പുതിയ വര്‍ഷം പുതിയ പ്രതീക്ഷകളുടേതാണ്, പുതിയ തീരുമാനങ്ങളുടേതും പുതിയ ശീലങ്ങളുടേതുമാണ്. ദുശ്ശീലങ്ങളോട് ഗുഡ്‌ബൈ പറഞ്ഞ് പുതിയ ആരോഗ്യ തീരുമാനങ്ങള്‍ സ്വീകരിക്കാനും പിന്തുടരാനും പ്രചോദനമാവട്ടെ ഈ പുതുവര്‍ഷവും. പുതിയ വര്‍ഷത്തില്‍ സ്വീകരിക്കാവുന്ന ഏതാനും നല്ല ആരോഗ്യശീലങ്ങള്‍ ഇതാ..

തെറ്റായ ജീവിതശൈലി സമ്മാനിക്കുന്ന 'ലൈഫ് സ്‌റ്റൈല്‍ രോഗങ്ങ'ളാണ് സമൂഹത്തില്‍ ഇന്ന് കൂടുതല്‍. അനാരോഗ്യകരമായ ഭക്ഷണരീതികളും വ്യായാമരഹിതമായ ജീവിതശൈലിയും മദ്യവും പുകയിലയും മാനസികസംഘര്‍ഷങ്ങളുമൊക്കെ യുവത്വത്തെ അകാല വാര്‍ധക്യത്തിലേക്ക് തള്ളിവിടുന്നു. ജീവിതശീലങ്ങള്‍ മാറ്റാതെ ഇവയെ നിയന്ത്രിക്കാനും പ്രതിരോധിക്കാനും കഴിയില്ല. തെറ്റായ ശീലങ്ങള്‍ ഉപേക്ഷിക്കാന്‍ ഇച്ഛാശക്തിയാണ് വേണ്ടത്. മൂടിപ്പുതച്ചിരിക്കുന്ന മടിയന്‍ശീലങ്ങളെ കാറ്റില്‍ പറത്തി ചില നല്ല ജീവിതശീലങ്ങള്‍ക്ക് ഈ പുതുവര്‍ഷത്തില്‍ തുടക്കമിടാം. തുടരാന്‍ പ്രയാസമുള്ള വലിയ തീരുമാനങ്ങളേക്കാള്‍ ചെറിയ പ്രായോഗിക തീരുമാനങ്ങളായിരിക്കും നല്ലത്. 

eat

നല്ല ഭക്ഷണം നല്ല ശീലമാവട്ടെ

ഭക്ഷണത്തില്‍ നിന്നുതന്നെയാകട്ടെ നല്ല ശീലങ്ങളുടെ തുടക്കം. രാവിലത്തെ ബെഡ്കോഫി ഉപേക്ഷിച്ച് ഒരു ഗ്ലാസ് വെള്ളം കുടിക്കാന്‍ തീരുമാനിക്കാം. പലപ്പോഴും തിരക്കുപിടിച്ച് കഴിക്കാതെപോകുന്ന പ്രഭാതഭക്ഷണം പ്രധാന ഭക്ഷണമാക്കാന്‍ ശീലിക്കാം. ബ്രേക്ക്ഫാസ്റ്റ് താമസിപ്പിച്ച് ലഞ്ചുമായി ചേര്‍ത്ത് 'ബ്രഞ്ച്' ആക്കുന്ന പരിപാടി ഇനി വേണ്ട. ഉച്ചയ്ക്ക് ചോറ് കുറച്ച് കറികള്‍ കൂടുതല്‍ കഴിക്കാം. ചോറിനൊപ്പം ഉപ്പുചേര്‍ക്കുന്ന ശീലം ഒഴിവാക്കാം. രാത്രി കിടക്കുന്നതിന് രണ്ടു മണിക്കൂര്‍ മുമ്പ് അത്താഴം കഴിക്കണം. രാത്രിഭക്ഷണം ലഘുവാക്കാം. വറുത്തതും പൊരിച്ചതും വേണ്ട. ഇടനേരങ്ങളില്‍ ബേക്കറി സാധനങ്ങള്‍ വേണ്ട. പകരം പഴങ്ങളും കശുവണ്ടിയും നിലക്കടലയുമൊക്കെ ശീലമാക്കാം. ദിവസവും എട്ട് ഗ്ലാസ് വെള്ളം കുടിക്കുന്നതാകട്ടെ പുതുവര്‍ഷത്തിലെ മറ്റൊരു പ്രധാന തീരുമാനം. ഡയറ്റിന്റെ പേരില്‍ ഭക്ഷണം കഴിക്കാതിരിക്കുന്നതും രുചിയുടെ പേരില്‍ വാരിക്കോരി കഴിക്കുന്നതും ഒഴിവാക്കാം. ഭക്ഷണം കുറച്ചാലും ആരോഗ്യത്തെ ബാധിക്കാത്ത തരത്തിലാവണം ഡയറ്റ് പിന്തുടരാന്‍.

