സാധാരണക്കാരന്റെ ഇഷ്ടഭക്ഷണങ്ങളില്‍ ഒന്നാണ് പപ്പായ.  നമുക്ക് തീര്‍ത്തും സുലഭമായി ലഭിക്കുന്ന പപ്പായ അത്ര നിസ്സാരക്കാരനല്ല. സ്ഥിരമായി പപ്പായ കഴിക്കുന്നത് ത്വക്ക് രോഗങ്ങള്‍ തുടങ്ങി കാന്‍സറിനെ ചെറുക്കാന്‍ വരെ സഹായിക്കും. 

ശരീരത്തിന് ആവശ്യമായ ഒട്ടേറെ രാസഘടകങ്ങളുടെ ഉറവിടമാണ് പപ്പായ. പോളിസാക്കറൈഡുകളും, ധാതുക്കളും, എന്‍സൈമുകളും പ്രോട്ടീനുകളും ധാരാളം അടങ്ങിയ പപ്പായില്‍ വിറ്റാമിന്‍ എയും വിറ്റാമിന്‍ സിയും അടങ്ങിയിട്ടുണ്ട്. കൂടാതെ കരോട്ടിന്‍, ബീറ്റാ കരോട്ടിന്‍ എന്നീ ഘടകങ്ങള്‍ അടങ്ങിയിട്ടുളളതിനാല്‍ കാന്‍സറിനെ ചെറുക്കാനും പപ്പായ സഹായകമാകും. 

കൂടാതെ പപ്പായയില്‍ അടങ്ങിയിരിക്കുന്ന വിവിധ എന്‍സൈമുകള്‍ ദഹനവ്യവസ്ഥയെ ബാധിക്കുന്ന രോഗങ്ങളെ പ്രതിരോധിക്കാനും  വിശപ്പുണ്ടാകാനും സഹായകമാകും. പപ്പായയുടെ കറ ത്വക്ക് രോഗങ്ങള്‍ക്ക് നല്ലൊരു ഔഷധം കൂടിയാണ്.

ശരീരത്തില്‍ അമിതമായി അടിഞ്ഞു കൂടുന്ന പിത്തത്തെ ശമിപ്പിക്കാന്‍ സ്ഥിരമായി പഴുത്ത പപ്പായ കഴിക്കുന്നത് സഹായിക്കും. ഇത് ശരീരഭാരം കൃത്യമായി നിയന്ത്രിക്കുവാനും സഹായിക്കും. ഇത് കൂടാതെ ശരീരത്തിന് രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുവാനും പപ്പായ ശീലമാക്കുന്നതിലൂടെ സാധ്യമാകുന്നു. 

പപ്പായയുടെ ഇല ആവിയില്‍  നന്നായി വേവിച്ച് മഞ്ഞപ്പിത്തത്തിനും മൂത്രാശയരോഗങ്ങള്‍ക്കും ഔഷധമായും ഉപയോഗിക്കാറുണ്ട്. പ്രമേഹമുളളവര്‍ക്കും മിതമായ തോതില്‍ ഉപയോഗിക്കാവുന്ന പഴമാണ് പപ്പായ. പപ്പായയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡ ന്റുകള്‍ ഇന്‍ഫഌമേഷന്‍ കുറയ്ക്കാനും ത്വക്കിലെ ചുളിവുകളെ കേടുപാടുകള്‍ എന്നിവ  ചെറുത്ത് യൗവനം നിലനിര്‍ത്താനും സഹായിക്കും. പപ്പായയില്‍ അടങ്ങിയിരുക്കുന്ന ലൈക്കോപീന്‍ കൊളസ്‌ട്രോളിനെ ചെറുത്ത് ഹൃദയത്തിനും സംരക്ഷണം നല്‍കുന്നു.