പ്ലാസ്റ്റിക് ഗ്ലാസുകളുണ്ടാക്കുന്ന പരിസ്ഥിതി പ്രശ്‌നമാണ് പേപ്പര്‍ കപ്പുകളിലേക്ക് തിരിയാന്‍ നമ്മെ പ്രേരിപ്പിച്ചത്. ഇപ്പോള്‍ ചില റെയില്‍വെകാന്റീനുകളിലും ചായ നല്‍കുന്നത് ചില്ലു ഗ്ലാസുകള്‍ക്കുപകരം പേപ്പര്‍ കപ്പുകളിലാണ്. വിലക്കുറവും ഗ്ലാസ് കഴുകാനുള്ള സമയം ലാഭിക്കാനുമാണ് ഭക്ഷണശാലകളില്‍ ഇത്തരം കപ്പുകള്‍ ഉപോയഗിക്കുന്നത്.

എന്നാല്‍ പേപ്പര്‍ കപ്പുകളും അത്ര പരിസ്ഥിതി സൗഹൃദമല്ലെന്ന് തെളിഞ്ഞിട്ടുണ്ട്. ഇതുണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ക്കുള്ള ഉദാഹരണം മുന്‍പ് ഇന്ത്യയിലെ ടെക്‌നോപാര്‍ക്കില്‍ കണ്ടതാണ്. അവിടെ ജോലിചെയ്യുന്ന ഒരു ഐ.ടി. പ്രൊഫഷണലിന് കടുത്ത വയറുവേദനയുണ്ടായതിനെത്തുടര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനയില്‍ വയറില്‍് മെഴുകിന്റെ അംശം കൂടിക്കിടക്കുന്നത് കണ്ടെത്തി. സ്ഥിരമായി പേപ്പര്‍ കപ്പില്‍ ചായ കുടിക്കുന്നതുവഴി  മെഴുക് കൂടിയ അളവില്‍ ശരീരത്തിലെത്തിയതാണ് കാരണമെന്ന് തെളിഞ്ഞു. ഇത് നീക്കം ചെയ്യേണ്ടിവന്നു. 

ചൂടുള്ള ദ്രാവകങ്ങള്‍ ഒഴിക്കുമ്പോള്‍ അലിഞ്ഞുപോകാതിരിക്കാനും കുതിരുമ്പോള്‍ പേപ്പറിലെ രാസവസ്തുക്കള്‍ പാനീയങ്ങളില്‍ കലരാതിരിക്കാനുമായി പോളി എത്ത്‌ലീന്‍, പാരഫീന്‍ തുടങ്ങിയവ പേപ്പര്‍ കപ്പുകളില്‍ ആവരണമായി സ്‌പ്രേ ചെയ്യുന്നുണ്ട്. എന്നാല്‍ ചില നിര്‍മാതാക്കള്‍ ഇന്‍ഡസ്ട്രിയല്‍ വാക്‌സും പാഴ് പ്ലാസ്റ്റിക്കില്‍നിന്നുള്ള മെഴുക് സമാനമായ വസ്തുക്കളും പാരഫീന് പകരമായി കപ്പുകളില്‍ ഉപയോഗിക്കുന്നു. കപ്പുകള്‍ പരസ്പരം ഒട്ടിപ്പിടിക്കാതിരിക്കാന്‍ പുറത്തും ഇത് സ്‌പ്രേ ചെയ്യും. ചുരുക്കത്തില്‍ കപ്പിന്റെ അകത്തും പുറത്തും ഇത്തരം ആവരണമുണ്ട്.

നിരന്തരമായി പേപ്പര്‍ കപ്പുകള്‍ ഉപയോഗിക്കുമ്പോള്‍ വയറിലെത്തുന്ന ഇത്തരം രാസവസ്തുക്കള്‍ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കും. കൂടാതെ പ്ലാസ്റ്റിക് ആവരണമുള്ള കപ്പുകള്‍ നമ്മള്‍ കരുതുന്നതുപോലെ മണ്ണില്‍ വേഗം ലയിച്ചുചേരുകയുമില്ല. പെട്രോളിയത്തില്‍നിന്നാണ് പോളി എത്ത്‌ലിന്‍ ഉണ്ടാക്കുന്നത്. ഇവയും പ്രത്യേക സംസ്‌കരണസംവിധാനമില്ലാതെ മണ്ണില്‍ ലയിക്കുന്നില്ല.  കൂടാതെ ഇങ്ങനെ വലിച്ചെറിയുന്ന കപ്പുകളില്‍നിന്ന് മീഥേന്‍ വാതകം പുറത്തുവരികയും ചെയ്യും.

 ഒരു കല്യാണ സദ്യയ്ക്ക് പോയാല്‍ ചുരുങ്ങിയത് ഓരാളുടെ മുന്‍പില്‍ മൂന്ന് പേപ്പര്‍ ഗ്ലാസുകളെങ്കിലും നിരക്കും. വെള്ളത്തിന് ഒന്ന്, പായസത്തിന് രണ്ട്. ചൂടുള്ള പായസം സദ്യ തുടങ്ങും മുന്‍പ് പായസം ഗ്ലാസില്‍ ഒഴിച്ചുവെയ്ക്കും. അതിലെ രാസവസ്തുക്കള്‍ കുറച്ചുസമയം കൊണ്ടുതന്നെ പായസത്തിലെത്തും. സ്ഥിരമാകുമ്പോള്‍ ഇത് ആരോഗ്യപ്രശ്‌നത്തിന് കാരണമാകും. ഇത്തരം ആരോഗ്യപ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ഗ്ലാസ് പാത്രങ്ങള്‍, സെറാമിക് കപ്പുകള്‍, സ്റ്റീല്‍ പാത്രങ്ങള്‍ തുടങ്ങിയവയിലേക്ക് തിരിച്ചുപോകുന്നതാണ് നല്ലത്.