ഒരു മഴ പെയ്തു തോർന്നിരിക്കുന്നു. മഴ പെയ്തശേഷം ഉള്ള അന്തരീക്ഷം എന്നും അവളെ മോഹിപ്പിക്കുന്നതായിരുന്നു. മനോവാതിലിലൂടെ പുറത്തേക്ക് നോക്കുമ്പോൾ ഓർമ്മകളുടെ ഒരു വേലിയേറ്റം.

അവളുടെ ജീവിതം എന്നും ഒരു സിനിമാക്കഥപോലെ. അച്ഛനും അമ്മയും അവളും അനിയനും അടങ്ങിയതായിരുന്നു കുടുംബം. വളരെ സന്തുഷ്ടമായ ഒരു കുടുംബം. എന്നാൽ ജീവിതത്തിൽ മാറ്റങ്ങൾ സംഭവിച്ചത് പെട്ടെന്നാണ്. അവളുടെ പിറന്നാളിന് കേക്ക് വാങ്ങാൻ പോയതായിരുന്നു അച്ഛൻ. ഒരു ബസിടിച്ച് മരിച്ചു. അന്നവൾക്ക് 8 വയസ്സ്. ഉണ്ണിക്ക്‌ 6 വയസ്സും. അവിടെനിന്ന് തുടങ്ങിയതാണ് ജീവിതത്തിലെ മാറ്റങ്ങൾ. സാമ്പത്തികമായി അത്ര കാര്യമായൊന്നും അവർക്കില്ലായിരുന്നു. അമ്മയ്ക്ക് തയ്യൽ അറിയാം. അതിൽനിന്ന് കിട്ടുന്ന വരുമാനംകൊണ്ട് അമ്മ കുട്ടികളെ പഠിപ്പിച്ചു. ഇരുവരും പഠിക്കാൻ അത്ര മോശമായിരുന്നില്ല.

വലിയ പ്രതീക്ഷയാണ്‌ അമ്മയ്ക്ക് കുട്ടികളിൽ. ഈ കഷ്ടപ്പാടുകൾ എന്നെങ്കിലും മാറും എന്ന് അമ്മയ്ക്ക് ഉറപ്പുണ്ടായിരുന്നു. നാളുകൾ കഴിഞ്ഞു. അവൾ ഡിഗ്രിക്ക് പഠിക്കുകയാണ്. ഉണ്ണി പ്ളസ്‌ടു പരീക്ഷ കഴിഞ്ഞ് പത്രം വില്പനപോലുള്ള ചെറിയ ജോലിക്ക് പോകുന്നു. നല്ല റിസൾട്ട് ഉണ്ടാകുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. അവനെ ഒരു പ്രൊഫഷണൽ കോഴ്‌സിന് വിടാനായിരുന്നു ആഗ്രഹം. ആ അവധിക്കാലത്ത് വീണ്ടും ഒരു ദുർഗതി അവരുടെ ജീവിതത്തിൽ കടന്നുവന്നു. രാവിലെ ഉണർന്ന് പത്രം ഇടാനായി ഇറങ്ങിയ ഉണ്ണിയുടെ കാലുകൾ വേച്ചുവേച്ചു പോകുന്നതുപോലെ. അവൻ അമ്മേ എന്ന് വിളിച്ച് വീടിനുമുമ്പിൽ വീണു. പിന്നെ കയറിയിറങ്ങാത്ത ആസ്‌പത്രികളില്ല. അച്ഛൻ മരിച്ചതുവഴി കിട്ടിയ തുകയെല്ലാം അങ്ങനെ ചെലവായി.

ആർക്കും രോഗം എന്താണെന്ന് കണ്ടെത്താനായില്ല. അവന്റെ രണ്ട് കാലിന്റെയും ചലനശേഷി നഷ്ടപ്പെട്ടു. കാരണമോ പരിഹാരമോ അറിയില്ല. അവനുമായി തിരിച്ച് വീട്ടിലേക്ക് പോന്നു. ഒന്നും മിണ്ടാതെ ഒരു വീൽചെയറിൽ ദിവസങ്ങളോളം ഇരുന്ന ഉണ്ണിയുടെ മുഖം അവൾക്കിപ്പോഴും ഓർമയുണ്ട്. ഒരു ദിവസം രാവിലെ അവന്റെ മുറിയിൽ ചായ കൊടുക്കാനായി ചെന്ന അവൾ കണ്ടത് കഴുത്തിലെ ഞരമ്പ് മുറിച്ച് എന്റെ ഉണ്ണി കിടക്കുന്നതാണ്.


