Urinary Infectionഒരു വ്യക്തിയുടെ ശരാശരി ആയുർദൈർഘ്യം കൂടിവരികയാണ്‌. പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിലത്‌ 40 ആയിരുന്നുവെങ്കിൽ ഇന്നത്‌ 70 ആണ്‌. സമൂഹത്തിൽ പ്രായമായ ആളുകളുടെ  എണ്ണംവർധിക്കുന്നു എന്നർഥം. വൈദ്യശാസ്ത്രവും മറ്റു ശാസ്ത്രശാഖകളും പുരോഗമിക്കുന്നതിനോടൊപ്പം ആയുർദൈർഘ്യം കൂടുതലാവുന്നു.

വൃദ്ധജനങ്ങളെ ശരിയായിനോക്കാൻ നമ്മുടെ സമൂഹത്തിന്‌ കഴിയുന്നുണ്ടോ? തൃപ്തികരമായി നോക്കാൻ പലപ്പോഴും പറ്റുന്നില്ല എന്നുവേണം അനുമാനിക്കാൻ. വാർധക്യം എന്ന അവസ്ഥ കുറേ പ്രത്യേകതയുള്ളതാണ്‌. രണ്ടാം ശൈശവം എന്നാണല്ലോ പറയാറ്‌. അതുകൊണ്ടുതന്നെ അവരുടെ ചികിത്സയും പ്രത്യേക പരിഗണനകൊടുത്ത്‌ ചെയ്യേണ്ടതാണ്‌.

ജെറിയാട്രിക്സ്‌ എന്ന ഒരു ഉപശാഖ തന്നെയുണ്ട്‌ വാർധക്യചികിത്സയ്ക്ക്‌. പ്രായംകൂടുംതോറും മൂത്രാശയരോഗങ്ങളും വർധിക്കുന്നു. പ്രായംകൂടുമ്പോൾ വരുന്ന മറ്റുരോഗങ്ങൾ മൂത്രാശയരോഗത്തെ പലപ്പോഴും വഷളാക്കുകയും ചെയ്യും.

പുരുഷന്മാരിൽ മൂത്രതടസ്സമാണ്‌ ഒരു പ്രശ്നം. പ്രോസ്റ്റേറ്റ്‌ ഗ്രന്ഥിവീക്കം ഒരു പ്രധാന കാരണം. ഇതിന്റെ ചികിത്സ, പ്രത്യേകിച്ച്‌ വലിയഗ്രന്ഥിയാണെങ്കിൽ, ശസ്ത്രക്രിയയാണ്‌. ഗ്രന്ഥിവീക്കത്തിന്റെ കൂടെ മൂത്രസഞ്ചിയിൽ കല്ലുണ്ടെങ്കിൽ മരുന്നുകൾ ഫലംചെയ്യില്ല. എന്നാൽ, ചിലപ്പോൾ ശസ്ത്രക്രിയ ചെയ്യാൻപറ്റാത്ത സാഹചര്യം വരാം.


പാർക്കിൻസോണിസം എന്ന അസുഖമുള്ളവർക്ക്‌ ശസ്ത്രക്രിയചെയ്താൽ മൂത്രം അറിയാതെ എപ്പോഴുംപോകുന്ന ഒരവസ്ഥ വരാൻസാധ്യതയുണ്ട്‌. അതുപോലെത്തന്നെ മറ്റുപ്രശ്നങ്ങൾകൊണ്ട്‌ മൂത്രസഞ്ചിയുടെ ശക്തി കുറഞ്ഞുപോയാലും ഈ പ്രശ്നം വരാം.

നടക്കാൻ ബുദ്ധിമുട്ടുള്ള രോഗികൾ, കലശലായ ശ്വാസകോശരോഗങ്ങൾ ഉള്ളവർ, ഹൃദയസംബന്ധമായ അസുഖങ്ങളുള്ളവർ എന്നിവർക്കും ശസ്ത്രക്രിയ ബുദ്ധിമുട്ടാവാം. ഇങ്ങനെവരുമ്പോൾ മൂത്രസഞ്ചിയിലേക്ക്‌ കുഴലിട്ടുവെയ്ക്കുകയേ മാർഗമുള്ളൂ.

ദീർഘകാലം കുഴലിടുമ്പോൾ വരാവുന്ന പ്രശ്നങ്ങൾ യഥാസമയം ചികിത്സിക്കണം. ഇങ്ങനെ ദീർഘകാലം കുഴലിടുന്നവരുടെ മാനസികാവസ്ഥയും കണക്കിലെടുത്ത്‌ വേണ്ട സാന്ത്വനം നൽകേണ്ടതാണ്‌. മൂത്രസഞ്ചിയിൽ കല്ലുംകൂടി ഉണ്ടെങ്കിൽ കാര്യങ്ങൾ കൂടുതൽ സങ്കീർണമാവും.

ശ്വാസതടസ്സം, ഹൃദയാഘാതം എന്നിവ വന്നവരിൽ ശസ്ത്രക്രിയ നടത്താനുള്ള സംവിധാനങ്ങൾ കുറച്ചുവർഷംമുമ്പ്‌ ഉണ്ടായിരുന്നതിനേക്കാൾ പുരോഗമിച്ചുവരുന്നു. എന്നാലും ഒരുപരിധിവരെയേ ശസ്ത്രക്രിയ ചെയ്യാൻ സാധിക്കൂ.

