കുഞ്ഞിനെ കരയിക്കാനും ഒരു പ്രത്യേക ദിനമുണ്ട് ജപ്പാനില്‍. അതവര്‍ ശരിക്കും ആഘോഷിക്കും. ഞായറാഴ്ചയാണ് ഈ വര്‍ഷത്തെ ക്രയിങ് സുമോ ആചാരംനടന്നത്. വര്‍ഷത്തില്‍ ഒരിക്കല്‍മാത്രം നടക്കുന്ന ഈ ചടങ്ങ് കുഞ്ഞിന്റെ ആയുരാരോഗ്യ സൗഖ്യത്തിനുവേണ്ടിയുള്ളതാണെന്നാണ് വിശ്വാസം.

കുഞ്ഞുങ്ങളെ സുമോ ഗുസ്തിക്കാരുടെ ഏപ്രണും ചെറിയ സുമോ ബെല്‍റ്റും അണിയിച്ച് രണ്ടുമല്ലന്മാര്‍ എടുത്ത് പൊക്കുന്നതാണ് ആചാരം. കുഞ്ഞുങ്ങളെ പരമാവധി കരയിക്കാനും ഇവര്‍ ശ്രമിക്കും.

ജപ്പാനിലെ ആരാധനാലയങ്ങളില്‍ എല്ലാവര്‍ഷവും നടക്കുന്ന ആചാരത്തിന് 400 വര്‍ഷത്തെ പഴക്കമുണ്ട്. കുട്ടികള്‍ കരയുന്നതിനനുസരിച്ച് അവരിലെ രോഗങ്ങളെല്ലാം അകന്നുപോയി നല്ലകാലമുണ്ടാകുമെന്നാണ് വിശ്വാസം.