ഹൈദരാബാദുകാരിയായ പത്ത് വയസ്സുകാരി മാനസ്വിക്ക് കൊച്ചിയിലെത്തുക എന്നത് ഒരു സ്വപ്‌നമായിരുന്നു. പക്ഷേ അതൊരിക്കലും യാത്രയോടുള്ള ഇഷ്ടം കൊണ്ടോ കൊച്ചിയെ അറിയാനോ ആയിരുന്നില്ല. തന്റെ അച്ഛന്‍ ഒരു വര്‍ഷത്തോളമായി ദൈവത്തെ പോലെ ആരാധിക്കുന്ന ഒരു മനുഷ്യനെ കാണാന്‍ വേണ്ടി മാത്രമായിരുന്നു. അയാള്‍ ആരാണെന്നോ എവിടെയാണെന്നോ ആ കുഞ്ഞിന് അറിയില്ലായിരുന്നു. പക്ഷേ ഒന്ന് അവള്‍ക്ക് വ്യക്തമാണ്. താന്‍ ഇന്ന് ജീവിച്ചിരിക്കുന്നതിന് കാരണമായ ആ വ്യക്തിയുള്ളത് കൊച്ചി എന്ന തിരക്കേറിയ നഗരത്തിലെ ഏതോ ഒരു കോണിലാണ്. കഴിഞ്ഞ ഒരു വര്‍ഷമായി അവള്‍ കാണാനിരിക്കുന്ന മുഖവും അതു തന്നെ!

ജനിച്ച് മൂന്നാം മാസമാണ് മാനസ്വിയുടെ മാതാപിതാക്കളായ കിരണും കമലയും തിരിച്ചറിയുന്നത് തങ്ങളുടെ ഏക മകള്‍ക്ക് തലസീമിയ മേജര്‍ എന്ന മാരകരോഗമാണെന്ന്. പല സ്ഥലങ്ങളിലായി ചികിത്സിച്ചെങ്കിലും രക്തമൂല കോശദാനത്തിന് മാത്രമേ മാനസ്വിയുടെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കുകയുള്ളൂവെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. സാമ്യമുള്ള  ഒരു ദാതാവിനെ കണ്ടെത്തുക എന്നതിന്റെ ബുദ്ധിമുട്ടുകളും ഡോക്ടര്‍മാര്‍ മാതാപിതാക്കളെ പറഞ്ഞു മനസിലാക്കി. മാനസ്വിയുടെ സഹോദരങ്ങളുടെ രക്തമൂല കോശം ചേരാനുള്ള സാധ്യതയും ഡോക്ടര്‍മാര്‍ തള്ളിക്കളഞ്ഞില്ല. ഇതിനായി മാതാപിതാക്കള്‍ തയ്യാറെടുത്തുവെങ്കിലും രണ്ടു വട്ടം ഗര്‍ഭച്ഛിദ്രം എന്ന രീതിയില്‍ വിധി അവരെ കൈവിട്ടു. ഒരു  പ്രകാശമെന്നോണമാണ് കമല മൂന്നാമത് ഗര്‍ഭം ധരിക്കുന്നത്. മാനസ്വിയെ എങ്ങനെയും രക്ഷിക്കണമെന്ന ചിന്ത മാത്രമായിരുന്നു ഈ മാതാപിതാക്കളുടെ മനസ്സില്‍. തങ്ങള്‍ക്ക് രണ്ടാമതൊരു കുട്ടി ഉണ്ടായെങ്കിലും അവള്‍ മൂന്നാം മാസം മാനസ്വിയുടെ അതേ രോഗം ബാധിച്ച് മരണത്തിന് കീഴടങ്ങി. പലപ്പോഴും ജീവിതം തകര്‍ന്നു എന്ന തോന്നലാണ് മനസ്സിലുണ്ടായതെന്ന കിരണ്‍ പറയുന്നു. പിന്നീട് മാനസ്വിക്ക് ഒരു അനുജന്‍ പിറന്നെങ്കിലും അവന്റെ രക്തമൂല കോശം മാനസ്വിക്ക് യോജിച്ചതായിരുന്നില്ല. പിന്നീടാണ് കുടുംബ ബന്ധമില്ലാത്തവര്‍ക്കും രക്തമൂല കോശം ദാനം ചെയ്യാന്‍ സാധിക്കുമെന്ന അറിവ് കിരണിന് ലഭിക്കുന്നത്. യു.എസില്‍ ഇതിനായൊരു റെജിസ്റ്ററി ഉണ്ടെന്നും അറിഞ്ഞു. തുടര്‍ന്ന് കുടുംബത്തോടെ യു.എസിലേക്ക്.അവിടെ നിന്നാണ് ഇന്ത്യയിലെ ദാത്രി ബ്ലഡ് സ്‌റ്റെം സെല്‍ ഡോണേഴ്‌സ് റെജിസ്ട്രിയെ  കുറിച്ച് അറിയുന്നതും അവരുടെ നിര്‍ദേശപ്രകാരം ഇന്ത്യയിലേക്ക് മടങ്ങുന്നതും. ഇന്ത്യയിലെത്തി ദാത്രി സി.ഇ.ഒ രഘു രാജഗോപാലിനെ കണ്ട് സംസാരിക്കുകയും ദാതാവിനെ കണ്ടെത്തുന്നതിനുള്ള ശ്രമം ആരംഭിക്കുകയും വളരെ പെട്ടെന്ന് തന്നെ കണ്ടെത്തുകയും ചെയ്തു.