മറ്റൊരുപ്രശ്നം സ്ത്രീകളിലും പുരുഷന്മാരിലും കാണുന്നതാണ്‌. മൂത്രമൊഴിക്കണം എന്നുതോന്നിയാൽ പിടിച്ചുനിർത്താൻ കഴിയാത്ത അവസ്ഥ. നടക്കാനും മറ്റും ബുദ്ധിമുട്ടുള്ളവർ ഈ അവസ്ഥയിൽ പെട്ടെന്ന്‌ മൂത്രമൊഴിക്കാൻപറ്റിയ സ്ഥലത്തെത്തി എന്നുവരില്ല. അപ്പോൾ നനയും.

അതിന്റെ തുടർച്ചയായി പഴുപ്പ്‌, വ്രണങ്ങൾ എന്നിവ വരാം. കിടക്കുന്നതിനു തൊട്ടടുത്ത്‌ മൂത്രമൊഴിക്കാനുള്ള സംവിധാനമൊരുക്കുക, വീഴാതെ നടന്നെത്താൻ പറ്റുന്നവിധത്തിൽ കൈത്താങ്ങുകൾ ഉണ്ടാക്കുക എന്നിവയെല്ലാം ചെയ്യാം. ഫലപ്രദമായി ചില മരുന്നുകളുണ്ട്‌. എന്നാൽ, ചിലർക്ക്‌ ഇതുപയോഗിക്കാൻ പറ്റാതെ വരാം.

സ്ത്രീകൾക്ക്‌ മൂത്രതടസ്സം കാണാറുണ്ട്‌. പ്രായമാവുമ്പോൾ മൂത്രദ്വാരം, മൂത്രക്കുഴൽ എന്നിവ ചുരുങ്ങുന്നതുകൊണ്ടാണിത്‌. ഇത്‌ വലിയ ബുദ്ധിമുട്ടില്ലാതെ വികസിപ്പിക്കാൻ സാധിക്കും. വീണ്ടും വരാതിരിക്കാൻ ചില ലേപനങ്ങൾ ഉപയോഗിക്കാം.

വാർധക്യത്തിൽവരുന്ന ചില അസുഖങ്ങൾ ചെറുപ്പത്തിൽ ചികിത്സിക്കുന്നപോലെ വേണ്ടിവരില്ല. ഉദാഹരണത്തിന്‌ 80 വയസ്സുള്ള ഒരാൾക്ക്‌ വൃക്കയിൽ വലിയ കല്ല്‌ കണ്ടുപിടിച്ചാൽ അത്‌ ശസ്ത്രക്രിയവഴി എടുക്കണമോ എന്നുതീരുമാനിക്കുന്നത്‌ മറ്റുപല ഘടകങ്ങൾകൂടി നോക്കിയാണ്‌. കല്ലുകണ്ടു എടുക്കണം എന്ന രീതിയല്ല.


ചിലർക്ക്‌ കാലാകാലമായി മൂത്രതടസ്സമുണ്ടാവും. മൂത്രസഞ്ചി വികസിച്ച്‌ മൂത്രം കെട്ടിക്കിടക്കും. ഒരു ശസ്ത്രക്രിയ ഇവർക്ക്‌ ഒരു ഗുണവും ചെയ്യില്ല. ഈ സാഹചര്യങ്ങളിൽ തുടർച്ചയായി കുഴലിടുന്നതിലും നല്ലത്‌, കൃത്യമായ സമയങ്ങളിൽ ഒരു ചെറിയ കുഴൽകടത്തി കെട്ടിനിൽക്കുന്ന മൂത്രമൊഴിവാക്കുക എന്നതാണ്‌. ഇത്‌ സ്വന്തം ചെയ്യാം.

അല്ലെങ്കിൽ എപ്പോഴും കൂടെയുള്ള ആൾ ചെയ്തുകൊടുക്കണം. മൂത്രം എപ്പോഴും കിനിഞ്ഞുകൊണ്ടിരിക്കുമ്പോൾ ശരീരം നനഞ്ഞ്‌ വ്രണങ്ങളുണ്ടാവാം. തുടർച്ചയായി കുഴലിടുന്നത്‌ നല്ലതാണ്‌ ഇക്കൂട്ടരിൽ. പാർക്കിൻസോണിസം, വാതരോഗങ്ങൾ, പ്രമേഹംകൊണ്ട്‌ വരുന്ന ശേഷിക്കുറവ്‌, ഹൃദയ-ശ്വാസകോശ രോഗങ്ങൾ എന്നിവ വാർധക്യത്തിൽവരുന്ന മൂത്രാശയരോഗങ്ങളെ കൂടുതൽ സങ്കീർണമാക്കും.

ചികിത്സയും ചിലപ്പോൾ ബുദ്ധിമുട്ടാവും. ചികിത്സ രോഗത്തെക്കാളും വിഷമമുണ്ടാക്കരുത്‌. ചികിത്സ എപ്പോൾ നിർത്തണം അല്ലെങ്കിൽ ചികിത്സയിൽ എന്തുമാറ്റമാണ്‌ വരുത്തേണ്ടത്‌ എന്നുതീരുമാനിക്കണം. ഓപ്പറേഷൻ വിജയകരമായി നടന്നു, എന്നാൽ രോഗി മരിച്ചുപോയി എന്ന അവസ്ഥ ഒരിക്കലും ഉണ്ടാവരുത്‌.