മാറിയ ജീവിത സാഹചര്യവും വ്യായാമക്കുറവും മൂലം യുവാക്കളടക്കമുള്ളവര്‍ വലിയ തോതില്‍ അനുഭവിക്കുന്നതാണ് ഉയര്‍ന്ന കൊളസ്‌ട്രോള്‍ മൂലമുള്ള പ്രശ്‌നങ്ങള്‍. ശരീരത്തിലെ കൊളസ്‌ട്രോള്‍ നിരക്ക് നിയന്ത്രിച്ച് നിര്‍ത്തുന്നതില്‍ ജാഗ്രത കാണിച്ചില്ലെങ്കില്‍ ഹര്‍ട്ട്അറ്റാക്കിന് വരെ സാധ്യതയുള്ളതിനാല്‍ പ്രശ്‌നത്തെ അത്ര നിസാരമായി കാണേണ്ടെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ജീവിത ശൈലിയിലെ മാറ്റം തന്നെയാണ് കൊളസ്‌ട്രോള്‍ നിരക്ക് കൂട്ടുന്നതിന് പ്രധാന കാരണമെന്നത് കൊണ്ട് തന്നെ ദിവസേനയുള്ള ഭക്ഷണ ക്രമത്തിലെ നിയന്ത്രണം കൊണ്ട്  ഒരു പരിധിവവരെ കൊളസ്‌ട്രോള്‍ പ്രശ്‌നങ്ങള്‍ കുറച്ച് കൊണ്ട് വരാന്‍ സാധിക്കും.

കൊളസ്‌ട്രോളും ശരീരവും
കോശഭിത്തിയുടെ നിര്‍മാണത്തിനും ഹോര്‍മോണ്‍ ഉത്പാദനത്തിനുമൊക്കെ ശരീരത്തിന് കൊളസ്‌ട്രോള്‍ കൂടിയേ തീരു. എന്നാല്‍ 20 ശതമാനം മാത്രം മതി ശരീരത്തിന് ഭക്ഷണത്തില്‍ നിന്ന് ലഭിക്കേണ്ട കൊളസ്‌ട്രോള്‍. ബാക്കി കരള്‍ ഉത്പാദിപ്പിച്ച് കൊള്ളും. കൊളസ്‌ട്രോള്‍ നല്ലതും, ചീത്തയുമുണ്ട്. കൊഴുപ്പ് കൂടിയ ഭക്ഷണങ്ങള്‍ കൂടുതലായി കഴിക്കുമ്പോള്‍ അത് ചീത്ത കൊളസ്‌ട്രോള്‍ ഉത്പാദനത്തിന് വഴിവെക്കും. ഈ ചീത്ത കൊളസ്‌ട്രോള്‍ ഓക്‌സീകരണം നടന്ന് ദോഷകരമായ പദര്‍ത്ഥങ്ങള്‍ ഉണ്ടാക്കി ധമനികള്‍ക്ക് കേട് വരുത്തും. ഇത് ഹൃദയാഘാതം പോലുള്ളവയ്ക്ക് കാരണമാവുകയും ചെയ്യും. ഭക്ഷണ ക്രമത്തില്‍ വരുത്തുന്ന മാറ്റം കൊണ്ട് അമിത കൊളസ്‌ട്രോളിനെ തടഞ്ഞ് നിര്‍ത്താന്‍ കഴിയും എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ചില ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും മറ്റ് ചിലത് കൂടുതല്‍ കഴിക്കുകയും എന്ന് തന്നെയാണ്. 

sardineമത്സ്യം കഴിക്കാം
മത്സ്യത്തില്‍ അടങ്ങിയ ഒമേഗ-3 ഫാറ്റി ആസിഡ്, കൊഴുപ്പ് ധമനികളില്‍ അടിഞ്ഞ് കൂടുന്നത് കുറയ്ക്കുന്നുണ്ടെന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. അയല, മത്തി, ചൂര എന്നീ മത്സ്യങ്ങളില്‍ ഇത് ധാരാളമുണ്ട്. അമിത വണ്ണത്തിന് കാരണമാകുന്ന ട്രൈഗ്ലിസറൈഡിനെ തടഞ്ഞ് നിര്‍ത്താനും ഇവയ്ക്ക് കഴിയും. ചീത്ത കൊളസ്‌ട്രോളിനെ പോലെ തന്നെ ശരീരത്തിന് ദോഷമുണ്ടാക്കുന്നതാണ് ട്രൈഗ്ലിസറൈഡ്. പൊണ്ണത്തടിയുണ്ടാക്കുന്നതിന് പുറമെ ഹൃദയനാശം വരുത്താനും ട്രൈഗ്ലിസറൈഡ് കാരണമാകുന്നുണ്ട്. എന്നാല്‍ ഉയര്‍ന്ന കൊളസ്‌ട്രോള്‍ ഉള്ളവരും കൊളസ്‌ട്രോള്‍ കുറച്ച് കൊണ്ട് വരാന്‍ ശ്രമിക്കുന്നവരും കൊഞ്ച്, സ്രാവ്, നെയ്മീന്‍, ഞെണ്ട് എന്നിവ ഉപയോഗിക്കുന്നത് നല്ലതല്ല.dates