പ്രകാശമായി ദാത്രി

2015ലാണ് ആലുവയിലെ കെ.എം.ഇ.എ എഞ്ചിനീയറിങ് കോളേജില്‍ ദാത്രി ബോധവത്കരണ ക്ലാസും രക്തമൂല കോശദാന ക്യാമ്പും സംഘടിപ്പിച്ചത്. ക്ലാസ് കട്ട്് ചെയ്യുക എന്ന ഒറ്റ ഉദ്ദേശം മാത്രം മനസി്ല്‍ വച്ചാണ് 23-കാരനായ പള്ളുരുത്തിക്കാരന്‍ ടി.എസ്.ഷാബാസ് ക്യാമ്പില്‍ എത്തുന്നത്. ക്യാമ്പില്‍ പങ്കെടുത്ത് തിരിച്ച് ക്ലാസില്‍ കയറുന്നതിന് മുമ്പ് അവന്‍ രക്തമൂല കോശദാന സമ്മതപത്രം ഒപ്പിട്ടു. രണ്ട് വര്‍ഷത്തിനിപ്പുറം തന്റെ ജീവിതം മാറ്റിമറിയ്ക്കാന്‍ സാധിക്കുന്ന ഒരു ഒപ്പാണ് സമ്മതപത്രത്തിന് അവസാനം താന്‍ ഇട്ടതെന്ന് ഷാബാസിന് വിശ്വസിക്കാനാവുന്നില്ല. 2016 ജൂലായിലാണ് ദാത്രിയുടെ വളണ്ടിയർമാരിൽ നിന്ന് ഷാബാസിനെ തേടി ഫോണ്‍ എത്തുന്നത്. തന്റെ രക്തമൂല കോശം ചേരുന്ന ഒരു രോഗിയുണ്ടെന്ന് അറിയേണ്ട താമസം കോശം ദാനം ചെയ്യാന്‍ ഷാബാസ് തയ്യാറായി. ഉറച്ചമനസ്സോട ഷാബാസിന്റെ മാതാപിതാക്കളും. അങ്ങനെ ജൂലായ് 18നാണ് ഷാബാസ് രക്തമൂല കോശ ദാതാവാകുന്നത്. പിന്നീടിങ്ങോട്ട് ഒരു വര്‍ഷത്തെ കാത്തിരിപ്പായിരുന്നു. തന്റെ കോശങ്ങള്‍ രക്ഷിച്ച ആ വ്യക്തിയെ കാണാന്‍. ദാത്രിയുടെ നിയമമനുസരിച്ച് ഒരു വര്‍ഷത്തേക്ക് ദാതാവിന്റെയും സ്വീകര്‍ത്താവിന്റെയും പേരുകള്‍ വെളിപ്പെടുത്തുകയില്ല. ഇതിനാല്‍ തന്നെ ഇരു കുടുംബങ്ങളും സംഘടനയിലെ അംഗങ്ങള്‍ വഴി മാത്രമാണ് വിവരങ്ങള്‍ തിരക്കിയിരുന്നത്. 