ഉപ്പുകുറയ്ക്കാം, മധുരവും; നിത്യജീവിതത്തില്‍ വളരെ ലളിതമായി വരുത്താവുന്ന ചില ചിട്ടകളാണ് ഉപ്പ്,എണ്ണ,പഞ്ചസാര എന്നിവയുടെ ഉപയോഗം കുറയ്ക്കുന്നത്. ആദ്യം വേണ്ടത് ഓരോന്നും ഇപ്പോള്‍ എന്തുമാത്രം ഉപയോഗിക്കുന്നു എന്നു നിരീക്ഷിക്കുകയാണ്. ഓരോന്നും കുറേശ്ശെ കുറച്ചു കൊണ്ടു വരിക. ഒന്നോ രണ്ടോ ആഴ്ച കൊണ്ട് ഉപ്പിന്റെയും എണ്ണയുടെയും പഞ്ചസാരയുടെയും ഉപയോഗം പകുതിയായി കുറയ്ക്കുക. അതുകൊണ്ടു എല്ലാ രോഗങ്ങളില്‍ നിന്നുമുള്ള മോചനവഴിയില്‍ നാം എത്തിച്ചേരും.

നടന്നുകയറാം ആരോഗ്യത്തിലേക്ക്

ഭക്ഷണം കഴിക്കുന്നതൊക്കെ കൊള്ളാം. എന്നാല്‍ ഭക്ഷണത്തിനൊപ്പം ആരോഗ്യപരിപാലനത്തിനും ശ്രദ്ധ ചെലുത്തണം. തിരക്കിട്ട ജീവിത ശീലങ്ങള്‍ക്കിടെ വര്‍ക്ക് ഔട്ടുകള്‍ പോയിട്ട് ഒന്നു നടക്കാന്‍ പോലും നേരമില്ലാത്തവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഈ ശീലം ഒന്ന് തിരുത്തിയാലോ? പുതുവര്‍ഷപ്പുലരിയില്‍ തന്നെ നനുത്ത കാറ്റേറ്റ് മഞ്ഞിന്റെ സൗന്ദര്യം ആസ്വദിച്ച് നടന്നുനോക്കൂ. പ്രഭാതത്തില്‍ തന്നെ വന്നുചേരുന്ന നവോന്മേഷം അനുഭവിച്ചറിയാം. ദിവസവും കുറഞ്ഞത് 30-40 മിനുട്ടെങ്കിലും നടക്കാന്‍ ശ്രമിക്കണം. 

ഇതുവരെ വ്യായാമങ്ങളൊന്നും തുടങ്ങാത്ത ആളാണെങ്കില്‍ മിതമായ വേഗത്തില്‍ നടന്നുകൊണ്ടുള്ള തുടക്കമാവും നല്ലത്. ആദ്യത്തെ അഞ്ചു മിനിറ്റ് വാം-അപ്പ് ചെയ്ത് ശരീരത്തെ ചൂടാക്കിയ ശേഷം വ്യായാമത്തിനൊരുങ്ങണം. എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങളുള്ളവര്‍ ഡോക്ടറുടെ ഉപദേശം സ്വീകരിക്കണം. പുതിയ തീരുമാനം തെറ്റിക്കാതെ നിത്യവും പ്രാവര്‍ത്തികമാക്കണം. വ്യായാമം രണ്ടാം ഘട്ടത്തിലേക്കെത്തുമ്പോള്‍ അല്‍പം കായികാധ്വാനമുള്ള വ്യായമമുറകള്‍ സ്വീകരിക്കുന്നത് ഉചിതമാവും. വയര്‍ ചാടല്‍, പൊണ്ണത്തടി പോലുള്ള പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ക്ക് അതിനനുസരിച്ചുള്ള വര്‍ക്കൗട്ടുകള്‍ തിരഞ്ഞെടുക്കാം. 

