സിഡ്‌നി: ജീവന്‍രക്ഷാ മരുന്നിന് ഒറ്റയടിക്ക് അയ്യായിരം ഇരട്ടി വിലവര്‍ധിപ്പിച്ച മരുന്നുകമ്പനിയെ മുട്ടുകുത്തിച്ച് ഓസ്‌ട്രേലിയയില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍. എയ്ഡ്‌സ്, മലമ്പനി രോഗികളിലെ അണുബാധയ്‌ക്കെതിരെ ഉപയോഗിക്കുന്ന മരുന്ന് ദാരാപ്രിമിന്റെ ഘടകങ്ങള്‍ ചുരുങ്ങിയ ചെലവില്‍ സിഡ്‌നി ഗ്രാമര്‍ സ്‌കൂളിലെ പരീക്ഷണശാലയില്‍ വികസിപ്പിക്കുകയായിരുന്നു വിദ്യാര്‍ഥികള്‍.

2015ല്‍ 18 ഡോളറായിരുന്നു (ഏകദേശം 1225 രൂപ) ആയിരക്കണക്കിന് രോഗികളുടെ ജീവന്‍ രക്ഷിക്കുന്ന ദാരാപ്രിം ഗുളികയുടെ വില. എന്നാല്‍, ഹെഡ്ജ് ഫണ്ട് മാനേജരായിരുന്ന മാര്‍ട്ടിന്‍ ഷ്‌ക്രീലി, ദാരാപ്രിം ഗുളിക നിര്‍മാണക്കമ്പനി ടൂറിങ് ഫാര്‍മസ്യൂട്ടിക്കല്‍സ് ഏറ്റെടുത്തതോടെ വില ഒറ്റയടിക്ക് 5,000 ഇരട്ടി കൂട്ടി 750 ഡോളറാക്കി (ഏകദേശം 51,000 രൂപ). ഷ്‌ക്രീലിയെ ലോകത്തെ ഏറ്റവും വെറുക്കപ്പെട്ടവന്‍ എന്നാണ് മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്. ഓഹരി വിപണിയിലെ തട്ടിപ്പുകേസില്‍ വിചാരണ നേരിടുന്ന വ്യക്തിയുമാണ് ഷ്‌ക്രീലി .

സ്‌കൂള്‍ ലാബില്‍ 17കാരായ 11 വിദ്യാര്‍ഥികള്‍ ചേര്‍ന്നാണ് ദാരിപ്രിമിന്റെ മുഖ്യഘടകമായ പൈറിമെതാമീന്‍ വികസിപ്പിച്ചെടുത്തത്. ലോകാരോഗ്യ സംഘടനയുടെ അത്യാവശ്യ മരുന്നുകളുടെ ഗണത്തില്‍പ്പെട്ട ദാരാപ്രിമിന്റെ വില കുത്തനെ കൂട്ടിയ മനുഷ്യത്വരഹിതപ്രവൃത്തി ശ്രദ്ധയില്‍പ്പെട്ട വിദ്യാര്‍ഥികള്‍ മരുന്ന് എങ്ങനെ ചെലവുകുറച്ച് ഉത്പാദിപ്പിക്കാമെന്നതില്‍ ഗവേഷണത്തിലേര്‍പ്പെടുകയായിരുന്നു. ഗവേഷണങ്ങള്‍ക്ക് സിഡ്‌നി സര്‍വകലാശാലയിലെ രസതന്ത്ര ഗവേഷക ആലീസ് വില്യംസണ്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി.