തിരുവനന്തപുരം: കേരളത്തിലെ പൊതുജനാരോഗ്യസംവിധാനത്തെ കൂടുതല്‍ രോഗീ സൗഹൃദമാക്കുവാനുള്ള ആര്‍ദ്രം ദൗത്യത്തിന്റെ സംസ്ഥാനതല പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നടന്നു. മുഖ്യമന്ത്രി പിണറായി വിജയനാണ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചത്.  

കേരളത്തിലെ മാറിവരുന്ന ആരോഗ്യസ്ഥിതി കണക്കിലെടുത്ത് പ്രാഥമിക-ദ്വിതീയ-തൃതീയ ആരോഗ്യസംവിധാനങ്ങള്‍ ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണ്. ഈ ഒരു തിരിച്ചറിവില്‍ നിന്നാണ് ആര്‍ദ്രം ദൗത്യം എന്ന ആശയത്തിന് സംസ്ഥാന സര്‍ക്കാര്‍ തുടക്കം കുറിച്ചത്. സംസ്ഥാനത്തെ ആരോഗ്യരംഗം എല്ലാതലത്തിലും രോഗീസൗഹൃദമാക്കുന്നതിനും ഗുണമേന്മയുളള ആരോഗ്യസേവനങ്ങള്‍ ഉറപ്പാക്കാനുമാണ് ആര്‍ദ്രം ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

സംസ്ഥാനത്ത് നിലവിലുളള പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബ ആരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുകയെന്നതാണ് പദ്ധതിയുടെ ആദ്യ ലക്ഷ്യം.  ഇതിന്റെ ഭാഗ്യമായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തും. ഒ.പി. വിഭാഗത്തിലെ തിരക്ക് കുറക്കുവാനായി ആധുനീകരിച്ച രജിസ്‌ട്രേഷന്‍ ടോക്കന്‍ സംവിധാനങ്ങള്‍, രോഗികളുടെ സ്വാകാര്യത ഉറപ്പുവരുത്തുന്ന കണ്‍സള്‍ട്ടേഷന്‍ റൂമുകള്‍, അത്യാഹിതവിഭാഗം, ഐ.പി. വിഭാഗം, ലബോറട്ടറി ഉള്‍പ്പെടെ മറ്റ് പരിശോധന സംവിധാനങ്ങള്‍, ഫാര്‍മസി, പ്രസവമുറി, ഓപ്പറേഷന്‍ തീയേറ്ററുകള്‍ എന്നിവ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ക്രമീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

 ആരോഗ്യ സ്ഥാപനങ്ങളുടെ നിലവാരം ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട് ഡോക്റ്റര്‍ അടക്കമുളളവരുടെ തസ്തികകള്‍ സൃഷ്ടിച്ച് നിയമനം നടത്തും. കൂടാതെ വ്യത്യസ്ത സൗകര്യങ്ങളോടെ പ്രവര്‍ത്തിക്കുന്ന ജില്ല, താലൂക്ക്, ബ്ലോക്ക് ഗ്രാമപഞ്ചായത്തുതല ആരോഗ്യസ്ഥാപനങ്ങളില്‍ നിശ്ചിതമാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ചികിത്സാ സൗകര്യങ്ങള്‍ പുനക്രമീകരിക്കുവാനും ആര്‍ദ്രം പദ്ധതി ലക്ഷ്യമിടുന്നുണ്ട്. 

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, വാര്‍ഡുതല ആരോഗ്യശുചിത്വ സമിതി എന്നിവയുടെ പൂര്‍ണമായ പങ്കാളിത്തം  പദ്ധതി ഉറപ്പ് നല്‍കുന്നു. കൂടാതെ വികേന്ദ്രീകൃത ആസൂത്രണത്തിന്റെ ഭാഗമായ ഇടപെടലിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ സജ്ജമാക്കാനുളള കൂട്ടായ പ്രവര്‍ത്തനങ്ങളും ഇതിന്റെ പ്രത്യേകതയാണെന്ന് മുഖ്യന്ത്രി പറഞ്ഞു.