ആരോഗ്യപരിശോധനകള്‍ കൃത്യമായി നടക്കട്ടെ

ജീവിതശൈലീരോഗങ്ങളുടെ പ്രത്യേകത അവ നിശ്ശബ്ദരാണെന്നതാണ്. പലപ്പോഴും ഹൃദയാഘാതവും പക്ഷാഘാതവുമൊക്കെ ഉണ്ടാകുമ്പോഴായിരിക്കും പ്രമേഹവും രക്താതിസമ്മര്‍ദവും ഉണ്ടെന്നറിയുക. ഈ വര്‍ഷം മുതല്‍ ഒരു വാര്‍ഷിക വൈദ്യപരിശോധന ശീലമാക്കാം. ശരീരഭാരം, രക്തസമ്മര്‍ദം, രക്തത്തിലെ ഷുഗറിന്റെയും കൊളസ്ട്രോളിന്റെയും നില ഇവ പരിശോധിച്ചറിയാം. വൈദ്യപരിശോധനകള്‍ നടത്താന്‍ വിമുഖത കാണിക്കുന്നത് ഡോക്ടറെ കാണാനും ആസ്പത്രിയില്‍ പോകാനുമുള്ള മടികൊണ്ടും രോഗങ്ങളെക്കുറിച്ചുള്ള പേടികൊണ്ടുമായിരിക്കും. എന്നാല്‍ സൂചികൊണ്ടെടുക്കാന്‍ പറ്റുന്നത് തൂമ്പകൊണ്ടെടുക്കേണ്ടിവരാതെ നോക്കുന്നതല്ലേ നല്ലത്.

മാനസിക സമ്മര്‍ദ്ദം വേണ്ട, മാനസികോല്ലാസം മതി

വ്യക്തിജീവിതത്തിലും തൊഴില്‍ ജീവിതത്തിലും നിരവധി സമ്മര്‍ദ്ദങ്ങളിലൂടെ നിത്യവും നമുക്ക് കടന്നു പോവേണ്ടതായി വന്നേക്കാം. അത് ജീവിതത്തിലെ സാധാരണത്വം മാത്രം. എന്നാല്‍ സമ്മര്‍ദ്ദങ്ങള്‍ നമ്മളെ കീഴപ്പെടുത്താതെ നോക്കേണ്ടത് നമ്മുടെ മാത്രം മിടുക്കാണ്. പ്രശ്‌നങ്ങള്‍ക്കും സമ്മര്‍ദ്ദങ്ങള്‍ക്കും മുന്നില്‍ പരാജയപ്പെട്ടാല്‍ അതിന് മാത്രമാവും സമയമുണ്ടാവുക. അതിനാല്‍ മാനസിക സമ്മര്‍ദ്ദങ്ങള്‍ ഉണ്ടാവുമ്പോള്‍ മനസ്സിനെ നിയന്ത്രിക്കാന്‍ സാധിക്കുന്നത് തികച്ചും ആരോഗ്യകരമായ ശീലമാണ്. നല്ല ചിന്താഗതിയിലൂടേയും മെഡിറ്റേഷനിലൂടെയും പ്രശ്‌നങ്ങള്‍ക്ക് മുന്നില്‍ തലകുനിക്കാതെ നില്‍ക്കാനുള്ള മാനസികാരോഗ്യം നമുക്ക് സ്വന്തമാക്കാം. യോഗ പോലുള്ള മെഡിറ്റേഷന്‍ ട്രിക്കുകള്‍ക്ക് നിങ്ങളെ സഹായിക്കാന്‍ സാധിക്കും. വിര്‍ച്വല്‍ ലോകമാണ് ലോകമെന്നും ജീവിതമെന്നും ചിന്തിക്കുന്നവര്‍ അവയ്‌ക്കൊക്കെ താല്‍ക്കാലിക ബ്രേക്ക് കൊടുത്ത് കുടുംബത്തോടൊപ്പമോ പ്രിയപ്പെട്ടവരോടൊപ്പമോ കൂടുതല്‍ നേരം ചെലവഴിച്ചു നോക്കൂ, നിങ്ങളുടെ ജീവിതം കൂടുതല്‍ സുന്ദരമാവുന്നത് അനുഭവിച്ചറിയാം. ഓര്‍ക്കേണ്ടത് ഒന്നു മാത്രം, ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ നമ്മളെ പിന്തുടരുന്നതാണ്, നാം പ്രശ്‌നങ്ങളെ തേടിയല്ല  ജീവിക്കുന്നത്.  

