മഴക്കാലത്തെന്ന പോലെ പകര്‍ച്ചവ്യാധികള്‍ക്ക് ഒട്ടും കുറവില്ലാത്ത കാലമാണ് വേനല്‍ക്കാലം. ശുദ്ധജലത്തിന്റെ അഭാവം, വലിയ തോതിലുള്ള അന്തരീക്ഷ മലിനീകരണം, അസഹ്യമായ ചൂട് എന്നിവ മൂലം രോഗങ്ങളുടെ കാലം കൂടിയായി വേനല്‍ക്കാലം മാറുമ്പോള്‍ സ്വയം പ്രതിരോധിക്കുക എന്നത് തന്നെയാണ് ഇവയെ ചെറുക്കാനുള്ള ആദ്യ വഴി.

വേനല്‍ക്കാലത്ത് പൊതുവായി കാണപ്പെടുന്ന രോഗങ്ങളെയും പ്രതിരോധ മാര്‍ഗത്തെയുമറിയാം

ചെങ്കണ്ണ് : വേനല്‍ക്കാലം തുടങ്ങുന്നതോടെ വ്യാപകമായി പ്രത്യക്ഷപ്പെടുന്ന ഒരു രോഗമാണ് ചെങ്കണ്ണ്. ഒരുതരം വൈറസുകളാണ് ഇതിന് കാരണം.  കണ്ണുകള്‍ക്ക് കടുംചുവപ്പ് നിറം, വേദന, ചൊറിച്ചില്‍, കണ്ണുനീര്‍ പ്രവാഹം എന്നിവയാണ് പ്രധാന ലക്ഷണം. അപൂര്‍മായി കാഴ്ചക്ക് മങ്ങലും പനിയും കണ്ടുവരുന്നുണ്ട്. കണ്ണിന് പൂര്‍ണവിശ്രമം നല്‍കുകയും മരുന്നുകള്‍ ഉപയോഗിക്കുകയും ചെയ്താല്‍ ചെങ്കണ്ണ് ഒരാഴ്ചകൊണ്ട്  സുഖപ്പെടും. ചിലപ്രത്യേക വൈറസുകള്‍ മൂലമുണ്ടാകുന്ന ചെങ്കണ്ണ് മാസങ്ങളോളം നീണ്ടുനില്‍ക്കാറുണ്ട്. പകരാന്‍ സാധ്യതയുള്ളതിനാല്‍ രോഗിയുമായി മറ്റുള്ളവര്‍ നേരിട്ട് സമ്പര്‍ക്കം പുലര്‍ത്താതിരിക്കാന്‍ ശ്രദ്ധിക്കണം. രോഗി ഉപയോഗിക്കുന്ന ടവല്‍, തുവര്‍ത്തുമുണ്ട് എന്നിവ തൊടരുത്. പൊതുവായി ഉപയോഗിക്കുന്ന കുളിമുറി, വാഷ്‌ബേസിന്‍ എന്നിവ ഉപയോഗിക്കാതിരിക്കാന്‍ രോഗിയും ശ്രദ്ധിക്കണം.

ചിക്കന്‍പോക്‌സ് : വേനലില്‍ വ്യാപകമായി പടര്‍ന്നുപിടിക്കുന്ന മറ്റൊരു രോഗമാണ് ചിക്കന്‍പോക്‌സ്. പല നാടുകളിലും പല പേരുകളിലാണ് ഈ രോഗത്തെ അറിയപ്പെടുന്നതെങ്കിലും കടുത്ത പനിയും ശരീരവേദനയും തന്നെയാണ് പ്രധാന ലക്ഷണം. തുടര്‍ന്ന് ശരീരം മുഴുവന്‍ കുമിള രൂപത്തില്‍ തടിപ്പും പനിയും ഈ രോഗത്തിന്റെ ഭാഗമായുണ്ടാവും. ചെറിയ പനി, പിന്‍ഭാഗത്ത് വേദന, വിറയല്‍, തളര്‍ച്ച എന്നീ ലക്ഷണങ്ങളോടെയാണ് ചിക്കന്‍പോക്‌സിന്റെ തുടക്കം. പിന്നീട് മൂന്നു മുതല്‍ നാല് ദിവസത്തിനകം മുഖം, കൈ കാലുകള്‍ എന്നിവടങ്ങളിലേക്ക് തടിപ്പുകള്‍ വ്യാപിക്കും. തുടക്കത്തില്‍ തടിപ്പ് മാത്രമാണെങ്കിലും പിന്നീട് വെള്ളം കെട്ടി നില്‍ക്കുന്ന കുമിളകള്‍ വന്ന് നാല് മുതല്‍ ഏഴ് ദിവസത്തിനകം അവ പൊട്ടും. എളുപ്പം പടര്‍ന്ന് പിടിക്കുന്ന രോഗമായതിനാല്‍ കുടുംബത്തിലെ എല്ലാവര്‍ക്കും പകരാനുള്ള സാധ്യതയും ഏറെയാണ്.

