പുഴയില്‍ ഇറങ്ങി കൈക്കുമ്പിളില്‍ വെള്ളം കോരിയെടുത്ത് കുടിച്ചിരുന്ന പഴയ കാലം..! അതെന്നേ പോയ്മറഞ്ഞു. ഇന്ന് മനുഷ്യന്‍ വിശ്വസിക്കുന്ന 'ഒരു വെള്ള'മേ ഭൂമുഖത്തുള്ളൂ. അത് 'മിനറല്‍ വാട്ടര്‍' എന്ന പേരില്‍ ലഭിക്കുന്ന 'ബോട്ടില്‍വെള്ളം' തന്നെ. നല്ല കിണറ്റില്‍ നിന്ന് ശുദ്ധമായ വെള്ളം കോരിക്കൊടുത്താല്‍പ്പോലും തൃപ്തിയാവില്ല, ബോട്ടില്‍ വെള്ളം തന്നെ കിട്ടണം. മനുഷ്യശരീരത്തിന് ഉന്മേഷവും ഊര്‍ജസ്വലതയും പകരുന്ന, സര്‍വ ധാതുലവണങ്ങളുമടങ്ങുന്ന 'ആരോഗ്യദ്രാവകം'  എന്നാണ് ഇതു വിപണനം ചെയ്യുന്ന വന്‍കിട കമ്പനികള്‍ അവകാശപ്പെടുന്നതും പരസ്യം ചെയ്യുന്നതും.

എന്നാല്‍, ഈ 'മിനറല്‍ വാട്ടര്‍' എത്ര 'വിശിഷ്ട'മാണ് എന്നതിനെപ്പറ്റി മാധ്യമങ്ങളില്‍ ഈയിടെ പ്രസിദ്ധീകൃതമായ വാര്‍ത്തകള്‍ മനുഷ്യനെ ഞെട്ടിച്ചു. യു.എസ്. ആസ്ഥാനമായ മാധ്യമ സംഘടന 'ഓര്‍ബ് മീഡിയ' പുറത്തുവിട്ട പഠന റിപ്പോര്‍ട്ടിലാണ് കുപ്പിവെള്ളത്തില്‍ 'പ്‌ളാസ്റ്റിക് തരികള്‍' (മൈക്രോ പ്‌ളാസ്റ്റിക്) ക്രമാതീതമായി അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയത്. പ്രശസ്തമായ ബ്രാന്‍ഡുകളില്‍ അടക്കം, കുപ്പിവെള്ളത്തില്‍ സൂക്ഷ്മമായ പ്‌ളാസ്റ്റിക് തരികള്‍ അടങ്ങിയിട്ടുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ലോകാരോഗ്യ സംഘടന അന്വേഷണമാരംഭിച്ചു. പ്ലാസ്റ്റിക്കിന്റെ അംശങ്ങള്‍ കുടല്‍ഭിത്തികളിലൂടെ ആഗിരണം ചെയ്യപ്പെട്ട് മാരകമായ പല രോഗാതുരതകളിലേക്കും മനുഷ്യനെ വലിച്ചിഴയ്ക്കുമെന്ന കണ്ടെത്തല്‍ ഏറെ ഭീതിയോടെ ലോകം വായിച്ചറിഞ്ഞു.

'ഓര്‍ബ് മീഡിയ' ചുമതലപ്പെടുത്തിയ ന്യൂയോര്‍ക്ക് സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍, ഇന്ത്യയടക്കം ഒമ്പത് രാജ്യങ്ങളില്‍ നിന്ന് ശേഖരിച്ച 11 ബ്രാന്‍ഡുകളുടെ 250 കുപ്പി വെള്ളം പരിശോധനയ്ക്കു വിധേയമാക്കി. ഇതില്‍ 90 ശതമാനത്തിലും പ്‌ളാസ്റ്റിക് കണികകള്‍ കണ്ടെത്തി. ഓരോ ലിറ്റര്‍ വെള്ളത്തിലും ശരാശരി 325 കണികകള്‍ കണ്ടെത്തി എന്നാണ് റിപ്പോര്‍ട്ട്. ചില കുപ്പികളില്‍ 10,000 പ്‌ളാസ്റ്റിക് ഫൈബര്‍ കണികകള്‍ വരെ കണ്ടെത്തി.