 അവനൊരു ഭാരമാകുമെന്ന് തോന്നിയിട്ടാണോ അതോ, ഈ ജീവിതംകൊണ്ട് അർത്ഥമില്ലെന്ന് തോന്നിയിട്ടാണോ എന്നറിയില്ല അവനിത് ചെയ്തത്. എന്തായാലും അവളുടെ ഉണ്ണി പോയി. പ്രതീക്ഷകൾ വീണ്ടും തകർന്നു. കുറച്ച് നാളുകൾക്കുശേഷം, അവൾക്കൊരു നല്ല കല്യാണാലോചന വന്നു.സാമ്പത്തികമായി നല്ല ഉയർന്ന കുടുംബം. അവർ പൊന്നോ പണമോ ഒന്നും സ്ത്രീധനമായി ആവശ്യപ്പെട്ടില്ല. അവർക്ക് വേണ്ടത് ആ വീട്ടിലേക്ക്  ഒരു നല്ല മകളെ, ഭാര്യയെ, ഏടത്തിയെ ആയിരുന്നു. അങ്ങനെ അവളുടെയും ഒരു സ്വകാര്യ ബാങ്കിൽ ഉദ്യോഗസ്ഥനായിരുന്ന ദേവന്റെയും വിവാഹം കഴിഞ്ഞു.

കല്യാണം കഴിഞ്ഞ് 3-4 മാസമായിക്കാണും. വിധി വീണ്ടും ഒരു വില്ലനെപ്പോലെ വന്നു. കുറച്ചുനാളായി വല്ലാത്ത വയറുവേദനയും ഛർദ്ദിയും. ആസ്‌പത്രിയിൽ പോയി പല ടെസ്റ്റുകളും ചെയ്തു. രോഗനിർണയത്തിനായി ഓരോ നിമിഷം വൈകുന്തോറും നെഞ്ചിൽ തീയായിരുന്നു. ഏകദേശം ഒന്നുരണ്ടാഴ്ച കഴിഞ്ഞപ്പോൾ രോഗം കണ്ടുപിടിച്ചു. ഡോക്ടർ ആദ്യം ദേവേട്ടനെ റൂമിലേക്ക് വിളിപ്പിച്ചു കാര്യം പറഞ്ഞു. എന്നിട്ട് അവരിരുവരും അവളുടെ അടുക്കലേക്ക് വന്നു. കരഞ്ഞുകലങ്ങിയ മുഖവുമായി വന്ന ദേവേട്ടന്റെ മുഖം ഇപ്പോഴും അവളുടെ മനസ്സിലുണ്ട്. വയറ്റിൽ കാൻസർപോലൊരു മുഴ കാണുന്നുണ്ട്. അത് എത്രയും പെട്ടെന്ന് എടുത്തുമാറ്റണം-ഡോക്ടർ  പറഞ്ഞു. ചികിത്സ ഉടനെ ആരംഭിക്കണം. ഡോക്ടർ പറഞ്ഞ ഓരോ വാചകവും ഒരു ഇടിമിന്നൽ പോലെയാണ് തറച്ചത്. ആദ്യം  വിശ്വസിച്ചില്ല. റിസൾട്ട് തെറ്റിയതായിരിക്കും എന്ന് പറഞ്ഞുനോക്കി. പക്ഷേ, ആ വിധിനിർണയത്തിൽ മാറ്റമൊന്നും വന്നില്ല.

ദൈവം എന്തിനിത്ര ക്രൂരത കാട്ടുന്നുവെന്ന് ആലോചിച്ചുപോയി. മനസ്സ് മരവിച്ചപോലെയായി. ദേവേട്ടന്റെ കരുതലും പരിചരണവും അവൾക്ക് ആശ്വാസമേകി.ഓപ്പറേഷൻ കഴിഞ്ഞു. അടുത്തതായി കീമോ ചെയ്യണം എന്ന് പറഞ്ഞു. കീമോ മരുന്നുകൾ കാൻസർ കോശങ്ങളോട് മാത്രമല്ല, അവളുടെ ശരീരത്തോട് മുഴുവൻ ഒരു ശത്രുവിനെപോലെ പെരുമാറി. അവളുടെ രൂപം വികൃതമായതുപോലെ. മുടി കൊഴിഞ്ഞു. എല്ലും തോലുമായി  ശോഷിച്ചു. കണ്ണാടി നോക്കാൻ അവൾ ഭയപ്പെട്ടു. ഭക്ഷണം കഴിക്കണമെന്നുണ്ട്. പക്ഷേ, മണ്ണ് കഴിക്കുന്നതുപോലെ. അറിയാവുന്ന ഭക്ഷണത്തിനുപോലും രുചിയില്ല.

