ഒരു പ്രഭാതത്തിലാണ് തിരുവന്തപുരം ആര്‍ സി സി യുടെ കീമോ തെറാപ്പി വാര്‍ഡിലേക്ക് ഞാന്‍ കടന്നു ചെല്ലുന്നത്. പ്രിയ സുഹൃത്തായ അസീമിന്റെ ഉമ്മയെ കാണാന്‍. ഓട്ടോ ഇറങ്ങി ആശുപത്രി വളപ്പിലേക്ക് കാലെടുത്തു വെയ്ക്കുമ്പോള്‍ തന്നെ കണ്ടു അവിടുത്തെ ജനക്കൂട്ടം. രോഗികളും അവര്‍ക്കൊപ്പം വന്നവരുമാണല്ലോ ഈ കാണുന്നവരൊക്കെയും. പാസ് വാങ്ങി അകത്തേക്ക് കടക്കുമ്പോള്‍ ചുറ്റിലും കാണുന്ന ഓരോ മുഖങ്ങളെയും ഞാന്‍ നിരീക്ഷിക്കുകയായിരുന്നു. പ്രത്യാശ നഷ്ടപ്പെട്ട കണ്ണുകള്‍... നോട്ടങ്ങളിലെ നിര്‍വികാരത. 

ലിഫ്റ്റ് കയറി കീമോതെറാപിയുടെ ഭാഗത്തേക്ക് കടന്നപ്പോള്‍ മുതല്‍  ഉള്ളില്‍ ഭയത്തിന്റെയോ വേദനയുടെയോ എന്നറിയാന്‍ പറ്റാത്ത ഏതോ വികാരത്തിന്റെ കടന്നല്‍ക്കൂട്ടം ഇളകി തുടങ്ങി. മുടി കൊഴിഞ്ഞ്, പുരികം കൊഴിഞ്ഞു ലോകത്ത് മറ്റൊന്നിനെ കുറിച്ചും ആശങ്കപ്പെടാതെ പ്രാണഭയം പേറുന്ന ഭാവങ്ങള്‍. ഞാനെന്റെ പൗഡര്‍ ഇട്ടു മിനുക്കിയ, ക്രീം തേച്ചു വെളുപ്പിച്ച മുഖത്തേക്ക് അറിയാതെ കൈകള്‍കൊണ്ട് തലോടി. ചിക്കന്‍പോക്സ് പാടുകള്‍ മാറാന്‍ ദിവസങ്ങളോളം മഞ്ഞള്‍ തേച്ചരച്ചതോര്‍ത്തു. താളി തേച്ച് നീട്ടി വളര്‍ത്തിയ മുടി രാവിലെ ഓഫീസില്‍ പോകുമ്പോള്‍ കെട്ടി വെയ്ക്കാനുള്ള ബുദ്ധിമുട്ടോര്‍ത്ത് നീളം കുറച്ചത് ഓര്‍ത്തു. 

വായില്‍ ക്യാന്‍സര്‍ ബാധിച്ച് കീമോ തെറാപ്പിയും സര്‍ജറിയും കഴിഞ്ഞ് കിടക്കുന്ന അസീമിന്റെ ഉമ്മയ്ക്കരികില്‍ ഞാനിരുന്നു. ചെവിയുടെ ഭാഗം മുതല്‍ ചുണ്ടിനടുത്തോളം നീണ്ടു നില്‍ക്കുന്ന സര്‍ജറിയുടെ മുറിവ്. വായിലൂടെ ദ്രാവക പദാര്‍ത്ഥം നല്‍കാന്‍ ഇട്ടിരിക്കുന്ന ട്യൂബ്. അസീമിന്റെ സുഹൃത്താണ് ഞാന്‍ എന്ന് പറഞ്ഞപ്പോള്‍ അവരെന്നെ നോക്കി. കണ്ണുകള്‍ നിറഞ്ഞിരുന്നു. 

ചില നേരങ്ങളില്‍ നമ്മള്‍ വാക്കുകള്‍ നഷ്ട്പ്പെട്ടവരാകുന്നത് എന്തുകൊണ്ടാണെന്ന് ചിന്തിച്ചു. കാരണം ആ കിടക്കുന്ന രൂപത്തിനോട് ആശ്വസപ്പിക്കലിന്റെയാണോ ധൈര്യത്തിന്റെയാണോ വേദവാക്യം ഓതി നല്‍കേണ്ടത് എന്നറിയാതെ  വീര്‍പ്പുമുട്ടി. സഹതാപം മനുഷ്യന്റെ ധൈര്യം നഷ്ടപ്പെടുത്തുക മാത്രമേ ചെയ്യൂ. പ്രത്യേകിച്ചും രോഗികളോട് സഹതാപത്തോടെ സംസാരിക്കുകയെ ചെയ്യരുത്. 