stem

ദൈവത്തിന്റെ കൈയ്യൊപ്പ് ചാര്‍ത്തിയ കൂടിച്ചേരല്‍

എറണാകുളം കടവന്ത്രയിലെ കൊച്ചിന്‍ പാലസില്‍ വ്യാഴാഴ്ച നടന്ന ഇരുകുടുംബങ്ങളുടെയും ഒത്തുചേരല്‍ വികാരനിര്‍ഭരമായിരുന്നു. രക്തമൂല കോശ ദാതാവാണ് ഷാബാസെന്ന് തിരിച്ചറിഞ്ഞ മാത്രയില്‍ കിരണ്‍ ഷാബാസിനെ കെട്ടിപ്പിടിച്ച് കരഞ്ഞു. മകളെയും ഷാബാസിനെയും ചേര്‍ത്തുപിടിച്ചു നില്‍ക്കുന്ന അച്ഛന്റെ ചിത്രം ആരുടേയും കണ്ണ് നനയിക്കുന്നതായിരുന്നു. തന്റെ മകളുടെ ജീവന്‍ തിരിച്ചുനല്‍കിയ ഷാബാസ് തനിക്ക് ദൈവമാണെന്ന് കിരണും, തന്റെ ശരീരത്തിന് ഒരു ജീവന്‍ രക്ഷിക്കാന്‍ സാധിച്ചുവെന്നതിനാല്‍ തന്നോട് തന്നെ ബഹുമാനം തോന്നുന്നതായി ഷാബാസും പ്രതികരിച്ചു. ദൈവത്തിന്റെ മറ്റൊരു പേരാണ് ഷാബാസ് എന്ന് ചടങ്ങില്‍ പങ്കെടുത്ത സിനിമാതാരം രഞ്ജി പണിക്കര്‍ പറഞ്ഞു. ക്രിക്കറ്റ് താരം ശ്രീശാന്ത് ഷാബാസിനെ പ്രശംസിച്ചു. 

ദാത്രി ബ്ലഡ് സ്‌റ്റെം സെല്‍ ഡോണേഴ്‌സ് റെജിസ്ട്രി

ഇന്ത്യന്‍ രക്തമൂല കോശദാതാക്കളുടെ ഏക അംഗീകൃത രജിസ്ട്രിയാണ ദാത്രി. ലോകത്തെവിടെയുള്ള രോഗികള്‍ക്കും ജനിതക സാമ്യമുള്ള ഒരു രക്തമൂല കോശദാതാവിനെ കണ്ടെത്തുന്നതിന് സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ദാത്രി റെജിസ്ടി പ്രവര്‍ത്തിക്കുന്നത്. 2009ലാണ് രഘു രാജഗോപാല്‍, നെസിഹ് സെറബ്, ഡോ.സൂ യംഗ് യാങ് എന്നിവര്‍ ചേര്‍ന്ന് ഈ സന്നദ്ധ സംഘടനയ്ക്ക് രൂപം നല്‍കിയത്. 2017 ജൂണിലെ കണക്കുകള്‍ പ്രകാരം നിലവില്‍ 2,67,000 ത്തിലധികം ആളുകളാണ് സന്നദ്ദ ദാതാക്കളായി ദാത്രിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതുവരെ 285 രക്തമൂല കോസ ദാനങ്ങളാണ് ഈ സംഘടന നടത്തിയിരിക്കുന്നത്. അതില്‍ 35 ദാനങ്ങള്‍ വിദേശീയരായ രോഗികള്‍ക്ക് വേണ്ടിയായിരുന്നു. ദാതാക്കളെ കണ്ടെത്താന്‍ സഹായിക്കുന്നതോടൊപ്പം രക്തമൂല കോശ ദാനത്തെകുറിച്ചുള്ള ബോധവത്കരണ പ്രവര്‍ത്തനങ്ങളും കൗണ്‍സിലിംഗ് ക്ലാസുകളും സംഘടന നടത്തുന്നുണ്ട്. 