കുപ്പിയുടെ അടപ്പില്‍ നിന്നാണ് ഇത്തരത്തിലുള്ള മലിനീകരണം ഏറ്റവുമധികം ഉണ്ടാകുന്നതെന്ന് ഗവേഷകര്‍ പറഞ്ഞു. ഈ അടപ്പുകള്‍ നിര്‍മിക്കാനുപയോഗിക്കുന്ന പോളി പ്രൊപ്പിലിന്‍, നൈലോണ്‍, പോളിത്തിലീന്‍ ടെറഫ്‌നലേറ്റ് എന്നിവയുടെ അംശങ്ങള്‍ ധാരാളമായി ജലത്തില്‍ കണ്ടെത്തി. ഇതുണ്ടാക്കുന്ന ഭവിഷ്യത്തുകളെക്കുറിച്ച് വിശദമായ പഠനങ്ങള്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നു.

പോളി കാര്‍ബൊറേറ്റ് പ്‌ളാസ്റ്റിക്കുകളുടെ മുഖ്യഘടകമായ  'ബീസ്‌ഫെനോള്‍ എ' (ബി.പി.എ) ഹൃദ്രോഗം, പ്രമേഹം, കാന്‍സര്‍, ഓട്ടിസം, വന്ധ്യത, ബുദ്ധിമാന്ദ്യം തുടങ്ങിയ രോഗങ്ങള്‍ക്ക് കാരണമാകുമെന്ന് നേരത്തേതന്നെ തെളിഞ്ഞിരുന്നു. 1891ല്‍ ആദ്യമായി ഉദ്ഗ്രഥിക്കപ്പെട്ട ഈ രാസസംയുക്തം വിഷവാതകമായ ഫോസ്‌ജേനും മറ്റു കൃത്രിമ ഘടകകങ്ങളുമായി കൂടിക്കലര്‍ന്നപ്പോള്‍  സ്ഫടികസുതാര്യതയുള്ള പോളി കാര്‍ബോനേറ്റ് പ്‌ളാസ്റ്റിക് ആയി ഉദയംചെയ്തു.

വിവിധ രൂപത്തിലുള്ള ദ്രാവക സംഭരണികളായി പിന്നീട് പ്‌ളാസ്റ്റിക്, ഒരു മാരകരോഗം പോലെ ലോകത്ത് പടര്‍ന്നുവ്യാപിച്ചു. കണ്ണടകള്‍ മുതല്‍ ബേബി ബോട്ടിലുകള്‍ വരെ ഇന്ന് പ്ലാസ്റ്റിക് മയം. ഇപ്പോഴാകട്ടെ മനുഷ്യമൃഗാദികള്‍ക്കും പ്രകൃതിക്കും ഒരു ശാപമായി ഈ പ്ലാസ്റ്റിക് മാറിക്കഴിഞ്ഞു. 2006ല്‍ അമേരിക്കയിലെ നാഷണല്‍ ന്യൂട്രീഷ്യണല്‍ സര്‍വേ പ്രകാരം മൂത്രത്തില്‍ 'ബിസ്‌ഫെനോള്‍ എ' കൂടുതലായി കണ്ടവരില്‍ ഹൃദ്രോഗസാധ്യത അധികമായി കണ്ടു.

പ്രതിവര്‍ഷം 100 ദശലക്ഷം ടണ്‍ പ്ലാസ്റ്റിക് ആണ് ലോകത്താകമാനമായി നിര്‍മിക്കപ്പെടുന്നത്. ഇതില്‍ 25 ദശലക്ഷം ടണ്‍ പ്ലാസ്റ്റിക് യാതൊരു വിധത്തിലും രാസപരമായി അഴുകാതെ പ്രകൃതിയില്‍ നിലകൊള്ളുന്നു. ഏതാണ്ട്  70,000 ടണ്‍ പ്ലാസ്റ്റിക് അശ്രദ്ധമായി സമുദ്രത്തില്‍ വലിച്ചെറിയപ്പെടുന്നുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു. പലയിനം പ്ലാസ്റ്റിക്കുകളും ജീര്‍ണിച്ച് ഇല്ലാതാകാന്‍ 5001000 വര്‍ഷങ്ങള്‍ വരെ വേണ്ടിവരുമെന്ന് ഗവേഷണങ്ങള്‍ സ്ഥിരീകരിക്കുന്നു.

