കംപ്യൂട്ടർ യുഗത്തിന്റെ ആരംഭത്തോടെ കഴിഞ്ഞ കുറേ ദശാബ്ദങ്ങളായി ആധുനിക വൈദ്യശാസ്ത്രത്തിന് ദ്രുതഗതിയിൽ വികസിക്കാനുള്ള അവസരങ്ങളുണ്ടായി. ശാസ്ത്രകഥകളിൽ മാത്രം കണ്ടിരുന്ന രീതിയിലുള്ള രോഗനിർണയവും ചികിത്സാ നടപടിക്രമങ്ങളും ഇന്ന് യാഥാർഥ്യമായിത്തീർന്നിരിക്കുന്നു. എൻഡോസ്കോപ്പി, വീഡിയോയുടെ സഹായത്താൽ ചെയ്യുന്ന ശസ്ത്രക്രിയാ വിദ്യകൾ എന്നിവ ശസ്ത്രക്രിയാ രംഗത്ത് വലിയ വിപ്ലവം സൃഷ്ടിച്ചു. ഉപകരണങ്ങളുടെ പരിമിതിമൂലം പ്രാഥമികമായി മുറിച്ചുനീക്കേണ്ട കാര്യങ്ങൾക്കു മാത്രമായി എൻഡോസ്കോപ്പി രീതികൾ പരിമിതപ്പെടുത്തേണ്ടി വന്നിരുന്നു. 

1985-ൽ ന്യൂറോ സർജറി ബയോപ്സിക്കായാണ് ആദ്യമായി ശസ്ത്രക്രിയയിൽ ‘റോബോട്ടിക്സ്’ ഉപയോഗിച്ചത്. അതുവരെ വിവിധ ക്ലിനിക്കൽ പ്രശ്നങ്ങൾക്ക് ഭാവനകളിൽ മാത്രം സാധ്യമായിരുന്ന സാങ്കേതികത ആയിരുന്നു ഇത്. ക്ലിനിക്കൽ സ്പെഷ്യാലിറ്റികളിലെ വൈവിധ്യമാർന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനായി വിവിധതരം ‘സർജിക്കൽ റോബോട്ടുകൾ’ ഇപ്പോൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ശസ്ത്രക്രിയാ വിദഗ്ദ്ധന്റെ കൈകൾക്കും ശസ്ത്രക്രിയാ ഉപകരണങ്ങൾക്കും മധ്യേയുള്ള ഒരു ‘ഡിജിറ്റൽ ഇന്റർഫേസ്’ ആയി പ്രവർത്തിച്ച് ശസ്ത്രക്രിയാ വിദഗ്ദ്ധന്റെ പ്രകൃതിദത്തമായ ശാരീരിക പരിമിതിക്കപ്പുറം അദ്ദേഹത്തിന്റെ നൈപുണ്യം വർധിപ്പിക്കുന്നു എന്നതാണ് സർജിക്കൽ റോബോട്ടിക്സിന്റെ തത്ത്വം. ഇതു കൂടുതൽ സങ്കീർണമായ എൻഡോസ്കോപ്പിക് ശസ്ത്രക്രിയകൾ ചെയ്യാൻ സഹായിക്കുന്നു.

റോബോട്ടിക്സിന്റെ
ചരിത്രം

യന്ത്രവത്കരണത്തിന്റെ യഥാർഥ ആശയം അരിസ്റ്റോട്ടിലിന്റേതായിരുന്നു. നൂറ്റാണ്ടിന് അപ്പുറമാണെങ്കിലും ‘റോബോട്ട്’ എന്ന വാക്ക് രൂപപ്പെട്ടത് 1920-ൽ ‘റോബോട്ട’ എന്ന ചെക്‌ വാക്കിൽ നിന്നാണ്. കംപ്യൂട്ടർ അധിഷ്ഠിത റോബോട്ടിക്സും ശസ്ത്രക്രിയയും വൈദ്യശാസ്ത്രത്തിൽ ആവേശകരമായ ഒരു കാലഘട്ടത്തിന് തുടക്കംകുറിച്ചു.

