നല്ല മുടി മികച്ച ശാരീരിക, മാനസിക ആരോഗ്യത്തിൻ്റെ ലക്ഷണമാണ്. ശരിയായ ഭക്ഷണം, വ്യായാമം, കൃത്യമായ ഉറക്കം എന്നിവയെല്ലാം മുടിയുടെ വളര്‍ച്ചയെ നിയന്ത്രിക്കുന്ന ഘടകങ്ങളാണ്. പലപ്പോഴും മുടികൊഴിച്ചിൽ തുടങ്ങുമ്പോൾ തന്നെ നമ്മൾ വിപണിയിൽ കിട്ടുന്ന എണ്ണകളും ഷാമ്പൂകളുമെല്ലാം മാറി മാറി പരീക്ഷിക്കും എന്നാൽ ഭക്ഷണ ശീലങ്ങളിലെ അപാകതകളെകുറിച്ച് മാത്രം ചിന്തിക്കില്ല. തിളക്കവും ആരോഗ്യവുമുള്ള മുടിക്കായി നമ്മുടെ ഭക്ഷണ ശീലങ്ങളിൽ ചെറിയ ചില മാറ്റങ്ങൾ വരുത്തിയാൽ മതി.
മുടി വളരാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ
മത്സ്യം - തെെറോയിഡ് ഗ്രന്ഥിയുടെ തകരാറ് മുടി കൊഴിച്ചിലിന് കാരണമാകാറുണ്ട്. തെെറോയിഡ് തകരാറുകൾ പരിഹരിക്കാൻ സഹായിക്കുന്ന അയഡിൻ മത്സ്യങ്ങളിലും മറ്റ് കടൽ വിഭവങ്ങളിലും ധാരാളമുണ്ട്.
മുട്ട - ജീവകം ബി 12, ബയോട്ടിൻ, മാസ്യം അവയെല്ലാം ആവശ്യമായ തോതിലുള്ള മുട്ട മുടിയുടെ ആരോഗ്യത്തെ സഹായിക്കുന്ന ഭക്ഷണ പദാര്‍ഥമാണ്.
കല്ലുമ്മക്കായ - സിങ്കിൻ്റെ മികച്ച ഉറവിടമായ കല്ലുമ്മക്കായ ആഴ്ചയിൽ ഒരിക്കൽ കഴിച്ചാൽ സിങ്കിന്റെ കുറവ് പരിഹരിക്കാം.
ഇലക്കറികൾ - മുടിയുടെ വളര്‍ച്ചക്ക് ആവശ്യമായ ഒട്ടുമിക്ക പോഷകങ്ങളും അടങ്ങിയ ഇലക്കറികൾ ദിവസവും 150 ഗ്രാം വീതം കഴിക്കുന്നവര്‍ക്ക് മുടികൊഴിച്ചിലിനെ പേടിക്കേണ്ട. മാംസ്യം, വിറ്റാമിൻ എ, വിറ്റാമിൻ സി, ഇരുമ്പ്, എന്നിവ ഇലക്കറികളിൽ ധാരാളമുണ്ട്.
റാഗി - ധാന്യങ്ങളിൽ മുടിയുടെ ആരോഗ്യത്തിൽ റാഗിക്കാണ് ഒന്നാം സ്ഥാനം. ഇരുമ്പ്, കാത്സ്യം, നാരുകൾ തുടങ്ങിയവയുടെ കലവറയായ റാഗി ഒരു നേരമെങ്കിലും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.
പേരക്ക/നെല്ലിക്ക - ഇവയിൽ വിറ്റാമിൻ സി ധാരാളമുണ്ട്. ഒരു ദിവസത്തേക്ക് വേണ്ട വിറ്റാമിൻ സി ലഭിക്കാൻ ഒരു പേരക്കയോ നെല്ലിക്കയോ കഴിച്ചാൽ മതി.
മധുരക്കിഴങ്ങ് - തലയോട്ടിയിലെ ഗ്രന്ഥികളെ ഉത്തേജിപ്പിച്ച് സിബം നിര്‍മിക്കുകയും മുടി പൊട്ടിപ്പോകുന്നത് തടയുകയും ചെയ്യുന്ന ബീറ്റാ കരോട്ടിൻ്റെ ഉറവിടമാണ് മധുരക്കിഴങ്ങ്.
വിവരങ്ങൾക്ക് കടപ്പാട് : ഉഷ മധുസൂദനൻ
സീനിയര്‍ ഡയറ്റീഷ്യൻ അൽമാസ് ഹോസ്പിറ്റൽ കോട്ടക്കൽ
(മാതൃഭൂമി ആരോഗ്യ മാസികയിൽ പ്രസിദ്ധീകരിച്ചത്)