1954ലെ മായംചേര്‍ക്കല്‍ നിരോധന നിയമാവലിയാണ്, കുപ്പിവെള്ളത്തില്‍ അടങ്ങുന്ന വിവിധ പദാര്‍ത്ഥങ്ങളുടെ നിയന്ത്രണ രേഖകളെപ്പറ്റി മാര്‍ഗനിര്‍ദേശക പത്രിക തയ്യാറാക്കിയത്. ലോകാരോഗ്യ സംഘടനയും 1958ല്‍ പ്രസിദ്ധീകരിച്ച 'ഗൈഡ്‌ലൈന്‍സ് ഫോര്‍ ഡ്രിങ്കിങ് വാട്ടര്‍ ക്വാളിറ്റി' യില്‍ കുടിവെള്ളത്തിന്റെ ഗുണമേന്മയും നിലവാരത്തെപ്പറ്റിയും വ്യക്തമായ നിര്‍ദേശങ്ങള്‍ വെളിപ്പെടുത്തി. കുടിവെള്ളത്തില്‍ ഉള്‍ക്കൊണ്ടിരിക്കേണ്ട ധാതുലവണങ്ങളെപ്പറ്റിയും പ്രത്യേക പരാമര്‍ശമുണ്ട്. ഫ്‌ളൂറൈഡ്, ക്ലോറൈഡ്, സള്‍ഫേറ്റ്, നിക്കല്‍, നൈട്രേറ്റ്, സള്‍ഫൈഡ്, മാംഗനീസ്, കോപ്പര്‍, സിങ്ക് തുടങ്ങി മുപ്പത്തിയഞ്ചോളം ധാതുക്കളും ലവണങ്ങളും 'ബോട്ടീല്‍ വാട്ടറി'ല്‍ ഉള്‍ക്കൊണ്ടിട്ടുണ്ടെന്ന് ഉറപ്പു വരുത്തണമെന്ന് നിയമം അനുശാസിക്കുന്നു. എന്നാല്‍, മലിനജലത്തില്‍ മാത്രം കാണപ്പെടുന്ന ഡി.ഡി.ടി, ഓര്‍ഗാനോ ഫോസ്ഫറസ്, എഷീറിയ, കോളി ബാക്ടീരിയ തുടങ്ങിയവ ബോട്ടില്‍ വെള്ളത്തില്‍ സാധാരണ കണ്ടെത്താറുണ്ടെന്ന് 'സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയണ്‍മെന്റ്' നടത്തിയ പഠനത്തില്‍ തെളിഞ്ഞു. കൂടാതെ, എന്‍ഡോസള്‍ഫാന്റെ അംശവും കുടിവെള്ളത്തില്‍ കണ്ടെത്തി.

കേരളത്തില്‍ വില്‍ക്കപ്പെടുന്ന ബോട്ടില്‍ വെള്ളത്തില്‍ പലപ്പോഴും ക്രമാതീതമായി 'കോളിഫോം ബാക്ടീരിയ' കണ്ടെത്തുകയുണ്ടായി.  ഇന്ത്യയില്‍ കുപ്പിവെള്ള വില്‍പ്പനയിലൂടെ 2013ല്‍ 6,000 കോടി രൂപയാണ് കമ്പനികള്‍ക്കു ലഭിച്ചത്. ഇത് 22 ശതമാനമായി ഉയര്‍ന്ന് 2018ല്‍ 16,000 കോടിയായി വര്‍ധിക്കുമെന്ന് കണക്കുകള്‍ പ്രവചിക്കുന്നു. ഇന്ത്യയില്‍ ഒരാള്‍ ശരാശരി പ്രതിവര്‍ഷം 20 ലിറ്റര്‍ കുപ്പിവെള്ളം കുടിക്കുന്നുണ്ടെന്ന് കണക്കാക്കപ്പെടുന്നു.

