മുംബൈ: കൃത്യമായ ചികിത്സയും ആധുനിക ചികിത്സാ സൗകര്യത്തിന്റെ അഭാവവും മൂലം രാജ്യത്ത് ഓരോ ദിവസവും ഹൃദ്രോഗം മൂലം മരിക്കുന്നവരുടെ എണ്ണം വര്‍ധിച്ച് വരുന്നുണ്ടെന്നാണ് കണക്ക്. ഇ.സി.ജി പരിശോധനയാണ് ഹൃദ്രോഗം കണ്ട് പിടിക്കാനുള്ള പ്രധാനമാര്‍ഗമെങ്കിലും നഗരപ്രദേശങ്ങളിലൊഴികെ പല ഗ്രാമപ്രദേശങ്ങളിലെയും ആശുപത്രികളില്‍ ഇതിനുള്ള സൗകര്യം ഇല്ലാത്തത് ഹൃദ്രോഗത്താല്‍ മരിക്കുന്നവരുടെ എണ്ണം കൂടാന്‍ മറ്റൊരു കാരണമായും വിദഗ്ധര്‍ വിലയിരുത്തുന്നു.

ഇതിന് പരിഹാരമെന്നോണം ആന്‍ഡ്രോയ്ഡ് ഫോണിലൂടെ 'ഇലക്ട്രോ കാർഡിയോഗ്രാം (ഇസിജി) പരിശോധിക്കാവുന്ന നൂതന യന്ത്രം വികസിപ്പിച്ചെടുത്തിരിക്കുകയാണ് മുംബൈ
ഭാഭാ ആറ്റോമിക് റിസേര്‍ച്ച് സെന്ററിലെ ( BARC ) ഒരു കൂട്ടം ഗവേഷകര്‍. ക്രെഡിറ്റ് കാര്‍ഡ് വലുപ്പമുള്ള ഇസിജി മെഷീന് 'ടെലി-ഇസിജി മെഷീന്‍' ( Tele-ECG machine ) എന്നാണ് പേര്.

നാലായിരം രൂപ മാത്രം വിലയുള്ള 12 ചാനല്‍ ഇ.സി.ജി മെഷീന്‍ മൊബൈല്‍ ചാര്‍ജര്‍ ബന്ധിപ്പിക്കുന്നത് പോലെ ആന്‍ഡ്രോയ്ഡ് ഫോണുമായി ബന്ധിപ്പിച്ചാണ് പരിശോധന നടത്തുന്നത്. തുടര്‍ന്ന് ഡാറ്റ ഫോണിലൂടെ ലോകത്തെവിടെയുമുള്ള മറ്റൊരു ആന്‍ഡ്രോയ്ഡ് ഉപഭോക്താവിന് അയച്ച് കൊടുത്ത് ഫലം വിലയിരുത്തുകയും ചെയ്യാം. 4000 രൂപയാണ് ഇതിന്റെ വില.

പ്രധാനമായും ഗ്രാമപ്രദേശങ്ങളെ ലക്ഷ്യമിട്ടാണ് തങ്ങള്‍ യന്ത്രങ്ങള്‍ വിപണിയിലെത്തിക്കാന്‍  ഒരുങ്ങുന്നതെന്നാണ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്. മൊബൈല്‍ ഫോണിലൂടെ ഇ.സി.ജി ലോകത്തെവിടെയുമുള്ള ഡോക്ടര്‍മാര്‍ അടക്കമുള്ളവര്‍ക്ക് ഏത് സമയത്തും പരിശോധിക്കാമെന്നിരിക്കെ ചികിത്സാ രംഗത്ത് തന്നെ വലിയ വിപ്ലവം സൃഷ്ടിക്കാന്‍ ഈ നൂതന ഉപകരണത്തിനാവുമെന്നാണ് ബന്ധപ്പെട്ടവര്‍ വിലയിരുത്തുന്നത്. 

Tele-ECG machine
ക്രെഡിറ്റ് കാര്‍ഡ് വലുപ്പമുള്ള 12 ചാനല്‍ ഇസിജി മെഷീന് 4000 രൂപയാണ് വില

 

നിലവില്‍ ആന്‍ഡ്രോയ്ഡ് ഫോണ്‍ ഉപയോഗിച്ചാണ് ഇത് ഉപയോഗിക്കാന്‍ കഴിയുകയെങ്കിലും എല്ലാ തരം സ്മാര്‍ട്ട്‌ഫോണും ഉപയോഗിച്ച് ഉപയോഗിക്കാവുന്ന തരത്തിലേക്ക് ഇതിനെ മാറ്റാനുള്ള ശ്രമം നടക്കുകയാണെന്ന് ഗവേഷകര്‍ പറയുന്നു. മൊബൈല്‍ ചാര്‍ജര്‍ ഉപയോഗിച്ച് തന്നെ ഈ ഇ.സി.ജി ഉപകരണം റീചാര്‍ജ് ചെയ്യുകയും ചെയ്യാമെന്നത് ഇതിന്റെ മറ്റൊരു ഗുണമാണ്.