ചിക്കന്‍ പോകസ് ഉള്ളവരുമായി അടുത്ത് ഇടപഴകാതിരിക്കുക എന്നതാണ് ഇത് മറ്റുള്ളവരിലേക്ക് പകരാതിരിക്കാനുള്ള പ്രധാന വഴി. ചൊറിച്ചില്‍ കൂടുതലുള്ള രാത്രികാലങ്ങളില്‍ കയ്യുറ ധരിക്കുന്നത് കുമിളകല്‍ പൊട്ടുന്നത് ഒരു പരിധിവരെ തടായും കുമിളകള്‍ പൊ്ട്ടിയുണ്ടാകുന്ന പുകച്ചില്‍ കുറക്കാനും കഴിയും. കലാമിന്‍ ലോഷന്‍ കൊണ്ട് മൃദുവായി അമര്‍ത്തുന്നതും ചൊറിച്ചില്‍ കുറക്കാന്‍ ഏറെ സഹായിക്കുന്നതാണ്.

chicken pox

മൂത്രക്കല്ല് : വെള്ളം കുടിയുടെ അളവ് കുറയുന്നത് കൊണ്ട് പ്രധാനമായും കണ്ടുവരുന്ന മറ്റൊരു രോഗമാണ് മൂത്രക്കല്ല്. എന്നാല്‍ വെള്ളം കുടി മാത്രമല്ല ജനിതക ഘടകങ്ങള്‍, ആഹാരരാതി, കാലാവസ്ഥ, പരിസ്ഥിതിക, ശാരീരിക പ്രവര്‍ത്തനങ്ങളിലെ വൈകല്യം എന്നിവയൊക്കെ മൂത്രക്കല്ലിന് കാരണമായി വിലയിരുത്തപ്പെടുന്നുണ്ട്. പുറംഭാഗത്ത് അരക്കെട്ടിന് തൊട്ടുമുകളിലായി കടുത്തവേദനയാണ് പ്രധാനലക്ഷണം. രക്തം കലര്‍ന്ന മൂത്രവും മറ്റൊരു ലക്ഷണമാണ്. അള്‍ട്രാസൗണ്ട് സ്‌കാനിങ്ങിലൂടെയും മൂത്രപരിശോധന മുഖേനയും കല്ലിന്റെ സാന്നിധ്യം ഉറപ്പുവരുത്താം. വൃക്കക്കുള്ളിലെ കല്ലിന്റെ വലുപ്പത്തിനും സ്വഭാവത്തിനുമനുസരിച്ച് വേദനയുടെ കാഠിന്യത്തിന് എറ്റക്കുറച്ചില്‍ വരാം. പലപ്പോഴും അസഹ്യമായ വേദനമൂലം രോഗി ഛര്‍ദിക്കുകയും അബോധാവസ്ഥയിലാവുകയും ചെയ്യാറുണ്ട്. ഒരു വിദഗ്ധ ഡോക്ടറുടെ സേവനം ഈ അവസരത്തില്‍ നിര്‍ബന്ധമാണ്. മൂത്രത്തിലൂടെ വൃക്കയിലും മൂത്രസഞ്ചിയിലും അടിഞ്ഞുകൂടുന്ന രാസവസ്തുക്കള്‍ ക്രമേണ പരലുകളായി രൂപപ്പെടുന്നതാണ് ഈ രോഗത്തിന് കാരണം. അത്യാവശ്യഘട്ടങ്ങളില്‍ ശസ്ത്രക്രിയ ആവശ്യമായിവരും. മരുന്ന് കഴിച്ച് കല്ലുകള്‍ മൂത്രനാളിവഴി പുറംതള്ളുന്ന ചികിത്സയും കല്ല് അലിയിച്ചുകളയുകയോ പൊടിച്ചുകളയുകയോ ചെയ്യുന്ന അത്യാധുനിക ചികിത്സയും നിലവിലുണ്ട്.