വ്യാജ ലൈസന്‍സിലൂടെ 'മിനറല്‍ വാട്ടര്‍' വിപണിയിലെത്തിക്കുന്ന വളരെയധികം ഏജന്‍സികളുണ്ട്. കുപ്പികളില്‍ വ്യാജ സ്റ്റിക്കറുകള്‍ ഒട്ടിച്ചും മലിനജലം നിറച്ച് റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ്, പെരുന്നാള്‍ സ്ഥലങ്ങള്‍ തുടങ്ങിയ തിരക്കുള്ള ഇടങ്ങളിലും ചൂടപ്പം പോലെ വിറ്റു പോകും. ആര്‍ത്തിയോടെ വാങ്ങിക്കുടിക്കുന്ന ആരും അതിന്റെ ഗുണമേന്മയെപ്പറ്റി ചിന്തിക്കാറുമില്ല. 'ദൈവത്തിന്റെ സ്വന്തം നാടി'ന് ഇതെന്തു പറ്റി? രോഗം വിളമ്പുന്ന ഭക്ഷണശാലകള്‍ കേരളത്തിന്റെ ശാപമായി മാറുന്നു. മലയാളിയുടെ ഒരു ഇടത്തരം ഹോട്ടലിന്റെ പിന്നാമ്പുറത്തേക്ക് ആരെങ്കിലും ഒന്നെത്തി നോക്കിയിട്ടുണ്ടോ? ആസ്വദിച്ച് ആഹാരം കഴിക്കാന്‍ തുടങ്ങുന്നതിനു മുമ്പ് ഭക്ഷണം പാകപ്പെടുത്തുന്ന അടുക്കളയും പാത്രങ്ങള്‍ കഴുകുന്ന ഇടവുമൊക്കെ ഒന്നു പരിശോധിക്കണം. പിന്നെ നിങ്ങള്‍ ആ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിക്കില്ല. അത്രമാത്രം പരിതാപകരമാണ് നമ്മുടെ ശരാശരി ഭക്ഷണശാലകളുടെ യഥാര്‍ഥ അവസ്ഥ.

തട്ടുകടകള്‍, ടീ സ്റ്റാള്‍, നാടന്‍ ഭക്ഷണശാല, ഫുഡ് കോര്‍ട്ട്, ഫാസ്റ്റ് ഫുഡ് എന്നീ നാമങ്ങളില്‍ പാതയോരങ്ങളില്‍ കാണുന്ന ഈ സ്ഥാപനങ്ങള്‍ രോഗങ്ങള്‍ വിളമ്പുന്ന കാര്യത്തില്‍ മുന്നിട്ടു നില്‍ക്കുന്നു. പെട്ടെന്ന് വിശപ്പ് മാറ്റാനുള്ള ധൃതിയും ചെലവു കുറവും ഏവരെയും ഇത്തരം ഭക്ഷണശാലകളിലേക്ക് ആകര്‍ഷിക്കുന്നു.

ദുര്‍ഗന്ധം വമിക്കുന്ന, വെടിപ്പും വൃത്തിയുമില്ലാത്ത പാചകമുറിയില്‍ അറപ്പുളവാക്കുന്ന കാഴ്ചകളാണ് നാം കാണുക. വൃത്തിയാക്കാത്ത തീന്‍മേശ, വൃത്തിയായി കഴുകാത്ത പ്ലേറ്റുകളും ഗ്ലാസുകളും പറന്നുനടക്കുന്ന ഈച്ചകള്‍, ചിതറിക്കിടക്കുന്ന ഭക്ഷണാവശിഷ്ടങ്ങള്‍ ഇതെല്ലാം ശരാശരി ഹോട്ടലുകളിലെ സാധാരണ ദൃശ്യങ്ങള്‍.

ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഷയില്‍ കേരളത്തിലെ ഏതാണ്ട് 70 ശതമാനം ഹോട്ടലുകളുടെയും സ്ഥിതി ഇതുതന്നെ. ഇത്തരം ഭക്ഷണശാലകളില്‍ കൃത്യ കാലയളവില്‍ പരിശോധനകള്‍ നടത്താനോ കുറ്റക്കാരെ ശിക്ഷിക്കാനോ ഒരുമ്പെടുന്ന എത്ര ഉദ്യോഗസ്ഥരുണ്ട് നമുക്കിന്ന്? ഏതെങ്കിലും മാരകമായ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുമ്പോള്‍ മാത്രം പേരിന് പരിശോധനയ്ക്കിറങ്ങുന്ന ആരോഗ്യപാലകരല്ലേ കൂടുതലും!