family

കുടുംബത്തോടൊപ്പം കൂടുതല്‍ നേരം

ശരീരത്തിന്റെ ആരോഗ്യം പോലെ തന്നെ പ്രാധാന്യമുള്ളതാണ് മനസ്സിന്റെ ആരോഗ്യവും. ഇതില്‍ മുന്‍തൂക്കം കൊടുക്കാനും ശ്രമിക്കുക. ആരോഗ്യജീവിതത്തിന്റെയും ആഹ്ലാദജീവിതത്തിന്റെയും അടിസ്ഥാനമാണ് കുടുംബത്തോടൊത്തു കഴിയുന്നത്. ഈ പുതുവര്‍ഷം മുതല്‍ നിത്യവും കുടുംബാംഗങ്ങളോടൊപ്പം കൂടുതല്‍ നേരം ചെലവഴിക്കും എന്ന് തീരുമാനിക്കുക. എല്ലാ ദിവസവും ഏറ്റവും കുറഞ്ഞത് ഒരുമണിക്കൂര്‍ നേരമെങ്കിലും കുടുംബാംഗങ്ങളോടൊപ്പം ചെലവഴിക്കണം. കുടുംബാംഗങ്ങളുമായി ഒരുമിച്ചു ചെലവഴിക്കുന്ന സമയത്തെ ഉത്കര്‍ഷവേള (Quality Time) എന്നാണ് മനശ്ശാസ്ത്രവിദഗ്ധര്‍ വിളിക്കുന്നത്. 

കുട്ടികളാവട്ടെ മുതിര്‍ന്നവരാവട്ടെ മൊബൈല്‍ ഫോണും ലാപ്‌ടോപ്പിലും സ്വന്തം ലോകം തീര്‍ത്തിരിക്കാനാണ് മിക്കവരും ഇഷ്ടപ്പെടുന്നത്. എന്നാല്‍ ഒന്ന് സൈന്‍ ഔട്ട് ചെയ്താല്‍ തീരാത്ത എത്ര ബന്ധങ്ങളുണ്ട് നിങ്ങള്‍ക്ക്? ആത്മാര്‍ത്ഥമായി ആലോചിച്ചു നോക്കൂ. സൈബര്‍ ലോകത്തിന്റെ ബഹളത്തില്‍ നിന്നിറങ്ങി കുടുംബത്തോടൊപ്പവും കൂട്ടുകാര്‍ക്കൊപ്പവും കൂടുതല്‍ നേരം ചെലവഴിക്കുമെന്ന് തീരുമാനിച്ചു നോക്കൂ. അത്ഭുതകരമായ മാറ്റമാവും ആ തീരുമാനം നിങ്ങളുടെ വ്യക്തിജീവിതത്തിലും ചിന്താഗതിയിലും ഉണ്ടാക്കുക. കളിയും ചിരിയും കൊച്ചുവര്‍ത്തമാനവും തുറന്നു പറച്ചിലും പല മാനസിക പ്രശ്‌നങ്ങള്‍ക്കും ഫുള്‍ സ്റ്റോപ്പിടും. മുതിര്‍ന്നവരുടെ ജീവിതത്തില്‍ മാത്രമല്ല, കുട്ടികളിലും ഇത്തരം ശീലം വളര്‍ത്തുന്നത് പല കുടുംബങ്ങളും ഇന്ന് നേരിടുന്ന പല പ്രതിസന്ധിക്കും പരിഹാരമുണ്ടാക്കും. കുട്ടികള്‍ക്ക് തുറന്നു പറയാന്‍ അവസരമില്ലാത്തതും കാരണവന്മാര്‍ അതു കേള്‍ക്കാന്‍ താത്പര്യപ്പെടാത്തതുമാണ് മിക്ക വീടുകളിലും മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള വിടവിനു കാരണമാകുന്നത്. ഈ വിടവാണ് വഴിതിരിഞ്ഞു പോകാന്‍ കുട്ടികള്‍ക്കു പ്രേരണയേകുന്നത്. നിത്യവും ഒരുമിച്ചിരിക്കാനും ഒന്നിച്ച് ഭക്ഷണം കഴിക്കാനും മാറ്റിവെയ്ക്കുന്നത് കുടുംബത്തെ കൂടുതല്‍ ഇമ്പമുള്ളതാക്കി മാറ്റും. 

