2017 ഓഗസ്റ്റ് ഏഴ് ആരോഗ്യ കേരളത്തിന്റെ കരിദിനമായിരുന്നു. റോഡപകടത്തില്‍ പരിക്കേറ്റ ഇതര ദേശക്കാരനായ ഒരു മുപ്പത്തഞ്ചുകാരന്‍ അടിയന്തരചികിത്സ നിഷേധിക്കപ്പെട്ട് ഏഴ് മണിക്കൂറോളം ആംബുലന്‍സില്‍ കഴിയേണ്ടിവരുകയും പിന്നീട് മരണത്തിന് കീഴടങ്ങേണ്ടിവരുകയും ചെയ്തത്, ആരോഗ്യമേഖലയില്‍ അന്താരാഷ്ട്രനിലവാരം പുലര്‍ത്തുന്നു എന്ന് അഭിമാനിക്കുന്ന മലയാളിക്ക് ഒരു തീരാക്കളങ്കമാണ്. 

മെഡിക്കല്‍ എത്തിക്‌സ് എന്ത് പറയുന്നു?

ഇവിടെ നിയമത്തിന്റെയും മെഡിക്കല്‍ നൈതികതയുടെയും നഗ്‌നമായ ലംഘനമാണ് നടന്നിരിക്കുന്നത്.  റോഡപകടത്തില്‍പ്പെടുന്നതോ, അബോധാവസ്ഥയിലും അല്ലാതെയും അത്യാസന്നനിലയില്‍ ഉള്ള ഒരു രോഗിക്കും ചികിത്സ നിഷേധിക്കാന്‍ ഫെഡറല്‍നിയമം അനുവദിക്കുന്നില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ ക്ലിനിക്കുകളും ആസ്പത്രികളും ആരോഗ്യ പ്രവര്‍ത്തകനും അത്യാവശ്യനിലയില്‍ ഉള്ള രോഗിയെ പരിചരിക്കുന്നതിനും രോഗിയുടെ നില മെച്ചപ്പെടുത്തുന്നതിനും തന്നാല്‍ ആകുന്നതെല്ലാം ചെയ്യേണ്ടതുണ്ട്.

ക്ലിനിക്കലി സ്റ്റെബിലൈസ് ചെയ്യുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇങ്ങനെ ചെയ്യുമ്പോഴാണ് ഒരു ഡോക്ടര്‍ എന്ന നിലയില്‍ അയാളുടെ ജന്മവും കര്‍മവും പൂര്‍ണമാകുന്നത്.
ഇത്തരത്തില്‍ സ്റ്റെബിലൈസ് ചെയ്ത രോഗിയെ തന്റെ സ്ഥാപനത്തില്‍ തുടര്‍ ചികിത്സയ്ക്ക് സൗകര്യങ്ങള്‍ ഇല്ലെങ്കില്‍ അതുള്ള കേന്ദ്രത്തിലേക്ക് മാറ്റാവുന്നതാണ്. ഇത്തരത്തില്‍ മാറ്റുന്നതിനുമുന്‍പ്, ആ കേന്ദ്രത്തില്‍, ഈ രോഗിയെ ചികിത്സിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഉണ്ട് എന്ന് ഉറപ്പുവരുത്തുകയും അവിടേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുന്നതിനുള്ള അവരുടെ അനുവാദം വാങ്ങുകയും ചെയ്യണം. അതിനുശേഷം രോഗിയുടെ നില വളരെ ഗുരുതരമാണെങ്കില്‍ രോഗിയെ ആരോഗ്യ പ്രവര്‍ത്തകര്‍ അനുഗമിക്കണം. ഉയര്‍ന്ന കേന്ദ്രത്തില്‍ കൊണ്ടുപോയി രോഗിയെ സുരക്ഷയോടെ ഏല്പിക്കുമ്പോഴാണ് നമ്മുടെ കര്‍ത്തവ്യം തീരുന്നത്.