മൂത്രാശയ രോഗങ്ങള്‍: ശരീരത്തിലെ ജലാംശം വലിയ തോതില്‍ കുറയുമ്പോഴാണ് മൂത്രാശയ രോഗങ്ങളുണ്ടാവുന്നത്. ജലാംശത്തിന്റെ നഷ്ടം കാരണം മൂത്രത്തിന്റെ അളവ് കുറയുകയും മൂത്രനാളിയില്‍ അണുബാധയുണ്ടാകുകയും ചെയ്യുന്നതാണ് സാധാരണ കണ്ടുവരുന്ന രോഗം. വേദനയോടെ ഇടക്കിടെ മൂത്രമൊഴിക്കല്‍, വിറയലോടുകൂടിയ കടുത്ത പനി, ശരീരവേദ എന്നിവക്ക് പുറമെ മൂത്രത്തിന് നിറവ്യത്യാസവും രക്തംകലര്‍ന്ന മൂത്രവും ഈ രോഗത്തിന്റെ ലക്ഷണങ്ങളാണ്. ധാരാളം വെള്ളംകുടിക്കുക, ഫലപ്രദമായ ആന്റിബയോട്ടിക്കുകള്‍ കൃത്യമായ അളവിലും കാലയളവിലും കഴിക്കുക എന്നതാണ് ചികിത്സ. രോഗലക്ഷണം കണ്ടാലുടന്‍ വൈദ്യസഹായം തേടണം.

dengue fever

വിയര്‍പ്പുകുരു: വിയര്‍പ്പ് കുരു അഥവാ ചൂടുകുരു ആണ് വേനലില്‍ വില്ലനാവുന്ന മറ്റൊരു രോഗം. അമിതവിയര്‍പ്പുമൂലം ഗ്രന്ഥികളില്‍ അഴുക്ക്  അടിഞ്ഞുകൂടി അവിടെ രോഗാണുക്കള്‍ പെരുകുന്നതുമൂലം തൊലിപ്പുറത്ത് തിണര്‍ത്ത് പൊന്തുകയോ കുരുക്കളായി രൂപപ്പെടുകയോ ചെയ്യും. ചൊറിച്ചിലും നീറ്റലും വേദനയും ഉണ്ടാവും. ചെറിയ കുഞ്ഞുങ്ങളിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത്. പ്രത്യേക ചികിത്സയില്ലാതെതന്നെ ഇത് മാറുന്നതാണ്. കുരുക്കള്‍ പഴുത്ത് വേദനകൂടുകയാണെങ്കില്‍ ഒരു ചര്‍മരോഗ വിദഗ്ധന്റെ സഹായം തേടാം.

ധാരാളം വെള്ളം കുടിക്കുകയും ശുചിത്വം പാലിക്കുകയും ചെയ്താല്‍ വേനല്‍ക്കാലരോഗങ്ങളെ ഒരു പരിധിവരെ നേരിടാം. അയവുള്ള പരുത്തിവസ്ത്രങ്ങള്‍ ഉപയോഗിക്കുന്നതും ഒന്നിലധികം തവണ കുളിക്കുന്നതും ചര്‍മരോഗത്തെ ചെറുക്കാന്‍ സഹായിക്കും.