ഈന്തപ്പഴം
കാത്സ്യം, പൊട്ടാസ്യം, ഇരുമ്പ്, മഗ്നീഷ്യം എന്നിങ്ങനെ നിരവധി ധാതുക്കളുടെ കലവറയാണ് ഈന്തപ്പഴം. കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഏറെ സഹായിക്കുന്ന പഴവര്‍ഗമാണിത്. ആഴ്ചയില്‍ രണ്ട് തവണ ഈന്തപ്പഴം കഴിക്കുന്നത് ഹൃദയാരോഗ്യത്തിനും ഗുണകരമാണ്. 

badamബദാംപരിപ്പ്
ബദാംപരിപ്പില്‍ കൊഴുപ്പുണ്ടെങ്കിലും ഇത് അപകടകരമല്ലാത്ത കൊഴുപ്പാണ്. ഇത് കൊളസ്‌ട്രോള്‍ കുറയ്ക്കാനും ചീത്ത കൊളസ്‌ട്രോള്‍ ഓക്‌സീകരണത്തിന് വിധേയമാകാതിരിക്കാനും സഹായിക്കും. പക്ഷെ ഇത് അമിതമായി കഴിക്കുന്നത് നല്ലതല്ല. ഏതെങ്കിലുംകൊഴുപ്പ് ഭക്ഷണത്തിന്‌ പകരമായോ, ഇടനേരങ്ങളിലെ ഭക്ഷണമായോ ബദാംപരിപ്പ് കഴിക്കാവുന്നതാണ്.

Avacadoവെണ്ണപ്പഴം(അവക്കാഡോ)
അമിതമായ കൊളസ്‌ട്രോള്‍ കുറച്ച് കൊണ്ടുവരാന്‍ ഏറെ സഹായിക്കുന്ന കൊഴുപ്പ് അടങ്ങിയ പഴ വര്‍ഗമാണ് വെണ്ണപ്പഴം അഥവാ അവക്കാഡോ. ദിവസവും ഒരു വെണ്ണപ്പഴം കഴിക്കുന്നവരുടെ ശരീരത്തിലെ കൊളസ്‌ട്രോള്‍ കൊഴുപ്പ് കുറയ്ക്കാന്‍ ഡയറ്റിംഗ് നടത്തുന്നവരെക്കാള്‍ കൂറഞ്ഞ് വരുന്നതായി കണ്ടെത്തിയിട്ടുണ്ട്. കൊഴുപ്പിന്റെ ഓക്‌സീകരണം മൂലമുണ്ടാകുന്ന അപകടങ്ങളില്‍ നിന്നും അവക്കാഡോ പഴങ്ങള്‍ ധമനികളെ സംരക്ഷിക്കുന്നതായും തെളിഞ്ഞിട്ടുണ്ട്.

സസ്യാഹാരം കഴിക്കുന്നവര്‍ വെണ്ണ, നെയ്യ്, കട്ടത്തൈര്, എന്നിവ ഉപയോഗിക്കുന്നത് കുറയ്ക്കുക. പാട നീക്കിയ പാല്‍കൊണ്ടുണ്ടാക്കിയ  തൈര്, മോര് എന്നിവ ഉപയോഗിക്കുക.പാലും പാട നീക്കി ഉപയോഗിക്കുക. 

ദ്രാവക രൂപത്തിലുള്ള കൊഴിപ്പിന്റെ ഉപയോഗം കുറയ്ക്കുക. ഒരു ദിവസം രണ്ട് ടീസ്പൂണ്‍ എണ്ണയില്‍ കൂടുതല്‍ ഉപയോഗിക്കരുത്. ഡാല്‍ഡ, വെണ്ണ, പാമോയില്‍ എന്നിവയ്ക്ക് പകരം ഒലിവെണ്ണ, കടുകെണ്ണ എന്നിവ ഉപയോഗിക്കുക.

ചുവന്ന മാസം(ആട്,പോത്ത്,പന്നി) എന്നിവയുടെ ഉപയോഗം കുറയ്ക്കുക. കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ തയ്യാറെടുക്കുന്നവര്‍  കോഴിമുട്ടയുടെ ഉപയോഗവും കുറയ്ക്കണം.