മലയാളിക്ക് കുറഞ്ഞത് അഞ്ചാറ് ചായയെങ്കിലും വേണം ഒരു ദിവസം. അതിന് കടുപ്പവും മധുരവും തിളയ്ക്കുന്ന ചൂടും വേണം. ഇല്ലെങ്കില്‍ ചായ കുടിക്കില്ല. എന്നാല്‍, കേട്ടോളൂ. ഈ ചായ ശുദ്ധമാണെന്ന് ആരു പറഞ്ഞു? കഴിഞ്ഞമാസം പാലക്കാട്ടു നിന്നും തൃശ്ശൂരുനിന്നും 10 ടണ്‍, മായം ചേര്‍ത്ത, മലിനമായ ചായപ്പൊടിയാണ് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. തമിഴ്‌നാട്ടില്‍ നിന്ന് വ്യാജനെത്തും. അതും കേരളത്തില്‍ ലഭിക്കുന്ന നിലവാരമില്ലാത്ത ചായപ്പൊടിയുമായി കലര്‍ത്തി ആകര്‍ഷകമായ പായ്ക്കറ്റുകളില്‍ വിപണിയിലെത്തിക്കും.

തൃശ്ശൂരിലെ മണ്ണുത്തിയില്‍ നിന്ന് പിടിച്ചെടുത്ത കൃത്രിമ ചായപ്പൊടി അര്‍ബുദം വരെ ഉണ്ടാക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചു. തൃശ്ശൂരില്‍ നിന്ന് 2016ലും കൃത്രിമ ചായപ്പൊടി പിടിച്ചെടുക്കുകയുണ്ടായി. അന്ന് സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷാ വിദഗ്ധര്‍ കണ്ടെത്തിയത് ഏവരെയും ഞെട്ടിച്ചു. തമിഴ്‌നാട്ടില്‍ നിന്നെത്തുന്ന ചായപ്പൊടിയില്‍ കോയമ്പത്തൂരിലെ പ്ലാന്റില്‍ രാസവസ്തുക്കള്‍ ചേര്‍ത്ത്, കൃത്രിമനിറം കലര്‍ത്തി കേരളത്തിലെത്തിക്കുന്നു. നല്ല ചായപ്പൊടിയേക്കാള്‍ 60-80 ശതമാനം വിലക്കുറവാണിതിന്. തേയിലപ്പൊടിയില്‍ തുരുമ്പെടുത്ത ഇരുമ്പിന്റെ അംശം കൂടുതലായി കണ്ടെത്തി. തേയിലയ്ക്ക് തൂക്കം കൂട്ടാനാണ് ഇങ്ങനെ ചെയ്യുന്നത്. കൂടാതെ, റെഡ് ഓക്‌സൈഡ്, ടൈറ്റാസിന്‍ തുടങ്ങിയ രാസവസ്തുക്കളും പല അളവില്‍ കണ്ടെത്തി. ഇതാണ് മലയാളി ആര്‍ത്തിയോടെ മൊത്തിക്കുടിക്കുന്ന ചായയുടെ ദിവ്യമുഖം.

പാലുത്പന്നങ്ങളുടെ നിര്‍മാണശാലകളാണ് വ്യാജന്മാരുടെ മറ്റൊരിടം. ശുദ്ധമായ പശുവിന്‍ പാലില്‍ നിന്ന് കടഞ്ഞെടുക്കുന്ന തൈരും നെയ്യും ആസ്വദിച്ച് ജീവിക്കുന്ന കാലമൊക്കെപ്പോയി. ഇന്ന് മിനിട്ടുകള്‍ക്കുള്ളില്‍ തൈരുണ്ടാക്കുന്ന വ്യാജവിദ്യ എവിടെയും സുലഭം. കൃത്രിമമായുണ്ടാക്കുന്ന ലാക്ടിക് അമ്ലത്തില്‍ പാലും വെള്ളവും മറ്റു കൊഴുപ്പ് വര്‍ധിപ്പിക്കുന്ന മിശ്രിതങ്ങളും ചേര്‍ത്ത് നിര്‍മിക്കുന്ന തൈര് ഇന്ന് ഏറെ പ്രിയങ്കരം. വിലകുറച്ച് ലഭിക്കുന്ന ഈ തൈര് എല്ലാവരും ഉത്സാഹത്തോടെ വാങ്ങിക്കുന്നു. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന ഇത്തരം തൈരിനങ്ങളില്‍  സോപ്പുപൊടിയുടെ അംശം കണ്ടെത്തി. കൂടാതെ, കൃത്രിമ കൊഴുപ്പും സമൃദ്ധമായി അടങ്ങിയിട്ടുള്ളതായി കണ്ടു.