സി.ടി. സ്കാനിങ്‌ ഉപയോഗപ്പെടുത്തി തലച്ചോറിലെ ബയോപ്സി ചെയ്യുന്നതിന് സൂചി ഉറപ്പിക്കുന്നതിനായി 1985-ൽ ‘പ്യൂമ-560’ എന്ന റോബോട്ട് ആണ് ആദ്യമായി ഉപയോഗിച്ചത്. 1987-ൽ ആദ്യമായി റോബോട്ടിക്സ് ഉപയോഗപ്പെടുത്തി പിത്താശയം നീക്കം ചെയ്യുന്ന ‘കോളി സിസ്റ്റക്ടമി’ എന്ന ലാപ്രോസ്കോപ്പിക് ശസ്ത്രക്രിയ നടത്തി. 1988-ൽ പ്രോസ്റ്റാറ്റിക് ശസ്ത്രക്രിയയ്ക്കു വേണ്ടി ‘പ്രോബോട്ട്’ എന്നിങ്ങനെ റോബോട്ടിക്സ് ഉപയോഗത്തിൽ വന്നു. ‘ഡാവിഞ്ചി സർജിക്കൽ സിസ്റ്റ’ത്തിന്റെ ആരംഭത്തോടെ തൊണ്ണൂറുകളിൽ ഇതിനു കൂടുതൽ മുന്നേറ്റമായി.

ശസ്ത്രക്രിയയ്ക്ക് ഡാവിഞ്ചി സർജിക്കൽ സിസ്റ്റം ഉപയോഗിക്കുന്ന രീതി 2000-ൽ അമേരിക്കയിലെ എഫ്.ഡി.എ. അംഗീകരിക്കുകയും പെട്ടെന്നുതന്നെ യു.എസ്, യൂറോപ്പ് എന്നിവിടങ്ങളിൽ ഈ രീതി വിവിധ ശസ്ത്രക്രിയകൾക്കായി ഉപയോഗിക്കാൻ തുടങ്ങുകയും ചെയ്തു. വർഷങ്ങളായി നൂതന സാങ്കേതിക മുന്നേറ്റങ്ങളും അവയുടെ പരിഷ്കരണങ്ങളും വഴി ശസ്ത്രക്രിയ, റോബോട്ടിക് സാങ്കേതിക വിദ്യകളിൽ ഡാവിഞ്ചി സർജിക്കൽ സിസ്റ്റം പുതിയ മുന്നേറ്റം കുറിക്കുന്നു. 

ഡാവിഞ്ചി റോബോട്ടിക് സിസ്റ്റം: 
മേന്മകളും പരിമിതികളും

നിലവിലുള്ള സർജിക്കൽ റോബോട്ടിക് സംവിധാനത്തിന് നാലു പ്രധാന ഘടകങ്ങളാണുള്ളത്. സർജിക്കൽ ഇന്റർഫേസ്‌ ഡിവൈസ്, കംപ്യൂട്ടർ കൺട്രോളർ, റോബോട്ടിക് ആം ഇൻസ്ട്രമെന്റ്‌സ്, വിഷ്വലൈസിങ്‌ സംവിധാനം എന്നിവ. ഒരു ഇന്റർഫേസ് ഉപകരണം വഴി ശസ്ത്രക്രിയാ വിദഗ്ദ്ധൻ ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നു. പിന്നീട്, അദ്ദേഹത്തിന്റെ ചലനങ്ങൾ കൈമാറുകയും കംപ്യൂട്ടർ കൺട്രോളർ ഉപയോഗിച്ച് ഡിജിറ്റൈസ് ചെയ്യുകയും ചെയ്യുന്നു. അതിനുശേഷം ഓപ്പറേഷൻ ടേബിളിനടുത്ത് വച്ചിട്ടുള്ള റോബോട്ടിക് ആംസ് അഥവാ, കൈകൾക്ക് വിവരങ്ങൾ കൈമാറുന്നു.

