കൊച്ചി: അമിത വണ്ണം തടയുന്നതിന് സി.എം.എഫ്.ആര്‍.ഐ.യുടെ വക പ്രകൃതിദത്ത ഔഷധം. കടല്‍പ്പായലില്‍ നിന്നാണ് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആര്‍.ഐ.) കൊളസ്ട്രോള്‍ കുറയ്ക്കുന്നതിനും അമിത വണ്ണം തടയുന്നതിനും മരുന്ന് നിര്‍മിച്ചത്.

 കടല്‍മീന്‍ ആന്റി ഹൈപ്പര്‍ കൊളസ്ട്രോളമിക് എക്‌സ്ട്രാക്റ്റ് എന്നാണിതിന് പേരിട്ടിരിക്കുന്നത്. ശനിയാഴ്ച  സി.എം.എഫ്.ആര്‍.ഐ.യുടെ പ്ലാറ്റിനം ജൂബിലി ആഘോഷ പരിപാടികളുടെ ഉദ്ഘാടന വേളയില്‍ ഗവര്‍ണര്‍ പി. സദാശിവം മരുന്ന് പുറത്തിറക്കും.

 ഇന്ത്യന്‍ കടലുകളില്‍ സാധാരണയായി കണ്ടുവരുന്ന കടല്‍പ്പായലുകളില്‍ അടങ്ങിയിരിക്കുന്ന ബയോ ആക്ടീവ് സംയുക്തങ്ങള്‍ ഉപയോഗിച്ചാണ് സി.എം.എഫ്.ആര്‍.ഐ.യിലെ ശാസ്ത്രജ്ഞര്‍ മരുന്ന് നിര്‍മിച്ചിട്ടുള്ളത്. ശരീരഭാഗങ്ങളില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പ്, ട്രൈഗ്ലിസറൈഡ്, കൊളസ്ട്രോള്‍ എന്നിവ തടയുന്നതിന് മരുന്ന് പ്രയോജനകരമാണ്. പൂര്‍ണമായും പ്രകൃതിദത്ത ചേരുവകള്‍ ഉപയോഗിച്ചാണ് മരുന്ന് നിര്‍മിച്ചിരിക്കുന്നത്.

400 മില്ലിഗ്രാം അളവിലുള്ള ക്യാപ്സൂളുകളായാണ് ലഭ്യമാകുക. യാതൊരുവിധ പാര്‍ശ്വഫലങ്ങളുമില്ലെന്നത് പരീക്ഷണങ്ങളില്‍ തെളിഞ്ഞെന്ന് സി.എം.എഫ്.ആര്‍.ഐ.യിലെ സീനിയര്‍ സയന്റിസ്റ്റ് ഡോ. കാജല്‍ ചക്രബര്‍ത്തി പറഞ്ഞു. കടല്‍പ്പായലുകളില്‍ നിന്ന് മൂലഘടകങ്ങളെ വേര്‍തിരിച്ചെടുക്കുന്നതിന് നിയന്ത്രിത ഫാക്ടറി സാഹചര്യങ്ങള്‍ ഒരുക്കിയാണ് മരുന്ന് നിര്‍മാണം നടത്തിയത്.

സസ്യാഹാര പ്രേമികള്‍ക്കും ഉപയോഗിക്കാവുന്ന രീതിയില്‍ സസ്യജന്യ ക്യാപ്സൂളുകളാണ് മരുന്നിന്റെ ആവരണമായി ഉപയോഗിച്ചിട്ടുള്ളതെന്ന് സി.എം.എഫ്.ആര്‍.ഐ.യിലെ മറൈന്‍ ബയോ ടെക്നോളജി ഡിവിഷന്‍ മേധാവി ഡോ. പി. വിജയഗോപാല്‍ പറഞ്ഞു. പൂര്‍ണമായും പ്രകൃതിദത്തമായ രീതിയില്‍ ആദ്യമായാണ് കടല്‍പ്പായലില്‍ നിന്ന് അമിത വണ്ണം കുറയ്ക്കുന്നതിന് മരുന്ന് നിര്‍മിക്കുന്നത്. 

കടല്‍പ്പായലുകളില്‍ നിന്ന് കൂടുതല്‍ ഔഷധങ്ങള്‍ ഭാവിയില്‍ വികസിപ്പിക്കുമെന്ന് സി.എം.എഫ്.ആര്‍.ഐ. ഡയറക്ടര്‍ ഡോ. എ. ഗോപാലകൃഷ്ണന്‍ പറഞ്ഞു.