ലോകമെമ്പാടുമുള്ള ജനസമൂഹങ്ങളിൽ പ്രായമേറിയവരുടെ എണ്ണത്തിലും ആനുപാതത്തിലും വലിയ വർധനയാണ് സമീപകാലത്ത്‌ സംഭവിച്ചുകൊണ്ടിരിക്കുന്നത്‌. ഇത് മനുഷ്യചരിത്രത്തിൽത്തന്നെ സമാനതകളില്ലാത്ത  പ്രതിഭാസമത്രെ. കുട്ടികളെക്കാളും കൂടുതൽ വയോധികർ സമൂഹത്തിലുണ്ടെന്നുവരുന്നതിലൂടെ അടിസ്ഥാനപരമായി  പുതിയതരം സമൂഹംതന്നെയാണ് ആഗോളതലത്തിൽത്തന്നെ കഴിഞ്ഞ 30 വർഷത്തിനുള്ളിൽ രൂപംകൊണ്ടിരിക്കുന്നത്. ജനസംഖ്യാപരമായി, ഭാരതത്തിലെ ഇതരസംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ സവിശേഷമായൊരു സാഹചര്യമാണ് കേരളത്തിൽ നിലനിൽക്കുന്നത്. ദേശീയതലത്തിൽ പ്രതീക്ഷിത ജീവിതദൈർഘ്യം 65 വയസ്സിനടുത്ത്‌ നിൽക്കുമ്പോൾ ഒരു ശരാശരി മലയാളിക്ക്  75 വയസ്സോളം ആയുസ്സ് പ്രതീക്ഷിക്കാം. സമീപഭാവിയിൽത്തന്നെ ഇത്  വർധിക്കുകയുംചെയ്യും. 

എന്താണ് വാർധക്യം 

വാർധക്യത്തെ ജീവിതത്തിന്റെ സ്വാഭാവികമായ അവസാനഘട്ടം എന്നരീതിയിലാണ് മുൻകാലങ്ങളിൽ കണ്ടിട്ടുള്ളത്. എന്നാൽ, വാർധക്യത്തെ ഒരു രോഗമെന്നോണം സമീപിക്കുന്ന പ്രവണത അടുത്തകാലത്തായി വർധിച്ചുവരുന്നുണ്ട്. പക്ഷേ, എന്താണ് വാർധക്യമെന്നതിൽപ്പോലും ഏകാഭിപ്രായമില്ലെന്നതാണ് സത്യം. സമീപകാലംവരെ വാർധക്യമെന്ന്  പരിഗണിച്ചിരുന്ന പ്രായം ഇന്ന് മധ്യവയസ്സായാണ് ഏറിയപങ്കും കരുതപ്പെടുന്നത്. മുൻകാലങ്ങളിൽ വളരെ കുറച്ചുപേർമാത്രമാണ് ഇന്ന് വാർധക്യമെന്ന് പൊതുവിൽ കരുതുന്ന പ്രായത്തിലേക്ക്‌ ജീവിച്ചിരുന്നതെന്നും ഇവിടെ ഓർമിക്കേണ്ടതാണ്. അറുപതാം പിറന്നാൾ എന്നത് വലിയ നേട്ടമായി അടുത്തകാലംവരെ കൊണ്ടാടിയിരുന്ന സമൂഹമാണ് നമ്മുടേത്. എന്നാൽ, ഇന്ന് അതിനുതുല്യമായി നാം കരുതുന്ന പ്രായം എഴുപത്തഞ്ചോ അതിനുമുകളിലോ ആണ്. ഓരോരുത്തരും ജീവിതസായാഹ്നം അനുഭവിക്കുന്നത് താന്താങ്ങളുടെ ജനിതകവും ജീവിതശൈലിയും സാമ്പത്തിക, സാമൂഹിക പരിതഃസ്ഥിതിയും എല്ലാം കൂടിച്ചേരുന്ന സവിശേഷ സാഹചര്യത്തിലാണ്.