പാലിന്റെ ഉത്പന്നമായ 'ഐസ്‌ക്രീം' ആണ് രോഗം പരത്തുന്ന മറ്റൊരു ആകര്‍ഷകവസ്തു.  രാസവസ്തുക്കളും ട്രാന്‍സ് ഫാറ്റുകളും ബാക്ടീരിയകളും കൊണ്ട് വിഭവസമൃദ്ധമാണ് ചില ഐസ്‌ക്രീം ഇനങ്ങള്‍. ഇവയുടെ ഉപയോഗം ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നു. ഐസ്‌ക്രീം കട്ടിയാക്കുന്നതിന് ഉപയോഗിക്കുന്ന വെക്ടിന്‍, അഗര്‍, പ്രോപ്പിലിന്‍ തുടങ്ങിയ രാസവസ്തുക്കള്‍ ചിലപ്പോള്‍ ക്രമാതീതമായി കാണപ്പെടാറുണ്ട്.

അതുപോലെ 'ബേബി ഫുഡി'നേയും വിശ്വസിക്കാന്‍ പറ്റാത്ത അവസ്ഥയിലെത്തിക്കഴിഞ്ഞു. ചൈനയില്‍ പാലിലെ മാംസ്യത്തിന്റെ തോത് ഉയര്‍ത്തിക്കാട്ടാന്‍ ഉപയോഗിക്കുന്ന 'മെലാമി'ന്റെ അളവ് അതിരുകള്‍ ലംഘിച്ചപ്പോള്‍, അതു ഭക്ഷിച്ച നിരവധി കുഞ്ഞുങ്ങള്‍ മരിച്ചു. '2008ലെ ചൈനീസ് മില്‍ക്ക് സ്‌കാന്‍ഡല്‍' ലോകത്തെ ഞെട്ടിച്ചു. മൂന്ന്ുലക്ഷം കുട്ടികള്‍ ഇതേത്തുടര്‍ന്ന് രോഗബാധിതരായി. വൃക്കരോഗം വന്ന് പലരും മരിച്ചു.

'കൃത്രിമ മുട്ട'കളും വിപണിയിലെത്തിക്കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മാസത്തില്‍ കൊല്‍ക്കത്തയിലെ തില്‍ജാല മാര്‍ക്കറ്റില്‍, പ്‌ളാസ്റ്റിക്കില്‍ നിന്ന് കൃത്രിമമായുണ്ടാക്കിയ മുട്ടകള്‍ വിറ്റതിന് പോലീസ്  കേസെടുത്തു. ഇപ്പോള്‍ വ്യാജനും യഥാര്‍ഥ മുട്ടയും തിരിച്ചറിയാന്‍ നാം പഠിക്കേണ്ടിയിരിക്കുന്നു.

രോഗങ്ങളെ വിലയ്ക്കു വാങ്ങുന്ന ദാരുണാവസ്ഥയിലെത്തിക്കഴിഞ്ഞു നമ്മള്‍, മാര്‍ക്കറ്റില്‍ നിന്ന് വാങ്ങുന്ന ഭക്ഷണപദാര്‍ഥങ്ങള്‍ ആരോഗ്യപൂര്‍ണമോ, അതോ വിഷലിപ്തമോ...? ആര്‍ക്കറിയാം.

