലച്ചോറിനും തകരാര്‍ കണ്ടെത്തി. ഓര്‍മയെ സ്വധീനിക്കുന്ന തലച്ചോറിലെ ഹിപ്പോക്യാമ്പസ് എന്ന ഭാഗത്തെയാണ് ഈ ആഹാരരീതി ബാധിച്ചത്.

എലികളിലെ പരീക്ഷണഫലം മനുഷ്യരുടെ കാര്യത്തിലും സംഭവിക്കാമെന്ന് പഠനത്തിന്റെ ഭാഗമായ ജര്‍മന്‍ സെന്റര്‍ ഫോര്‍ ന്യൂറോഡീജനറേറ്റിവ് ഡിസീസസിലെ ഡാന്‍ എഹ്നിംഗര്‍ പറഞ്ഞു.