ക്ഷമപറഞ്ഞ് ശീലിക്കൂ, ക്ഷമിച്ചു തുടങ്ങൂ

ശരീരത്തിന്റെ ആരോഗ്യം പോലെ തന്നെ മാനസികാരോഗ്യത്തിനും മുന്‍തൂക്കം കൊടുക്കുന്നതായിരിക്കണം നമ്മുടെ നല്ല ആരോഗ്യശീലങ്ങള്‍. എന്നാല്‍ എടുത്തുചാടിയുള്ള പല പ്രതികരണങ്ങളും തീരുമാനങ്ങളും നിങ്ങള്‍ക്ക് അമിതഭാരം മാത്രമേ നല്‍കുകയുള്ളൂ. പകരം ചില സ്വാഭാവഗുണങ്ങള്‍ കൂടി സ്വന്തമാക്കാന്‍ ശ്രമിച്ചു നോക്കൂ, നിങ്ങളറിയാതെ നിങ്ങളുടെ വ്യക്തിത്വം പ്രകാശിക്കുന്നത് കാണാം.

വഴക്കാളിയാണെന്നും ദേഷ്യക്കാരനോ ദേഷ്യക്കാരിയോ ആണെന്ന തരത്തില്‍ നിങ്ങളെ കുറിച്ചുള്ള കമന്റുകള്‍ അഭിമാനമായി കൊണ്ടുനടക്കരുത്. അത് നിങ്ങളെ കുറവായി പരിഗണിച്ച് അത് മാറ്റാനാണ് ശ്രമിക്കേണ്ടത്. അതിന് ക്ഷമ, അകാരണമായ ദേഷ്യം ഒഴിവാക്കല്‍ തുടങ്ങിയ ചില ശീലങ്ങള്‍ പരിശീലിക്കാം. 

സ്വയം സൗഖ്യം പകരാന്‍ സാധിക്കുന്ന കഴിവാണ് ക്ഷമാശീലം. മാനസിക സമ്മര്‍ദ്ദം ഉണ്ടാക്കുന്ന പല പ്രശ്‌നങ്ങള്‍ക്കും ക്ഷമാശീലം ഉത്തമ പരിഹാരമാണ്. ക്ഷമ കാണിക്കുന്നതുകൊണ്ടുള്ള മെച്ചം നമുക്ക് തന്നെയാണ്. അത് മനസ്സിനേയും ശരീരത്തേയും സമ്മര്‍ദങ്ങളില്‍ നിന്നും രക്ഷപ്പെടുത്തും. ആത്മവിശ്വാസം കൂട്ടുകയും ചെയ്യും.അകാരണമായുള്ള ദേഷ്യപ്പെടലും ഒഴിവാക്കാം. ദേഷ്യപ്പെടേണ്ടതില്ലാത്ത, ഒന്നു കണ്ണടച്ചാല്‍, സാഹചര്യത്തില്‍ നിന്നും ഒഴിവായി നിന്നാല്‍ തീരാവുന്ന പ്രശ്നങ്ങള്‍ മാത്രമേ ഉള്ളൂവെങ്കില്‍ ഈ ക്ഷമ ഒരു ശീലമാക്കി നോക്കൂ, ബന്ധങ്ങള്‍ കൂടുതല്‍ സുദൃഡമാക്കുന്നതിനൊപ്പം അത് നിങ്ങളുടെ വ്യക്തിത്വത്തിലും പ്രകാശിക്കും. പുതിയ വര്‍ഷത്തിലെ പുതിയ തീരുമാനങ്ങളിലൊന്ന് നിങ്ങളുടെ മാനസികാരോഗ്യം കൂടിയാവട്ടെ. 

പുകവലിയെ പുറന്തള്ളാം

ഭക്ഷണവും വ്യായാമവും ആരോഗ്യപരിശോധനകളും മുറയ്ക്ക് നടന്നാലും ചില ദുശ്ശീലങ്ങള്‍ പിന്തുടരുന്നവരാണ് നിങ്ങളെങ്കില്‍ പുതുവര്‍ഷവും നിങ്ങള്‍ക്ക് വെറുമൊരു വര്‍ഷം മാത്രമാവും. നല്ല ഭക്ഷണ ശീലത്തോടൊപ്പം നല്ല ആരോഗ്യശീലങ്ങളും സ്വന്തമാക്കാനാണ് ശ്രമിക്കേണ്ടത്. 