എന്താണ് രക്തമൂല കോശം

അടിസ്ഥാന കോശ രൂപമാണ് മൂലകോശത്തിന്റേത്. ഇവയെ ക്രമവിഭജനം നടത്തി പുതിയ കോശങ്ങള്‍ ഉത്പാദിപ്പിക്കാന്‍ സാഘിക്കും. ആവശ്യത്തിനനുസരിച്ച് ആരോഗ്യമുള്ള കോശങ്ങളെ ഉത്പാദിപ്പിക്കാന്‍ മൂലകോശങ്ങള്‍ പ്രയോജനപ്പെടുത്താം. ശരീരത്തില്‍ നശിച്ചു പോകുന്ന ശരീര കോശങ്ങളെ പുനര്‍ നിര്‍മ്മിക്കുന്നത് മൂല കോശങ്ങളാണ്. ഇത്തരത്തില്‍ 256 വിത്തു കോശങ്ങളാണ് മനുഷ്യ ശരീരത്തിലുള്ളത്. ശരീരത്തിലെ ഏതെങ്കിലും കോശത്തിന് കേടു സംഭവിച്ചാല്‍ ഒരു വിത്തു കോശം രണ്ടാവും. പുതിയൊരു വിത്തുകോശവും കേടായ കോശത്തിന്റെ സ്വഭാവത്തോടു കൂടിയ പുതിയ ഒരു കോശവും ഉണ്ടാവും. രക്തദാനം പോലെ തന്നെ വളരെ ലളിതമായ ഒരു രീതിയാണ് രക്തമൂല കോശദാനം എന്നത്. സമാനമായ രീതികളുമാണ് ഇതിനായി നടത്തുന്നതും. ദാനം നല്‍കുന്ന രക്തത്തില്‍ നിന്ന് വ്യക്തിയുടെ സ്‌റ്റെം സെല്‍ വേര്‍തിരിച്ച് എടുക്കും. ദാതാവിന്റെ ശരീരത്തില്‍ നിന്നെടുക്കുന്ന രക്തം മൂലകോശങ്ങള്‍ വേര്‍തിരിച്ച ശേഷം തിരികെ നല്‍കുകയും ചെയ്യും. രക്തത്തിലൂടെയോ മജ്ജയിലൂടെയോ ഉള്ള മൂലകേശ ദാനത്തിന് ശേഷം ദാതാവിന്റെ ശരീരത്തില്‍ അവ വളരെ വേഗം തന്നെ പുനര്‍ നിര്‍മ്മിക്കപ്പെടും. 

stemcell

എങ്ങനെ ഒരു സ്‌റ്റെം സെല്‍ ഡോണര്‍ ആകാം

രക്തമൂല കോശ ദാനം ചെയ്യാന്‍ തയ്യാറായിട്ടുള്ളവര്‍ ആദ്യം ചെയ്യേണ്ടത് ഈ പ്രക്രിയയെ കുറിച്ചുള്ള ശരിയായ അവബോധം ഉണ്ടാവുക എന്നതാണ്. ഇതിനായി സംഘടനയുമായോ സംഘടനയുടെ സന്നദ്ധപ്രവര്‍ത്തകരായോ വെബ്‌സൈറ്റുകളിലൂടെയോ കൃത്യമായ ധാരണയുണ്ടാക്കണം. എല്ലാ വിവരങ്ങളും ലഭിച്ചതിനു ശേഷം വേണം ദാതാവാകാനുള്ള ആപ്ലിക്കേഷന്‍ ഫോം പൂരിപ്പിച്ച് നല്‍കാന്‍. സമ്മതപത്രം നല്‍കിയതിനു ശേഷം ഓരോ വ്യക്തികളുടെയും ഹ്യൂമന്‍ ലൂക്കോസൈറ്റ് ആന്റിജന്‍ (എച്ച്.എല്‍.എ) അറിയുന്നതിനായുള്ള സാംപിളുകള്‍ ശേഖരിക്കുകയാണ് ചെയ്യുന്നത്. ഇതിനായി കവിള്‍ത്തടങ്ങള്‍ക്കുള്ളിലെ സെല്ലുകളാണ് എടുക്കുന്നത്. ശുദ്ധമായ കോട്ടന്‍ ബഡ്‌സുകള്‍ ഉപയോഗിച്ച് ഇവ കവിള്‍ത്തടങ്ങള്‍ക്കുള്ളിലെ സെല്ലുകള്‍ സ്വീകരിക്കും. പിന്നീട് ഈ സാംപിളുകള്‍ ലാബുകളില്‍ നല്‍കി എച്ച്.എല്‍.എ കണ്ടെത്തി രജിസ്റ്ററിയുടെ ഡാറ്റാബേസില്‍ സൂക്ഷിക്കും. ഈ നടപടിക്രമങ്ങളിലൂടെ ഒരു വ്യക്തി രക്തമൂല കോശദാനത്തിന് തയ്യാറായ ദാതാവാകും.