ചുറ്റും അനേകം മുഖങ്ങള്‍. ഇതുപോലെ അല്ലെങ്കില്‍ ഇതിനേക്കാള്‍ ദാരുണമായ അവസ്ഥയില്‍ കാണുന്നുണ്ടായിരുന്നു. കുറച്ചു നേരം വാര്‍ദ്ധക്യത്താല്‍ ശോഷിച്ചു പോയ ആ വിരലുകളില്‍ പിടിച്ചു ഞാനിരുന്നു. 'നാവില്‍ ഒരു കുഞ്ഞു ഉണില് പോലെ വന്നതാണ്... പല്ലിനിടയില്‍ ഭക്ഷണം പോയപ്പോള്‍ പിന്നു കൊണ്ട് കുത്തിയപ്പോള്‍ സംഭവിച്ച മുറിവാണ് എന്ന് കരുതി മിണ്ടാതിരുന്നു. ആ മുറിവ് വലുതായി പഴുത്ത് ഭക്ഷണം കഴിക്കാന്‍ സാധിക്കാത്ത അവസ്ഥയില്‍ ആയപ്പോഴാണ് ഞങ്ങളോട് പറയുന്നത്' അസീമിന്റെ ചേട്ടന്‍ ഷാഫിക്കയുടെ ഭാര്യ എന്നോടായി പറഞ്ഞു. 

ഓരോന്നിനും ഓരോ സമയമുണ്ട്. അത് നേരിട്ടേ പറ്റൂ. ഞാന്‍ മനസിലോര്‍ത്തു.'പേടിക്കാനൊന്നുമില്ല... ഒക്കെയും പെട്ടന്ന് മാറികിട്ടും പ്രാര്‍ഥിക്കാം ഞാന്‍'' ഇറങ്ങുമ്പോള്‍ ഉമ്മയുടെ വിരലുകളില്‍ തലോടിക്കൊണ്ട് ഞാന്‍ പറഞ്ഞു. ക്ഷീണിച്ച കണ്ണുകള്‍ എനിക്ക് നേരെ നിസംഗമായ ഒരു നോട്ടം മാത്രം ബാക്കി വെച്ചു. അതില്‍ പലതുമുണ്ടായിരുന്നു. മുന്നോട്ടുള്ള ദിവസങ്ങളെ കുറിച്ചുള്ള ആധിയും ഒരു വാക്ക് പോലും ഉച്ചരിക്കാന്‍ സാധിക്കാത്തതിന്റെ സങ്കടമോ മറ്റെന്തക്കയോ...

ദേഹത്ത് പലയിടങ്ങളില്‍ കുരിശ് രൂപം വരച്ചിട്ട അനേകം മനുഷ്യര്‍ ചുറ്റിലും. ഇഴഞ്ഞു നടക്കുന്ന കുഞ്ഞു മുതല്‍ തൊലി ചുളിഞ്ഞ് എല്ലും തോലുമായ വൃദ്ധര്‍ വരെ. കണ്ണുകള്‍ കുഴിഞ്ഞ്, നാവറുത്തു മാറ്റിയും മുലകള്‍ പിഴുതു മാറ്റിയും ശരീരത്തിന്റെ പല ഭാഗങ്ങള്‍ ക്യാന്‍സര്‍ ബാധിച്ചു മുറിച്ചു മാറ്റിയവര്‍. 

പുറത്തേക്കിറങ്ങി ലിഫ്റ്റില്‍ കയറുമ്പോള്‍ ഞാനെന്റെ ദുരാഗ്രഹങ്ങളുടെ മേല്‍പ്പടം അഴിച്ചു മാറ്റിത്തുടങ്ങി. ആത്മഹത്യയെ കുറിച്ച് ചിന്തിച്ച വിഡ്ഢി ദിനങ്ങളെ ഓര്‍ത്തു. ആശുപത്രി വളപ്പിനു വെളിയില്‍ ആദ്യം കണ്ട ഓട്ടോയില്‍ കയറി ഇരുന്നു ഞാനത്രയും നേരം ഉള്ളില്‍ തടം കെട്ടി നിര്‍ത്തിയ നോവിന്റെ സീല്‍ക്കാര ശബ്ദത്തെ വലിച്ചു പുറത്തിട്ടു. 'മാഡത്തിന്റെ ആരാണ് ഇവിടെ ഉള്ളത് '? ഞാന്‍ കരയുന്നത് കണ്ണാടിയിലൂടെ കണ്ടിട്ടാവണം ഓട്ടോക്കാരന്‍ സഹതാപത്തോടെ ചോദിച്ചു. ' അവിടെയുള്ളവര്‍ ഓരോരുത്തരും നമ്മള്‍ തന്നെയാണ്...'' ഞാന്‍ വികലമായ ഒരുത്തരം നല്‍കി. ഓട്ടോക്കാരന്‍ മുഖത്തേക്ക് സൂക്ഷിച്ചൊന്നു നോക്കിയതല്ലാതെ മറുത്തൊന്നും പറഞ്ഞില്ല. 