ഡാവിഞ്ചി റോബോട്ടിക് ആം സിസ്റ്റം ഒട്ടേറെ രീതികളിൽ സ്വതന്ത്രമായി തിരിയാൻ കഴിവുള്ളവയാണ്. മനുഷ്യരുടെ കൈകൾ, കൈമുട്ട്, കൈത്തണ്ട എന്നിവയ്ക്ക് സമാനമായി ചലനങ്ങൾ സാധ്യമാണ്. മൂന്നാമത്തേയും നാലാമത്തേയും റോബോട്ടിക് കൈകൾ സർജന്മാരുടെ നിർദേശത്തിന് അനുസരിച്ച് എൻഡോസ്കോപ് കൈകാര്യം ചെയ്യുന്നതിനും അവയവങ്ങൾ പുറത്തേക്ക്‌ എടുക്കുന്നതിനും സഹായിക്കും. മനുഷ്യസഹായികളുടെ ആവശ്യം ഒഴിവാക്കുന്നതിനും അവരേക്കാൾ മെച്ചമായി ഉപകാരപ്പെടുന്നതിനും സഹായിക്കുന്നവയാണ് റോബോട്ടിക് ക്യാമറ ആം. 

പരമ്പരാഗത രീതിയിലുള്ളതിനേക്കാൾ വളരെയധികം മടങ്ങ് വലുതായി കാണുന്നതിന് സഹായിക്കുമെന്നതിനാൽ സർജന്റെ കാഴ്ചപ്പാടിന് വ്യക്തതയുണ്ടാവുകയും ചെറിയ വസ്തുക്കളുടെ പോലും വിശദാംശങ്ങൾ അറിയാൻ സാധിക്കുകയും ചെയ്യും. ഉയർന്ന റെസല്യൂഷനിലുള്ള 3-ഡയമെൻഷണൽ മോണിറ്ററുകളാണ് ഇതിനു സഹായിക്കുന്നത്. 

പരമ്പരാഗത ശസ്ത്രക്രിയയും റോബോട്ടിക്സും തമ്മിലുള്ള പ്രധാന വ്യത്യാസം ‘കംപ്യൂട്ടർ ഇന്റർഫേസ്‌’ ആണ്. സർജിക്കൽ ഇന്റർഫേസിലെ ഹാൻഡ് കൺട്രോൾ ഉപയോഗിച്ച് സർജൻ നല്കുന്ന ചലനങ്ങൾക്ക് അനുസൃതമായി ഡിജിറ്റൽ രൂപത്തിലേക്ക്‌ മാറ്റാൻ സാധിക്കും. സാധാരണയായി വളരെ നീളമുള്ള തുറന്ന ഉപകരണങ്ങളോ നീളമേറിയ എൻഡോസ്കോപ്പിക് ഉപകരണങ്ങളോ ഉപയോഗിക്കുമ്പോൾ സർജന്റെ കൈകളുടെ ചെറിയൊരു വിറയൽ പോലും ഉപകരണത്തിന്റെ അഗ്രഭാഗത്ത് വളരെ വലുതായി അനുഭവപ്പെടും. എന്നാൽ, ദൈർഘ്യമേറിയ ഉപകരണങ്ങൾ ആണെങ്കിൽപ്പോലും കംപ്യൂട്ടറിന്റെ നിയന്ത്രണത്തോടെ ഉയർന്ന ആവൃത്തിയിലുള്ള ചലനങ്ങൾ കുറയ്ക്കുന്നതിനും കൃത്യതയോടെ ശസ്ത്രക്രിയ നടത്തുന്നതിനും സാധിക്കും.

കൈകളുടെ ചലനങ്ങൾ, അല്ലെങ്കിൽ വിറയൽ പരമാവധി ഇല്ലാതാക്കുന്നതിനും ഇരുകൈകളും ഉപയോഗിച്ച് ശസ്ത്രക്രിയ നടത്തുന്നതിനും ഇതുവഴി കഴിയും. റോബോട്ടിക് സംവിധാനത്തിൽ സ്വാഭാവികമായി കണ്ടുകൊണ്ട് ചെയ്യുന്നതിന് അപ്പുറം വിപുലമായി കാഴ്ചയ്ക്ക് സൗകര്യമുണ്ട്. പരമ്പരാഗത എൻഡോസ്കോപ്പി ശസ്ത്രക്രിയയിൽ ഉപയോഗിക്കുന്ന ‘മിറർ ഇമേജി’ൽ നിന്നു വളരെ വ്യത്യസ്തമാണിത്. ഏഴു തലത്തിൽ സ്വാഭാവികമായ കൈകളുടെ ചലനത്തിന് അനുസരിച്ചുള്ള നീക്കങ്ങളും ചലനങ്ങളും നടത്താൻ റോബോട്ടിക് സംവിധാനം സഹായിക്കും. കൈക്കുഴയുടെ സന്ധിയും ഉപകരണത്തിൽ സാധ്യമായതിനാൽ സ്വാഭാവികമായി രീതിയിലുള്ള കൃത്യത ലഭിക്കുന്നു.

 സാധാരണ പരമ്പരാഗത ലാപ്രോസ്കോപ്പിക് രീതികളിൽനിന്ന് വ്യത്യസ്തമായി ഉപയോഗിക്കുന്നവർക്ക് ക്ഷീണമുണ്ടാകാത്ത രീതിയിലുള്ള ആധുനിക പ്രവർത്തന രീതിയാണ് എടുത്തുപറയേണ്ട മറ്റൊരു കാര്യം. സർജന്മാരുടെ കഴുത്ത്, പുറംവേദന, പേശിവലിവ് എന്നിവ ഒഴിവാക്കി ഒരു കൺസോളിലെ കസേരയിൽ ഇരുന്ന് മോണിറ്ററിൽ നോക്കി നടത്താൻ കഴിയുന്നതാണ് റോബോട്ടിക് ശസ്ത്രക്രിയ.  

കുറച്ചു മാത്രമേ രക്തം നഷ്ടമാകൂ, സുഖം പ്രാപിക്കുന്നതിന് കുറഞ്ഞ കാലം മാത്രമേ ആവശ്യമുള്ളൂ, അധികകാലം ആശുപത്രിയിൽ കഴിയേണ്ടി വരില്ല എന്നീ മെച്ചങ്ങൾ റോബോട്ടിക് സംവിധാനത്തിനു വേണ്ട ഉയർന്ന ചെലവിനെ മറികടക്കുന്നവയാണ്.     ശസ്ത്രക്രിയ നടത്തുന്ന ഭാഗത്തേക്കുറിച്ച് കൂടുതൽ വ്യക്തത, കൂടുതൽ നൈപുണ്യത്തോടെ ശസ്ത്രക്രിയ ചെയ്യുന്നതിന് സാധിക്കും. തിരിച്ചറിയാത്ത രീതിയിലുള്ള, ഒരേപോലുള്ള തയ്യലുകൾ ഇടാൻ സാധിക്കുന്ന മൈക്രോ സ്യൂച്ചറിങ്‌ നടത്താം എന്നിവയും അധിക മെച്ചങ്ങളാണ്. 

വിവിധ സ്പെഷ്യാലിറ്റികളിൽ 
റോബോട്ടിക് ഉപയോഗം

യൂറോളജി പോലെ പരമ്പരാഗതമായി തുറന്ന ശസ്ത്രക്രിയ നടത്തിയിരുന്ന മേഖലകളിൽ റോബോട്ടിക് സർജറി ഏറെ ഉപയോഗത്തിലായിട്ടുണ്ട്. ഡാവിഞ്ചി സംവിധാനം ഇപ്പോൾ കൂടുതലായി ഗൈനക്കോളജിയിൽ ഉപയോഗിച്ചുവരുന്നു. പ്രോസ്ട്രാടെക്ടമി, നെഫ്രോടെക്ടമി, ഹിസ്റ്റീറെക്ടമി, കാർഡിയാൽ വാൽവിന്റെ കേടുകൾ പരിഹരിക്കുക, മറ്റു സങ്കീർണമായ ശസ്ത്രക്രിയകൾ എന്നിവയ്ക്ക് ഇന്ന് സാധാരണയായി റോബോട്ടിക് രീതി ഉപയോഗിക്കുന്നു.