ദേവേട്ടനോട് പോലും ദേഷ്യപ്പെട്ടു. ഒരിക്കൽ അവൾ പറഞ്ഞു, എന്നെ ഉപേക്ഷിച്ച് എങ്ങോട്ടെങ്കിലും പൊയ്‌ക്കൊള്ളാൻ. എന്തിനിത്ര സഹിക്കണം. വെറും ചുരുങ്ങിയ കാലത്തെ ബന്ധം മാത്രം. എല്ലാം എളുപ്പം മറക്കാൻ കഴിയും. ദേവേട്ടന് ഒരു നല്ല പെൺകുട്ടിയെ കിട്ടും. ദേവേട്ടൻ മറുപടി തന്നതേയില്ല. ചിലപ്പോൾ മനഃപൂർവ്വം അദ്ദേഹവുമായി വഴക്കിട്ടു. പക്ഷേ, അവളുടെ എല്ലാ വാശികളും അദ്ദേഹം കണ്ടില്ലെന്ന് നടിച്ചു. അവളെ ഒരു മകളെ പോലെ നോക്കി.

അടുത്ത തവണ ഡോക്ടറെ കാണാൻ പോയപ്പോൾ  അല്പം സന്തോഷത്തിലായിരുന്നു. കാരണം ഡോക്ടർ പറഞ്ഞത്ര കീമോ മുഴുവനായി. പക്ഷേ, കാത്തിരുന്നത് മറ്റൊരു വാർത്തയായിരുന്നു. കീമോ കുറച്ചുകൂടി ചെയ്യേണ്ടിവരും.ഗർഭപാത്രത്തിലേക്ക് കൂടി കാൻസർ വ്യാപിച്ചിട്ടുള്ളതുപോലെ. അവൾ ആകെ തകർന്നുപോയി. അമ്മയുടെ പ്രായമുള്ള ആ ഡോക്ടറോട് അവൾ പറഞ്ഞു, എടുത്ത് കളഞ്ഞേക്കൂ ഡോക്ടർ എന്റെ ഗർഭപാത്രം കൂടി. എന്നിട്ട് പെട്ടെന്ന് മരിക്കാനുള്ള വല്ല മരുന്നുകൂടി എനിക്ക്‌ തരൂ. ഡോക്ടർ ഒന്നും മിണ്ടിയില്ല. അവളെയും കൂട്ടി അല്പം നടന്നു. എന്നിട്ട് ഒരു മുറിയിൽചെന്നു. അവിടെ ഏകദേശം 2 വയസ്സുള്ള കുട്ടിയും അവളുടെ അമ്മയും. ഡോക്ടറെ കണ്ടതും ആ അമ്മ പറഞ്ഞു, ഡോക്ടർ ഇന്ന് മോൾ ഒരു തവണ ചിരിച്ചു.

കാൻസർ രോഗികൾക്കു മാത്രമുള്ള ഒരു സ്‌പെഷ്യൽ ഹോസ്പിറ്റലായിരുന്നു. അതുകൊണ്ടുതന്നെ അവിടെയുള്ള രോഗികളെല്ലാം അത്തരം പേഷ്യൻസ് ആണെന്ന് അറിയാമായിരുന്നു. പക്ഷേ, ഇത്ര ചെറുപ്പത്തിലേ കാൻസർ എനിക്ക് ആ അമ്മയുടെ മുഖം കണ്ടുനിൽക്കാനായില്ല. ആ മുറിയിൽ നിന്നിറങ്ങിയ ശേഷം ഡോക്ടർ പറഞ്ഞു-അവൾ ആത്മിക. 2 വയസ്സ്. അവളുടെ ഈ ജന്മദിനത്തിൽ തന്നെയാണ് അവളുടെ ഓപ്പറേഷൻ നിശ്ചയിച്ചിരിക്കുന്നത്.