എനിക്ക് ബവിതയെ ഓര്‍മ്മ വന്നു. രണ്ടാമത്തെ കുഞ്ഞിനെ ഗര്‍ഭിണി ആയിരിക്കുമ്പോള്‍ ക്യാന്‍സര്‍ ബാധിതയാണ് എന്ന് അറിഞ്ഞ അവള്‍ നേരിട്ട പ്രയാസങ്ങളെ.... അവള്‍ ബാക്കി വെച്ച് പോയ സ്വപ്നങ്ങളെ. എന്റെ പ്രായമായിരുന്നു അവള്‍ക്ക്. ഇരുപത്തി ഒന്നാമത്തെ വയസ്സിലാണ് കാലില്‍ ബോണ്‍ ക്യാന്‍സര്‍ പിടിപെട്ട് അവള്‍ മരിക്കുന്നത്. മരണത്തെ മുന്നില്‍ കണ്ട് എഴുതി വെച്ച ഡയറിയില്‍ നിറയെ അവള്‍ക്കു മക്കളെ കുറിച്ചുള്ള സ്വപ്നങ്ങള്‍ ആയിരുന്നു. 

രണ്ടു മാലാഖക്കുഞ്ഞുങ്ങള്‍. മരണത്തെ മുന്നില്‍ കാണുന്ന നിമിഷങ്ങളില്‍ ഒരുവന്‍ നേരിടുന്ന ഭയത്തോളം വലുതല്ല മറ്റൊരു ഭയവും. ആ സംഭവത്തിന് ശേഷവും ധൈര്യം കൊണ്ടും ചികിത്സ കൊണ്ടും ക്യാന്‍സറിനെ അതി ജീവിച്ച പല മുഖങ്ങള്‍ കണ്ടു. അവരൊക്കെ ഈ ലോകത്ത് താന്‍ ചെയ്ത സമസ്ത പാപങ്ങള്‍ക്കും പരിഹാരം ചെയ്യാന്‍ പ്രാണനെ തിരിച്ചു തരൂ എന്ന് ദൈവത്തോട് വിളിച്ചു കൂവിയിട്ടുണ്ടാവണം. സ്വയം തിരിച്ചറിയാത്ത മനുഷ്യര്‍ ഏറെയുണ്ട് ചുറ്റിലും.

 ആരോഗ്യത്തോടെ ഇരിക്കുമ്പോഴാണ് മനുഷ്യന്‍ അമരന്‍ ആണെന്ന അഹങ്കാരത്തിലേക്ക് എത്തുന്നത്. ആരോഗ്യം ക്ഷയിച്ചു തുടങ്ങുമ്പോഴാണ് പലപ്പോഴും ജീവിതത്തിന്റെ അര്‍ത്ഥവും അതിനോടുള്ള ആസക്തിയും തോന്നി തുടങ്ങുക. അഹങ്കാരത്തിന്റെ മേലങ്കികള്‍ ഊരി കളഞ്ഞ് കര്‍മ്മങ്ങളെ ശുദ്ധീകരിക്കാന്‍ മനുഷ്യന് ഏറ്റവും നല്ല മാര്‍ഗ്ഗം ക്യാന്‍സര്‍ വാര്‍ഡ് ഒരിക്കലെങ്കിലും. സന്ദര്‍ശിക്കുക എന്നതാനെന്നു പലപ്പോഴും തോന്നാറുണ്ട്. ശരീരത്തില്‍ പ്രാണന് ക്ഷതം പറ്റാതെ നിലനില്‍ക്കുമ്പോള്‍ മനുഷ്യര്‍ നാം ചെയ്തു കൂട്ടുന്ന പാപങ്ങളെ കുറിച്ച് ഒരിക്കലെങ്കിലും ഓര്‍മ്മപ്പെടുത്താന്‍ അതുപകരിക്കും. മറ്റെവിടെയും ഇത്രത്തോളം ജീവനെ കൊതിയുള്ള മനുഷ്യരെ നമുക്ക് കാണാന്‍ സാധിക്കില്ല. അതെ, ഷേക്സ്പിയറുടെ വാക്കുകള്‍ പോലെ ' നടന്നു പോകുന്ന ഒരു നിഴല്‍ മാത്രമാണ് ജീവിതം.