ന്യൂഡല്‍ഹി: ആകാശ് മനോജ് ഇന്നൊരു പ്രശസ്തനായ ഹൃദ്രോഗ വിദഗ്ധനാണ്. മെഡിക്കല്‍ ബിരുദമോ, ബിരുദാനന്തര ബിരുദമോ ഇല്ലാതെ പത്താംക്ലാസില്‍ എത്തിയപ്പോള്‍ തന്നെ ഹൃദ്രോഗ ഗവേഷകന്‍ എന്ന പേര് സ്വന്തമാക്കിയ അപൂര്‍വ്വം വ്യക്തികളില്‍ ഒരാള്‍.

തമിഴ്‌നാട്ടിലെ ഹോസുറില്‍ നിന്നുള്ള ഈ പത്താംക്ലാസുകാരനാണ് മെഡിക്കല്‍ ഗവേഷണത്തെ പോലും ഞെട്ടിച്ചുകൊണ്ട് ആരോഗ്യരംഗത്ത് വിപ്ലവം സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കാവുന്ന പുതിയ കണ്ടുപിടുത്തവുമായി രംഗത്തെത്തിയിരിക്കുന്നത്. നിശബ്ദ ഹൃദയാഘാതത്തെ തിരിച്ചറിയാനുള്ള ഉപകരണമാണ് ഈ സ്‌കൂള്‍ വിദ്യാര്‍ത്ഥി വികസിപ്പിച്ചെടുത്തിരിക്കുന്നത്‌. ഇതിന് ആരോഗ്യ വിദഗ്ധരുടെ അനുവദവും ലഭിച്ച് കഴിഞ്ഞിട്ടുണ്ട്.

കൈതണ്ടയിലോ ചെവിക്ക് പുറകിലോ ആയി ഒട്ടിച്ച് വെക്കാവുന്ന തരത്തിലുള്ള ചെറിയ ഉപകരണമാണിതെന്ന് ആകാശ് പറയുന്നു. ഈ ഉപകരണത്തില്‍ നിന്നും പുറപ്പെടുവിക്കുന്ന ചെറിയ വൈദ്യുത പ്രവാഹമാണ് ഹൃദയസ്തംഭനത്തിനുള്ള സാധ്യത ചൂണ്ടിക്കാട്ടുന്നത്. ഉപകരണത്തില്‍ തെളിഞ്ഞ് വരുന്ന സിഗ്നലുകളുടെ തോതനുസരിച്ച് വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം തേടുകയും ചെയ്യാം. 

മറ്റ് കാര്യമായ അസുഖങ്ങളൊന്നുമില്ലാതിരുന്ന തന്റെ മുത്തച്ഛന്‍ രണ്ട് വര്‍ഷം മുന്നെ ഹൃദയാഘാതം വന്ന് മരിച്ചതോടെയാണ് ഹൃദയത്തെകുറിച്ച് അറിയാനുള്ള യാത്രയ്ക്ക്  ആകാശ് മനോജ് തുടക്കം കുറിച്ചത്. പരന്ന വായനയ്ക്കും പഠനത്തിനും ശേഷം രണ്ട് വര്‍ഷത്തിനിടെ ഇതുമായി ബന്ധപ്പെട്ട് നിരവധി രാജ്യങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കാനും ആകാശിന് അവസരം ലഭിച്ചു. അങ്ങനെ കുഞ്ഞു ഹൃദ്രോഗ വിദഗ്ധന്‍ എന്ന വിളിപ്പേരും ഈ മിടുക്കന്‍ സ്വന്തമാക്കി.  

സാധാരണ ഹൃയാഘാതത്തിന് നെഞ്ചുവേദന പോലുള്ള ലക്ഷണങ്ങള്‍ ഉണ്ടാവാമെങ്കിലും ഒരു തരത്തിലുള്ള ലക്ഷണവും കാണിക്കാത്തതാണ് നിശബ്ദ ഹൃദയാഘാതം. ഇങ്ങനെയുള്ള ഹൃദയാഘാതമാണ് ആകാശിന്റെ ഉപകരണം തിരിച്ചറിയുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ രണ്ട് മാസത്തിനുള്ളില്‍ തന്നെ ഇത് വിപണിയിലെത്തിക്കാനാണ് ആകാശിന്റെ തീരുമാനം. ബയോടെക്‌നോളജി വിഭാഗവുമായി ബന്ധപ്പെട്ട് ഉപകരണത്തിന്റെ പേറ്റന്റിന് അപേക്ഷിക്കാനുള്ള ശ്രമത്തിലാണ് ആകാശ്. 900 രൂപയായിരിക്കും വിപണിയില്‍ ഉപകരണത്തിന്റെ വില.