പുതുവര്‍ഷത്തില്‍ പുകച്ചുപുറത്താക്കേണ്ട ശീലങ്ങളില്‍ പ്രധാനമാണ് പുകവലി. ഒറ്റയടിക്ക് പുകവലി നിര്‍ത്തുന്നതാണ് നല്ലത്. അതിന് സാധിച്ചില്ലെങ്കില്‍ പുകവലിയെ സ്വന്തം നിയന്ത്രണത്തിലാക്കാന്‍ ശ്രമിക്കുക. പതിയെ പതിയെ മാറ്റിയെടുക്കുക. ഇല്ലെങ്കില്‍ ഏതാനും വര്‍ഷം കൊണ്ട് പുക നിങ്ങളുടെ ജീവിതത്തെ വറുതിയിലാക്കും. പുകവലിക്കണമെന്നു തോന്നുമ്പോള്‍ മറ്റേതെങ്കിലും കാര്യങ്ങളില്‍ ഇടപെടുക. പാട്ടു കേള്‍ക്കുക, നടക്കാന്‍ പോകുക, വ്യായാമത്തിലേര്‍പ്പെടുക തുടങ്ങി എന്തുമാകാം. ഇടയ്ക്കൊക്കെ ചൂയിങം, ഏലക്ക, മിഠായി ഇവയിലൊന്ന് ചവയ്ക്കുക. 

smkng

കുടി നിര്‍ത്താം... എന്നെന്നേക്കുമായി

മദ്യപാനം നിര്‍ത്താനായി മുഹൂര്‍ത്തം നോക്കിനടക്കുന്നവരുണ്ട്. പുതുവത്സരദിനംതന്നെയാണ് ഏറ്റവും നല്ല ദിവസം. മദ്യാസക്തി ഒരു രോഗമാണെന്നും കുടുംബ, സാമൂഹിക ബന്ധങ്ങളെ പ്രതികൂലമായി ബാധിച്ചുവെന്നും സ്വയം മനസ്സിലാക്കണം. കുടിനിര്‍ത്താനായി എടുത്ത തീരുമാനത്തെക്കുറിച്ച് വളരെ അടുത്ത സുഹൃത്തുക്കളോടും ബന്ധുക്കളോടും പറയുക. ഇന്നത്തെ ദിവസം കുടിക്കുകയില്ല എന്നു തീരുമാനിക്കുക. ഓരോ ദിവസവും കുടിക്കാനുള്ള ആസക്തി നാളത്തേക്കു മാറ്റിവെക്കുന്നു. മദ്യരഹിതനാളുകള്‍ ആഴ്ചകളായും മാസങ്ങളായും വര്‍ഷങ്ങളായും നീളട്ടെ. കുടുംബാംഗങ്ങളോടൊത്ത് കൂടുതല്‍ സമയം ചെലവഴിക്കുക. സാമൂഹിക പ്രവര്‍ത്തനങ്ങളിലും ജീവകാരുണ്യ പരിപാടികളിലും സജീവമായി പങ്കെടുക്കുക. 

ജീവിതം ചിട്ടയോടെ..

പുതുവര്‍ഷത്തില്‍ മുറിയൊക്കെ വൃത്തിയാക്കി സാധനങ്ങളൊക്കെ അടുക്കിവെക്കുന്നതുപോലെ ജീവിതത്തിലും അല്‍പം അടുക്കും ചിട്ടയുമൊക്കെ കൊണ്ടുവരാന്‍ ശ്രമിക്കാം. ആദ്യമായി സമയക്ലിപ്തത പാലിക്കാന്‍ ശ്രദ്ധിക്കാം. ഉറങ്ങാനും ഉണരാനും ഉണ്ണാനും സമയം ചിട്ടപ്പെടുത്തണം. ഒരു കാര്യവും നീട്ടിവെക്കാതിരിക്കാനും തീരുമാനിക്കാം, ചെയ്തു തീര്‍ക്കേണ്ട കാര്യങ്ങള്‍ അമാന്തിക്കാതെ ചെയ്തു തീര്‍ത്ത് കരിയറിലും ജീവിതത്തിലും ഡിസിപ്ലിന്‍ഡ് ആവട്ടെ നമ്മള്‍. കടമകളൊന്നും മറക്കാതെ സ്‌നേഹിക്കുന്നവര്‍ക്ക് വേണ്ടി സമാധാനത്തോടെ ജീവിക്കുമ്പോഴല്ലേ ജീവിതവും സുന്ദരമാവുന്നത്?