അടുത്തിടെ കൊച്ചി നഗരത്തെ ഞെട്ടിച്ച മൂന്ന് വാര്‍ത്തകള്‍

  • വൃത്തിയില്ലാത്ത ലസി നിര്‍മാണം

മാര്‍ച്ച് 23: വൃത്തിഹീനമായ രീതിയില്‍ ലസി നിര്‍മാണ കേന്ദ്രം പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയ സാഹചര്യത്തില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന കര്‍ശനമാക്കി. ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന നിരവധി കടകള്‍. മൊത്ത വിതരണ കേന്ദ്രങ്ങളില്‍ നിന്നും ഷോപ്പുകളില്‍ നിന്നും ശേഖരിച്ച ലസിയുടെയും ഇതില്‍ ചേര്‍ക്കാന്‍ ഉപയോഗിക്കുന്ന ചോക്‌ലേറ്റ് പൗഡറുകളുടെയും സാമ്പിളുകള്‍ പരിശോധനയ്ക്കായി കാക്കനാട് അനലിറ്റിക്കല്‍ ലാബിലേക്ക് അയച്ചു.

  • തട്ടുകടകളിലും ഹോട്ടലുകളിലും പഴകിയ ഭക്ഷണം പിടിച്ചു

മാര്‍ച്ച് 22: നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഫോര്‍ട്ടുകൊച്ചിയിലെ ഹോട്ടലുകളിലും തട്ടുകടകളിലും നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്തു. പഴക്കമുള്ള ചിക്കന്‍, ബീഫ്, ചോറ്, ഫ്രൈഡ് റൈസ്, ബിരിയാണി, മോശമായ കരിനിറത്തിലുള്ള എണ്ണ, ചപ്പാത്തി തുടങ്ങിയവ കണ്ടെടുത്തു. ഉപയോഗിച്ച എണ്ണ ദിവസങ്ങളോളം മാറ്റാതെ ഉപയോഗിക്കുകയും അതില്‍ത്തന്നെ പുതിയ എണ്ണ കലര്‍ത്തുകയും ചെയ്യുന്നു. വൃത്തിഹീനമായ അന്തരീക്ഷത്തില്‍ കാനയുടെ മുകളില്‍ കുടിവെള്ളം വച്ചിരിക്കുന്നു.

  • ധാന്യപ്പൊടികളില്‍ ഗുരുതരമായ അളവില്‍ വിഷവസ്തുക്കള്‍

ഫെബ്രുവരി 20:  കേരളത്തില്‍ ആകമാനവും പ്രത്യേകിച്ച് കൊച്ചിയിലും വില്‍ക്കുന്ന  ധാന്യപ്പൊടികളില്‍ ഹാനികരമായ അളവില്‍ രാസവിഷ വസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്ന് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ ലബോറട്ടറി പരിശോധനകള്‍ സ്ഥിരീകരിച്ചു. ആട്ടയും മൈദയും കേടുകൂടാതെ ആറു മാസക്കാലത്തോളം സൂക്ഷിക്കാന്‍ ക്രമാതീതമായി രാസവസ്തുക്കള്‍ ചേര്‍ക്കുന്നുണ്ടെന്നാണ് കണ്ടെത്തല്‍.

ഇവകളില്‍ കണ്ടെത്തിയ ബെന്‍സോയിക് ആസിഡും ബ്‌ളീച്ചിങ്ങ് പൗഡറും അതിസാരം, ആന്തരിക രക്തസ്രാവം, അള്‍സര്‍, ഹൃദ്രോഗം തുടങ്ങി നിരവധി രോഗാവസ്ഥകള്‍ക്ക് കാരണമാകുമെന്ന് തെളിഞ്ഞു. ഒരു കിലോ ആട്ടയില്‍ അനുവദിച്ചിട്ടുള്ള ബെന്‍സോയിക് ആസിഡ് ഒരു മില്ലിഗ്രാമാണ്. എന്നാല്‍ 2007 മില്ലി ഗ്രാം വരെ കണ്ടെത്തി.  

അതുപോലെ, പത്തു മില്ലിഗ്രാമില്‍ കുറവുമാത്രം അനുവദിച്ചിട്ടുള്ള ബ്ലീച്ചിങ് പൗഡര്‍ 442 മില്ലിഗ്രാം വരെ കണ്ടെത്തി. 'ഇംപ്രൂവര്‍' (ബെന്‍സോയിക് ആസിഡ്), 'വൈറ്റ്‌നര്‍' (ബ്ലീച്ചിങ് പൗഡര്‍) എന്നീ ഓമനപ്പേരുകളില്‍ ഇവ എല്ലാ ധാന്യമില്ലുകളിലും സുലഭം.