റോഡപകടങ്ങളിലും അത്യാഹിതങ്ങളിലും പെടുന്ന ഓരോരുത്തരും ബോധമില്ലാത്തിടത്തോളം അനാഥരാണ് എന്ന് മറക്കരുത്. അത്യാസന്ന നിലയിലുള്ള രോഗിയുടെ ചികിത്സ എപ്പോഴും എത്ര സൗകര്യങ്ങള്‍ ഇല്ലെങ്കിലും ആസ്പത്രിയിലായിരിക്കും മികച്ചതാവുക. അല്ലാതെ ആംബുലന്‍സില്‍ അല്ല. ഈ പരമമായ സത്യമാണ് സംസ്ഥാനത്തെ ആറ്  ആരോഗ്യ സ്ഥാപനങ്ങള്‍ തൃണവല്‍ഗണിച്ചത്.

സാങ്കേതിക പ്രശ്‌നങ്ങള്‍  ഒഴിവുകഴിവല്ല

ചര്‍ച്ചകളില്‍ പലരും വെന്റിലേറ്റര്‍ ഇല്ല എന്നത് സാങ്കേതികതയിലാണ് ഊന്നുന്നത്. വാര്‍ത്തകളില്‍നിന്ന് നാം മനസ്സിലാക്കേണ്ടത് രോഗിക്ക് ഗുരുതരമായി തലയ്ക്ക് പരിക്കേറ്റു എന്നതാണ്. മറ്റ് അവയവങ്ങള്‍ക്കും പരിക്കേറ്റിരിക്കാം. ഇവിടെ കൃത്യതയോടെ പ്രവര്‍ത്തിക്കുന്ന ആക്‌സിഡന്റ് കെയര്‍ സംവിധാനത്തിന്റെ അഭാവം വളരെ പ്രകടമാണ്. രോഗി അന്യദേശക്കാരനാണ്. കൂടെ ബില്‍ കൊടുക്കാന്‍ കഴിവുള്ള ബന്ധുക്കളില്ല. ഇത് വയ്യാവേലിയാവും എന്ന തോന്നല്‍ ഈ ആരോഗ്യ സ്ഥാപനങ്ങള്‍ കാണിച്ചു എന്ന് പറയാതെ വയ്യ. ജീവന്‍ രക്ഷയ്ക്കുവേണ്ടി ചെയ്യുന്ന ചികിത്സാ വിധികള്‍ക്ക് അത് ഓപ്പറേഷന്‍ ആയാല്‍പോലും ചികിത്സിക്കുന്ന ഡോക്ടര്‍ക്ക് തീരുമാനിച്ച് മുന്‍പോട്ട് പോകാവുന്നതാണ്. 

ആസ്പത്രിയില്‍ കയറ്റാതെ, 'കടക്ക് പുറത്ത്' പറയുന്ന ഗവ. മെഡിക്കല്‍ കോളേജിനെ എനിക്കറിയാം. കഴിഞ്ഞ വര്‍ഷം ശബരിമലയിലെ എമര്‍ജന്‍സി കെയര്‍ പരിപാടിയുടെ ഭാഗമായി, പ്രവര്‍ത്തിക്കുമ്പോള്‍ മലകയറ്റത്തില്‍ കുഴഞ്ഞുവീണ അന്യദേശക്കാരന്‍ അയ്യപ്പനെ പുനരുജ്ജീവിച്ചിപ്പശേഷം എമര്‍ജന്‍സി മെഡിക്കല്‍ കെയര്‍ ടീം, ആംബുലന്‍സില്‍ കൃത്രിമ ശ്വാസോച്ഛ്വാസം നല്‍കി പമ്പയില്‍നിന്ന് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയുണ്ടായി. തികച്ചും വേദനാജനകമായിരുന്നു ഈ അനുഭവം. കോട്ടയം മെഡിക്കല്‍ കോളേജിലെ കാഷ്വാലിറ്റിയില്‍ എത്തിയപ്പോള്‍, സ്ഥിതി അതിലും ഭീകരമായിരുന്നു. കൂടെ ആളില്ല, വെന്റിലേറ്റര്‍ ഇല്ല എന്നൊക്കെ പറഞ്ഞ്, ഒന്നരമണിക്കൂര്‍ പുറത്തുനിര്‍ത്തി.  സ്വകാര്യസ്ഥാപനങ്ങള്‍ കാശിന്റെ പിറകിലെങ്കില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്തുകൊണ്ടിങ്ങനെ ചെയ്യുന്നു?