ഡോക്ടർ മറ്റൊരു മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ ഏകദേശം പതിനാല് വയസ്സ് തോന്നിക്കുന്ന പെൺകുട്ടി- സൂര്യ.  അവൾ എണീറ്റിരിക്കാൻ ശ്രമിച്ചു. എന്നിട്ട് ഡോക്ടറുമായി കുറേ കലപിലാന്ന് സംസാരിച്ചു. കുറച്ച് കഴിഞ്ഞ് അവളെ നോക്കി ചോദിച്ചു, ഈ ചേച്ചിക്കും എന്നെപ്പോലെ കാൻസറാണോ ഡോക്ടർ ആന്റി. ഡോക്ടർ അതെ എന്ന് മൂളി. അവൾ പറഞ്ഞു- പേടിക്കണ്ട ചേച്ചി. ഈ ഡോക്ടർ ആന്റി നല്ലതാ. നമ്മുടെ അസുഖം ഒക്കെ മാറ്റും. എന്നിട്ട്‌ എനിക്ക് പഠിച്ച് ഇതുപോലൊരു ഡോക്ടറാകണം. ആ വാക്കുകൾ വല്ലാത്ത ഒരു ധൈര്യമാണവൾക്ക് തന്നത്. 14 വയസ്സുള്ള ആ കുട്ടിയുടെ പ്രതീക്ഷകൾ, ആത്മധൈര്യം. ഇതെല്ലാം കിട്ടുന്നപോലെ തോന്നി. ഡോക്ടർ എന്തിന് അവിടേയ്ക്ക് കൊണ്ടുവന്നുവെന്നു മനസ്സിലായി.

അവൾ വീണ്ടും കീമോ ചെയ്തു. ദേവേട്ടനോട് വഴക്കടിച്ചില്ല. യോഗ, മെഡിറ്റേഷൻ ഒക്കെ ചെയ്തു. മനസ്സിന് ഒരു പ്രത്യേക ധൈര്യം കൊണ്ടുവരാൻ നോക്കി. പുസ്തകങ്ങൾ വായിച്ചു. എങ്ങനെ കാൻസറിനെ ധൈര്യപൂർവ്വം നേരിടാമെന്ന് മനസ്സിലാക്കി. ദേവേട്ടന്റെയും വീട്ടുകാരുടെയും പിന്തുണ, സ്‌നേഹം, കൂടാതെ സൂര്യ തന്ന ധൈര്യം-ഇതാണ് അവളെ കാൻസറിനെ തോല്പിക്കാൻ സഹായിച്ചത്.

ഇന്ന് വർഷം ഏഴ്‌ കഴിഞ്ഞിരിക്കുന്നു. ഈ ജാലകത്തിന് വെളിയിലെ കാഴ്ചകൾ കണ്ടുകൊണ്ട് അവളുടെ മടിയിൽ ഒരാൾ കൂടിയുണ്ട്-അവരുടെ മകൾ. അവളുടെ ജീവിതം ഇപ്പോൾ സുന്ദരമാണ്. അടുത്തുള്ള പെയിൻ ആൻഡ്‌ പാലിയേറ്റീവ് സെന്ററിൽ വൊളന്റിയറായി സേവനവും ചെയ്യുന്നുണ്ട്. ജീവിതത്തിലെ വെല്ലുവിളികളെ നേരിടാൻ അവളിന്ന്‌ പ്രാപ്തയാണ്.കാൻസർ ഒരിക്കലും ഒരു ജീവിതത്തിന്റെയും അവസാന വാക്കല്ല എന്ന് തിരിച്ചറിയുന്നു. ആത്മധൈര്യം ഉണ്ടെങ്കിൽ നമുക്ക് തിരിച്ചുപിടിക്കാം നമ്മുടെ ജീവിതത്തെ.

കഥാപാത്രങ്ങള്‍ സാങ്കല്പികമാണെങ്കിലും കഥ യഥാര്‍ത്ഥമാണ്. (മുന്‍ നഴ്സിങ് വിദ്യാര്‍ഥിനിയും, തൃശ്ശൂര്‍ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് ക്ലിനിക് അംഗവുമാണ് ലേഖിക)