സാമ്യമുള്ള ഡോണറെ കണ്ടെത്തിയാല്‍ 

ഒരു രോഗിക്ക് തന്റേതിന് സമാനമായ രക്തമൂല കോശമുള്ള ദാതാവിനെ കണ്ടെത്തുന്നതിന് ആദ്യം എച്ച്.എല്‍.എ ചേരുന്നുണ്ടോ എന്നാണ് പരിശോധിക്കുന്നത്. അവ ചേരുന്നുവെങ്കില്‍ ദാതാവാകാന്‍ തയ്യാറായ വ്യക്തിയെ ഒരുപറ്റം പരിശോധനകള്‍ക്ക് വിധേയമാക്കും. ആരോഗ്യപരമായി തൃപ്തനാണെന്ന് ഉറപ്പുവരുത്തുന്നതിനോടൊപ്പം ഹെപ്പറ്റൈറ്റിസ് ബി, എച്ച്.ഐ.വി തുടങ്ങിയ സാംക്രമികരോഗങ്ങള്‍ ഇല്ലെന്ന് ഉറപ്പുവരുത്തുന്നതിനാണിത്. തുടര്‍ന്ന് രക്തമൂല കോശ ദാനത്തിനുള്ള തയ്യാറെടുപ്പുകളാണ് നടത്തുക. രക്തമൂല കോശദാനം രണ്ട് തരത്തില്‍ നടത്തുന്നുണ്ട്. ബോണ്‍ മാരോ ഡൊണേഷനും ബാഹ്യമായ രീതിയിലുള്ള രക്തമൂല കോശ ദാനവും. 

ബോണ്‍ മാരോ ഡൊണേഷന്‍

അനസ്‌തേഷ്യ നല്‍കിയാണ് ബോണ്‍ മാരോ ഡൊണേഷന്‍ നടത്തുന്നത്. തുടര്‍ന്ന് ദാതാവിന്റെ ഇടുപ്പെല്ലില്‍ നിന്ന് രക്തമൂല കോശങ്ങള്‍ ശേഖരിക്കും. ദാതാവിന് ഇതിലൂടെ യാതൊരു തരത്തിലുമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവില്ലെന്ന് ആരോഗ്യരംഗം വ്യക്തമാക്കുന്നു. മാത്രവുമല്ല കോശം ശേഖരിച്ചതിനു ശേഷം അടുത്ത ദിവസം തന്നെ സാധാരണ ജീവിതം തുടരുവാനും സാധിക്കും. 

പെരിഫെറല്‍ ബ്ലഡ് സ്റ്റെം സെല്‍ ഡൊണേഷന്‍

പെരിഫെറല്‍ ബ്ലഡ് സ്റ്റെം സെല്‍ ഡൊണേഷനായി ദാതാവിന് അഞ്ച് ദിവസത്തെ ജി.സി.എസ്.എഫ് ഇഞ്ചെക്ഷന്‍ നല്‍കും. മജ്ജയില്‍ നിന്ന് രക്തത്തിലേക്ക് രക്തമൂല കോശം എത്തുന്നതിനാണിത്. ഇഞ്ചെക്ഷന്‍ എടുക്കുന്ന സമയത്തും ദാതാവിന് തന്റെ സാധാരണ ജീവിതം തുടരാന്‍ സാധിക്കും. അഞ്ചാം ദിനം രക്തദാനം നടത്തുന്നതു പോലെ തന്നെ ദാതാവിന് രക്തമൂല കോശം ദാനം ചെയ്യാന്‍ സാധിക്കും. നാല് മണിക്കൂര്‍ നീണ്ട് നില്‍ക്കുന്ന പ്രക്രിയയാണിത്. ഇതോടെ ദാതാവിന്റെ രക്തമൂല കോശം രോഗിയിലേക്ക് നല്‍കുന്നതിന് തയ്യാറായിരിക്കും