റോബോട്ടിക്സിന്റെ ഭാവി

റോബോട്ടിക് പ്ലാറ്റ്‌ഫോം കൂടുതൽ മിനിയേച്ചർ രൂപത്തിലാക്കാനും കൂടുതൽ ചലനസാധ്യതയുള്ളതാക്കാനുമുള്ള ഗവേഷണങ്ങളാണ് ഇന്ന് നടക്കുന്നത്. കൂടുതൽ വഴക്കമുള്ള റോബോട്ടിക് പ്ലാറ്റ്‌ഫോമുകൾ കൂട്ടിച്ചേർക്കുക എന്നതാണ് മറ്റൊരു പ്രധാന മേഖല. കൺസോളിൽ ഇരുന്നുകൊണ്ടുതന്നെ സർജന്റെ കൈകൾക്ക് തുല്യമായ രീതിയിൽ കത്തീറ്റർ അഗ്രങ്ങളെ നിയന്ത്രിക്കാനും ചലിപ്പിക്കാനും കഴിയുന്നവയാണ് സാസെൻസി റോബോട്ടിക് കതീറ്ററുകൾ. മിനിയേച്ചറുകളുടെ ഉപയോഗവും റിമോട്ട് കൺട്രോൾ ഉപയോഗിച്ച് നിയന്ത്രിക്കാവുന്ന രീതിയിൽ സർജനേയും റോബോട്ടുകളെയും വേർതിരിക്കുന്നതും വഴി അടുത്ത തലമുറ റോബോട്ടുകൾ ‘ടെലി റോബോട്ടിക്സി’ന് വഴിതെളിച്ചേക്കാം. വിദൂരത്തുനിന്ന് ഉപയോഗിക്കാം എന്നതിന് അപ്പുറം ശരീരത്തിന്റെ ഉള്ളുകളിലേക്ക്‌ ഇറങ്ങിച്ചെല്ലാൻ ഇത് സഹായകമാകും.

 ഭാവിയിലെ സംവിധാനങ്ങളിൽ സ്പർശനേന്ദ്രിയങ്ങളുടേതിനു തുല്യമായ സംവിധാനങ്ങൾ, പ്രത്യേകിച്ച് ഉപകരണങ്ങൾ ഉപയോഗിക്കുന്നതിലൂടെ നഷ്ടമായ സ്പർശനം വീണ്ടെടുക്കുന്നതിന് കഴിയുമെന്നാണ് പ്രതീക്ഷ. ശസ്ത്രക്രിയാ മുറികളിലേക്ക്‌ കംപ്യൂട്ടറുകളെ ഉൾച്ചേർക്കാൻ കഴിഞ്ഞുവെന്നതാണ് റോബോട്ടിക് ശസ്ത്രക്രിയയുടെ മെച്ചം. സി.ടി. സ്കാനിങ്ങോടു കൂടിയ ഇൻട്രാഓപ്പറേറ്റീവ് ഇമേജിങ്‌, എം.ആർ.ഐ, ഇക്കോ കാർഡിയോഗ്രഫി, മറ്റു സാങ്കേതിക വിദ്യകൾ എന്നിവയെല്ലാം ടെലി മാനിപ്പുലേറ്റർ സംവിധാനത്തിലേക്ക്‌ ഉൾച്ചേർക്കാൻ കഴിയും. അതുവഴി സർജന്മാർക്ക് ശസ്ത്രക്രിയ നടത്തേണ്ട ഭാഗത്തിന്റെ വിശദാംശങ്ങൾ കാണാനും തത്സമയം 3-ഡയമൻഷണൽ അനാറ്റമിക്കൽ രൂപം മനസ്സിലാക്കുന്നതിനും സാധിക്കും. 

ചുരുക്കത്തിൽ, കൂടുതൽ വ്യക്തമായ കാഴ്ചപ്പാടും മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്നതിനും സർജന്മാർക്ക് തളർച്ചയുണ്ടാകാതിരിക്കുന്നതിനും പരമ്പരാഗത എൻഡോസ്കോപ്പിക്, തുറന്ന ശസ്ത്രക്രിയകളിൽ നിന്ന് വ്യത്യസ്തമായി കൂടുതൽ കൃത്യതയോടെ കാര്യങ്ങൾ നിർവഹിക്കുന്നതിനും റോബോട്ടിക് ശസ്ത്രക്രിയ ഉപകരിക്കും. ഇത് ക്ലിനിക്കൽ മൈക്രോ സർജറി, അവയവങ്ങൾ പുനർനിർമിക്കുന്ന സ്പെഷ്യാലിറ്റി എന്നിവയിൽ കൂടുതൽ വ്യാപകമായി ഉപയോഗിക്കാനാകും. 


ആസ്റ്റര്‍ മെഡ്‌സിറ്റി കണ്‍സള്‍ട്ടന്റ് യൂറോളജിസ്റ്റാണ് ലേഖകന്‍