2030-ല്‍ ലോകത്ത് ഏറ്റവുംകൂടുതല്‍ ആളുകളില്‍ കാണപ്പെടുന്ന രോഗാവസ്ഥയായിരിക്കും വിഷാദമെന്ന് ലോകാരോഗ്യസംഘടന പറയുന്നു.

കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ല. നൂറില്‍ 13 പേര്‍ക്ക് വിഷാദമടക്കമുള്ള മാനസികപ്രശ്‌നങ്ങള്‍ ഉണ്ടെന്ന് പഠനങ്ങള്‍ പറയുന്നു. മുതിര്‍ന്നവരിലാണ് കൂടുതല്‍. കൗമാരക്കാരില്‍ നാലുമുതല്‍ എട്ടുശതമാനംവരെയും കൊച്ചുകുട്ടികളില്‍ രണ്ടുമുതല്‍ നാലുശതമാനം വരെയും പേര്‍ക്ക് മാനസികപ്രശ്‌നങ്ങളുണ്ട്.

വിഷാദം
വിഷാദം ഒരു രോഗമാണ്. കരുതലോടെ ചികിത്സവേണം. വിഷാദരോഗികളെ അകറ്റിനിര്‍ത്തുകയല്ല, ചേര്‍ത്തുപിടിക്കുകയാണ് വേണ്ടത്. വരൂ... വിഷാദരോഗികളോട് നമുക്ക് സംസാരിക്കാം.

ചികിത്സ കേരളത്തില്‍
വിഷാദരോഗികളില്‍ 10 ശതമാനം മാത്രമാണ് ചികിത്സതേടുന്നത്. രോഗം തടയാനും അവബോധം വളര്‍ത്താനും ആരോഗ്യവകുപ്പിന്റെ 'ആശ്വാസ്' പദ്ധതി വെള്ളിയാഴ്ച തുടങ്ങും. 171 കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ വിഷാദരോഗികളെ കണ്ടെത്തി ചികിത്സ നല്‍കാന്‍ മാനസികാരോഗ്യ ക്ലിനിക്കുകള്‍ തുടങ്ങും. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് ഇതിന് പരിശീലനം നല്‍കി.

വിഷാദവും മാനസികപ്രശ്‌നങ്ങളും കേരളത്തില്‍ (18 വയസ്സിന് മുകളില്‍)
വിഷാദമടക്കമുള്ള മാനസികപ്രശ്‌നങ്ങള്‍ 12.43%
മനോവിഭ്രാന്തിയുള്ളവര്‍ 0.71%
സ്‌കിസോഫ്രീനിയ 0.23%
ദ്വിമുഖ വിഷാദം 0.29%
സാധാരണ മാനസികപ്രശ്‌നങ്ങള്‍ 9%
മദ്യപാനസംബന്ധമായ മാനസികപ്രശ്‌നങ്ങള്‍ 1.4%
മറവിരോഗം 1.26%
മറവിരോഗം (60 വയസ്സിനുമുകളില്‍) 10.48%
അവലംബം: കേരള മാനസികാരോഗ്യവകുപ്പ് ഇടുക്കി, പാലക്കാട്, വയനാട്, കാസര്‍കോട്, കൊല്ലം ജില്ലകളില്‍ നടത്തിയ പഠനം          

വിഷാദം എങ്ങനെ
ജീവിത സാഹചര്യങ്ങള്‍കൊണ്ട് വിഷാദം ആരിലും എപ്പോഴുമുണ്ടാകാം. സെറടോണിന്‍ എന്ന ഹോര്‍മോണിന്റെ ഏറ്റക്കുറച്ചിലുകളാണ് കാരണം. ഭക്ഷണരീതി, ഉറക്കം, വ്യക്തിത്വം എന്നിവയെ ബാധിക്കുമ്പോഴാണ് വിഷാദം രോഗമായി മാറുന്നത്. കുട്ടികളില്‍ വിഷാദം പലപ്പോഴും സാമൂഹിക, ശാരീരിക, പ്രശ്‌നങ്ങള്‍കൊണ്ടാണ് ഉണ്ടാവുന്നത്. അമ്മമാരുടെ വിഷാദം പലപ്പോഴും കുഞ്ഞുങ്ങള്‍ക്കും വരാമെന്ന് വിദഗ്ധര്‍ പറയുന്നു.

ലോകത്ത്
ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം ഏറ്റവുംകൂടുതല്‍ വിഷാദരോഗികളുള്ളത് ഇന്ത്യയില്‍-5.7 കോടി പേര്‍. ലോകത്താകെ 32.2 കോടി ആളുകള്‍ വിഷാദരോഗികളാണ്. 2005-2015 കാലത്ത് ലോകത്ത് 18.4 ശതമാനം ആളുകള്‍ വിഷാദരോഗികളായി മാറി.

ആത്മഹത്യ
ലോകത്ത് ഓരോ 40 സെക്കന്‍ഡിലും ഒരാള്‍ ആത്മഹത്യചെയ്യുന്നു. കേരളത്തില്‍ ആത്മഹത്യാപ്രവണത കൂടുകയാണ്. വിഷാദവും അമിത ഉത്കണ്ഠയും മാനസികസമ്മര്‍ദവുമാണ് കാരണങ്ങള്‍. ലോകാരോഗ്യസംഘടനയുടെ 2014-ലെ കണക്കുപ്രകാരം ലോകത്തില്‍ ഏറ്റവുംകൂടുതല്‍പേര്‍ ആത്മഹത്യചെയ്യുന്നത് ഇന്ത്യയിലാണ്.

രാജ്യം/ വിഷാദരോഗികള്‍/ രോഗബാധിതര്‍
ഇന്ത്യ/ 5.7കോടി /4.5%
ചൈന/ 5.5 കോടി/ 4.2%
ബംഗ്ലാദേശ് /63.9 ലക്ഷം/ 4.1%
ഇന്‍ഡൊനീഷ്യ/ 91.6 ലക്ഷം/ 3.7%
മ്യാന്‍മര്‍/ 19.1 ലക്ഷം /3.7%