കേരളത്തില്‍ രക്തമൂല കോശ ദാതാക്കള്‍ കുറവ് 

കേരളത്തില്‍ രക്ത മൂല കോശ ദാതാക്കള്‍ കുറവാണെന്ന് അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മെഡിക്കല്‍ ഓങ്കോളജി ആന്റ് ഹെമററ്റോളജി വിഭാഗം ഡോ.നീരജ് സിദ്ധാര്‍ത്ഥന്‍ പറഞ്ഞു. നിലവില്‍ 500 കുട്ടികളാണ് കേരളത്തില്‍ തലസ്സീമിയ രോഗബാധിതരായുള്ളത്. ഇവര്‍ക്ക് രക്തമൂലകോശ ദാതാക്കളെ കണ്ടുപിടിക്കേണ്ടത് ആവശ്യമാണ്. ആയിരത്തില്‍ ഒന്നു മുതല്‍ ദശലക്ഷത്തില്‍ ഒന്നുവരെ മാത്രമാണ് ജനിതകസാമ്യമുള്ള  രക്തമൂല കോശം ലഭിക്കാനുള്ള സാധ്യത. ഇതില്‍ തന്നെ പത്തില്‍ പത്ത് സാമ്യവും ചേര്‍ന്നാല്‍ മാത്രമേ ദാതാവിനെ പരിഗണിക്കുകയുള്ളൂ. ദാതാവ് സമ്മതപത്രം നല്‍കിയാല്‍ നിരവധി പരിശോധനകള്‍ക്ക് ശേഷമാണ് ഈ പ്രക്രിയ നടക്കുന്നത്. അതുകൊണ്ട് തന്നെ യോജിച്ച ഒരു ദാതാവിനെ കണ്ടെത്തുകയെന്നുള്ളത് ശ്രമകരമാണ്. ഇതിനിടയിലാണ് വിദ്യാഭ്യാസമുള്ളവരും ആരോഗ്യ രംഗത്തുള്ളവരും വരെ രജിസ്റ്റര്‍ ചെയ്തതിന് ശേഷം ' മാച്ചിനെ കണ്ടെത്തിയെന്നറിയുമ്പോള്‍ പിന്മാറുകയാണ് പതിവെന്ന് ഡോ. നീരജ് പറഞ്ഞു.കൂടുതല്‍ ബോധവത്കരണ പദ്ധതികളും ദാതാക്കളും കേരളത്തില്‍ നിന്ന് വരേണ്ടതുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഈ കുരുന്നുകള്‍ കാത്തിരിക്കുന്നു...

രക്തകോശ ദാതാക്കളെ തേടി രണ്ട് കുരുന്നുകളും. ഇരിങ്ങാലക്കുട പടിയൂര്‍ പഞ്ചായത്തിലെ ഊളക്കല്‍ അക്ബറിന്റെ മകന്‍ മൂന്നര വയസുകാരന്‍ മുഹമ്മദ് അസ്‌നാനും വയനാട് അമ്പലവയല്‍ സ്വദേശി നിയാസിന്റെ മകള്‍ മൂന്ന് വയസുകാരി നിയ ഫാത്തിമയ്ക്കുമാണ് രക്തമൂല കോശ ദാതാക്കളെ ആവശ്യമുള്ളത്. കേരളത്തില്‍ നിരവധി ക്യാമ്പുകളാണ് അസ്‌നാനായി നടത്തിയത്. നൂറോളം പേരുടെ കോശങ്ങള്‍ ശേഖരിച്ചെങ്കിലും ദാതാവിനെ ഇനിയും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. പനിയാണ് ഇരുവരെയും ഈ അവസ്ഥയില്‍ എത്തിച്ചത്. ജുവനൈല്‍ മൈലോമോണോസൈറ്റിക് ലുക്കീമിീയ (ജെ.എം.എം.എല്‍) എന്ന രോഗമാണ് മുഹമ്മദ് അസ്‌നാനുള്ളത്. തലസ്ലിമിയ എന്ന രോഗാവസ്ഥയാണ് നിയ ഫാത്തിമയെ തളര്‍ത്തുന്നത്. ഇരുവര്‍ക്കും യോജിച്ച രക്ത കോശദാതാവിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ദാത്രി രജിസ്റ്ററി. നിരവധി ക്യാമ്പുകളാണ് ഇതിനായി രജിസ്ടി സംഘടിപ്പിക്കുന്നത്. രക്ത ഗ്രൂപ്പ് സാമ്യമാകുന്നതു പോലെ ജനിതക സാമ്യമാണ് ഇതിന്റെ മുഖ്യ ഘടകം. പത്തില്‍ പത്ത് മാച്ചുകളും ചേര്‍ന്നാല്‍ മാത്രമേ ദാനം ചെയ്യാന്‍ സാധിക്കുകയുള്ളു. സ്വന്തം കുടുംബത്തില്‍ നിന്നു പോലും ചേര്‍ച്ചയുള്ള മൂലകോശം ലഭിക്കണമെന്നില്ല. 18 മുതല്‍ 52 വയസ് വരെയുള്ളവര്‍ക്ക് രക്തമൂലകോശം ദാനം ചെയ്യാന്‍ സാധിക്കും. രക്തമൂല കോശം ദാനത്തിന് താല്പര്യമുള്ളവര്‍ക്കും വിവരങ്ങള്‍ക്കും : 9947310214