നമുക്ക് എന്തൊക്കെ ചെയ്യാം
എമര്‍ജന്‍സി കെയറും ട്രോമാ കെയറും ഓരോ പൗരന്റെയും അടിസ്ഥാന അവകാശമാക്കുക.  എമര്‍ജന്‍സി കെയര്‍, ട്രോമാകെയര്‍, പ്രായോഗിക പരിശീലനം എന്നിവ മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കി നിഷ്‌കര്‍ഷയോടെ നടപ്പാക്കുക.  എല്ലാ ആരോഗ്യസ്ഥാപനങ്ങളിലും ട്രോമ, മെഡിക്കല്‍ എമര്‍ജന്‍സികളുടെ ഭാഗമായി അടിസ്ഥാന ജീവന്‍രക്ഷയ്ക്ക് വേണ്ട സൗകര്യങ്ങള്‍ ഉറപ്പുവരുത്തുക. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അതിനുള്ള പ്രായോഗികപരിശീലനം നല്‍കുക.  സംസ്ഥാനത്ത് ഗവ. ആസ്പത്രികള്‍ ഉള്‍പ്പെടെ, എല്ലാ ആരോഗ്യസംവിധാനങ്ങളും എമര്‍ജന്‍സി കെയര്‍, ട്രോമാകെയര്‍ സംവിധാനത്തിന്റെ പരിധിയില്‍ കൊണ്ടുവരുകയും സ്ഥാപനങ്ങളിലെ സൗകര്യങ്ങളുടെ അടിസ്ഥാനത്തില്‍, ക്‌ളാസിഫൈ ചെയ്ത് ഗ്രേഡ് ചെയ്യുകയും പട്ടിക പ്രസിദ്ധീകരിക്കുകയും ചെയ്യുക.  

ഈ പട്ടികയുടെ അടിസ്ഥാനത്തില്‍ എമര്‍ജന്‍സി, ട്രോമാകെയര്‍ ആപ്‌ളിക്കേഷന്‍, വെബ് സൈറ്റുകള്‍ എന്നിവ ഉണ്ടാക്കുകയും പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുകയും ചെയ്യുക.  ട്രോമാ, എമര്‍ജന്‍സി മേഖലയിലെ വിദഗ്ധന്മാരുടെ പേര്, ലഭ്യത, സ്ഥാപനം എന്നീ കണക്കില്‍ ക്രമീകരിച്ച് ലിസ്റ്റ് പ്രസിദ്ധീകരിക്കുക. അപൂര്‍വങ്ങളായ കേസുകളുടെ കൈകാര്യത്തിന് ഇത് ഉപയോഗപ്പെടുന്നതാണ്.  സമഗ്ര ആംബുലന്‍സ് നെറ്റ്വര്‍ക്ക് പോലീസിന്റെ കൂടെ സഹായത്തോടെ ഏകീകൃത യുണികോഡ് സംവിധാനത്തില്‍ നടപ്പാക്കുക.  റോഡപകടങ്ങളില്‍ പെടുന്നവര്‍ക്ക് ആദ്യത്തെ 24 മണിക്കൂര്‍ ചികിത്സയ്ക്കായി ഇന്‍ഷുറന്‍സ് സംബന്ധിച്ച് ചികിത്സാ പാക്കേജും അതിനുള്ള തുകയും പ്രഖ്യാപിക്കുക. കര്‍ണാടകഗവണ്‍മെന്റ് 25,000 രൂപ ഇത്തരത്തില്‍ കൊടുക്കുന്നു.
എമര്‍ജന്‍സി മെഡിക്കല്‍ കെയര്‍, ട്രോമാകെയര്‍ സംവിധാനത്തില്‍ വരാവുന്ന അലംഭാവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആവശ്യമായ നിയമനിര്‍മാണം, പ്രോട്ടോകോള്‍ വികസനം, അതിന്റെ ചിട്ടയായ നടപ്പില്‍ വരുത്തല്‍ എന്നിവ സമയബന്ധിതമായി ചെയ്യുക.

(ആക്ടീവ് നെറ്റ്വര്‍ക്ക് ഗ്രൂപ്പ് ഓഫ് എമര്‍ജന്‍സി ലൈഫ് സേവേഴ്സ് സ്റ്റേറ്റ് എക്‌സിക്യുട്ടീവ് ഡയറക്ടറാണ് ലേഖകന്‍)