സമഗ്രമായ സമീപനം വേണം

സുഖപ്രദമായ വാർധക്യത്തിനായി സാമൂഹികതലത്തിൽ സമീപഭാവിയിൽത്തന്നെ പല തയ്യാറെടുപ്പുകൾ നാം  ചെയ്യേണ്ടതായിവരും. ഇതരജനസമൂഹങ്ങളുടെ അനുഭവങ്ങൾ നമുക്ക് പലപാഠങ്ങളും ഇക്കാര്യത്തിൽ തരുന്നുണ്ട്:

ഓരോ രോഗിയെയുംപറ്റി സവിശേഷമായ അറിവും താത്‌പര്യവുമുണ്ടാകാൻ സാധ്യതയുള്ളത് വലിയ ആസ്പത്രികളെക്കാളും ദീർഘകാലമായി രോഗിയെ അറിയുന്ന കുടുംബഡോക്ടർ ഉണ്ടാകുമ്പോഴാണ്. ആധുനികരീതിയിൽ ഒരു കുടുംബഡോക്ടർ സംവിധാനം ഇവിടെ രൂപംകൊള്ളേണ്ടത് അത്യാവശ്യമാണ്. 

മിക്ക യൂറോപ്യൻരാജ്യങ്ങളിലും ഓരോരുത്തരും താമസസ്ഥലത്തിന്‌ നിശ്ചിതദൂരത്തിനുള്ളിൽ സ്വതന്ത്രമായി പ്രവർത്തിക്കുന്ന  ചെറിയ ആസ്പത്രികളിലേതിലെങ്കിലും  നിയമപ്രകാരം പേര് രജിസ്റ്റർചെയ്യണം. ഈ ആസ്പത്രിയിലെ ഡോക്ടർമാരുടെ നിർദേശപ്രകാരംമാത്രമേ വലിയ ആസ്പത്രികളിലേക്ക്  പോകേണ്ടതുള്ളൂ. ഒരു പ്രദേശത്ത്‌ ജീവിക്കുന്നവരുടെ ആരോഗ്യസംബന്ധിയായ ആവശ്യങ്ങളുടെ 90 ശതമാനത്തിലധികവും ഇത്തരം ചെറിയ ആസ്പത്രികളിൽനിന്ന്‌ ഫലപ്രദമായി ലഭിക്കുന്നുവെന്ന് മാത്രമല്ല, രോഗാധിക്യമുള്ളവരെ വീടുകളിൽപ്പോയി കാണാനും ഇത്തരം ആസ്പത്രികളിലെ ഡോക്ടർമാർക്കും നഴ്‌സുമാർക്കും സാധിക്കുന്നു.   ഇത്തരം രീതികളും പ്രാഥമികചികിത്സയ്ക്ക്‌ മുൻതൂക്കം നൽകുന്ന ഒരു ബദൽ ഇൻഷുറൻസ് വ്യവസ്ഥയും നമ്മുടെ നാട്ടിൽ വികസിപ്പിക്കേണ്ടതുണ്ട്.  

നൂതന ചികിത്സാപദ്ധതികളുടെ ശരിയായ ഉപയോഗം വയോധികരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുമെന്നതിൽ രണ്ടഭിപ്രായമില്ല. ഈ നേട്ടങ്ങൾ നമ്മുടെ നാട്ടിലേക്കും എത്തിക്കണം. വിദഗ്‌ധകേന്ദ്രങ്ങളിൽ മാത്രമല്ല, പ്രാഥമികചികിത്സകരിലേക്കുംകൂടി ഈ അറിവുകൾ എത്തേണ്ടതുണ്ട്.

ശാരീരികവും മാനസികവുമായ പരാധീനതകൾ അനുഭവിക്കുന്നവരെ പൊതുസമൂഹത്തിൽ ഇടപെട്ട്‌ ജീവിക്കാനനുവദിക്കുന്ന സഹാനുഭൂതിയുള്ള ഒരു സംസ്കാരം നാം ഇനിയും ആർജിക്കേണ്ടിയിരിക്കുന്നു. കാൽനടക്കാർക്ക് സുരക്ഷിതമായ നിരത്തുകൾ, പരസ്പരബഹുമാനത്തോടെയും സൂക്ഷ്മതയോടെയുമുള്ള വാഹനമോടിക്കൽ, എളുപ്പത്തിൽ ചെന്നെത്താവുന്ന കെട്ടിടമാതൃകകൾ, കൂടുതൽ പൊതുശുചിമുറികൾ എന്നിവയെല്ലാം പ്രായമായവരെ സമൂഹമധ്യത്തിൽ ഒറ്റപ്പെടാതെ കൂടുതൽക്കാലം ജീവിക്കാൻ പ്രാപ്തരാക്കും. പ്രായത്തിന്റെ അടിസ്ഥാനത്തിൽ ജോലിസംബന്ധമായ വിവേചനം പ്രതിരോധിക്കണം. ഭിന്നശേഷിയുള്ളവരെ സമൂഹത്തിന്റെ മുഖ്യധാരയിൽ ചേർത്തുനിർത്താൻ നാം ജാഗരൂകരായിട്ടുള്ളതുപോലെ മുതിർന്ന വ്യക്തികളെയും തങ്ങളുടെ കഴിവും അഭിരുചിയുമനുസരിച്ച്‌ സമൂഹമധ്യത്തിൽ തുടർന്നും പ്രവർത്തിക്കാനായി ശാക്തീകരിക്കേണ്ടതുണ്ട്.  83-ാം വയസ്സിൽ  ഇ. ശ്രീധരൻ കൊച്ചി മെട്രോയ്ക്ക് നൽകുന്ന മികവുറ്റ നേതൃത്വം ഒരു ഉദാഹരണംമാത്രം.  
  
 പ്രായമായവർ നേരിടുന്ന ഒറ്റപ്പെടൽ വലിയൊരു മാനസികാരോഗ്യപ്രശ്നമാണ്. വാർധക്യത്തിനുമുമ്പ്‌ ഇതിനുതകുന്ന സാമൂഹികബന്ധങ്ങൾ സൃഷ്ടിക്കുകയെന്നതാണ് ഇതിന്‌ ഏറ്റവും ഫലപ്രദമായ മാർഗം.  ആഗോളവത്കരണത്തിന്റെ ഭാഗമായി കുടുംബവ്യവസ്ഥയിൽ കാര്യമായ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. കേരളത്തിൽ വലിയൊരുവിഭാഗം മുതിർന്നവർക്കും  ഇളയതലമുറയിൽപ്പെട്ടവരുമായി നിരന്തരസമ്പർക്കം സാധ്യമല്ല. 
 ദീർഘകാലം കഴിക്കേണ്ടുന്ന  മരുന്നുകൾ കാലാനുസൃതമായി പുനർവിചിന്തനം ചെയ്യേണ്ടതാണ്. മരുന്നുകളുടെ അമിതോപഭോഗം കൃത്യമായി നിയന്ത്രിക്കുക. അതോടൊപ്പം മുതിർന്നവ്യക്തികൾ ആസ്പത്രികളിൽ ചെലവഴിക്കുന്ന സമയം കുറയ്ക്കുക.   

ദൂരവ്യാപക മാറ്റത്തിനായി നമ്മുടെ മെഡിക്കൽ വിദ്യാഭ്യാസത്തിൽത്തന്നെ കാതലായ മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. ശാസ്ത്രവിഷയങ്ങളോടൊപ്പം മാനവികവിഷയങ്ങളിലും ഊന്നൽനൽകിയുള്ള  വിദ്യാഭ്യാസസംസ്കാരമാണ് പല വികസിതരാജ്യങ്ങളിലും വൈദ്യശാസ്ത്രം സ്വീകരിച്ചുപോരുന്നത്. മുതിർന്നവർക്ക് വേണ്ടിവരുന്ന സേവനങ്ങൾ കൈകാര്യംചെയ്യുന്ന പ്രാഥമികാരോഗ്യത്തിന്‌ പ്രത്യേകവിഷയം എന്നനിലയ്ക്ക് നമ്മുടെ പാഠ്യപദ്ധതിയിൽ അർഹിക്കുന്ന പ്രാധാന്യം ലഭിക്കുന്നില്ല. 
 വാർധക്യത്തിലെ ആരോഗ്യപരിപാലനത്തിനായി ചെറുപ്പംമുതൽക്കേ തയ്യാറെടുപ്പുകൾ വേണം. ശാരീരികവ്യായാമങ്ങളും നല്ല ഭക്ഷണവും ശീലമാക്കാനും പുകവലിയും അമിത മദ്യപാനവും ഒഴിവാക്കാനും കുട്ടികളെ പരിശീലിപ്പിക്കണം. ആരോഗ്യപരിചരണം ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന നിഷ്ഠയാണ്‌ എന്ന തിരിച്ചറിവുണ്ടാകണം.

(കൺസൾട്ടന്റ്‌ ജെറിയാർട്രീഷ്യനാണ്‌ ലേഖകൻ)